അവനെ ക്രൂശിക്കുക .🎚

Biju Abraham Atlanta.


ന്യായാധിപനായ പീലാത്തോസിന്റെ മുൻപിൽ അനിയന്ത്രിതമായ , രോഷാകുലരായ പരുഷാരം . അവർക്ക് വേണ്ടത്‌ യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത യേശുവിന്റെ രക്തം .യേശുവിനെ വെറുതെ വിടുവാൻ ഉള്ളിൽ താത്പര്യം ഉണ്ടെങ്കിലും ജനത്തിന്റെ അനിഷ്ടത്തെ ഏറെ ഭയപ്പെടുന്ന ന്യായാധിപൻ . ജനത്തിന്റെ ആക്രോശം മുഴങ്ങി കേട്ടു . അവനെ ക്രൂശിക്കുക . എന്താണ് അവൻ ചെയ്ത കുറ്റം . പാവങ്ങൾക്ക് ഭക്ഷണം നല്കിയതോ ? സംവത്സരങ്ങൾ സൗഖ്യമില്ലാതിരുന്ന രോഗിണിക്ക് സൗഖ്യത്തെ നല്കിയതോ ? കുരുടർക്ക് കാഴ്ച്ച നല്കിയതോ ? മരിച്ചു നാറ്റം വച്ചവനെ ഉയർപ്പിച്ചതോ ? ജീവിതത്തിൽ തകർന്നവർക്ക് നിത്യ ജീവന്റെ മൊഴികൾ ഉപദേശിച്ചുകൊടുത്തതോ ? എന്തായിരുന്നു അവന്റെ കുറ്റം . സർവവും പരിശോധിച്ച പീലാത്തോസ് വിളിച്ചു പറഞ്ഞു . ഞാൻ ഇവനിൽ ഒരു കുറ്റവും കാണുന്നില്ല . അപ്പോഴും ജനം ആർത്തു വിളിച്ചു അവനെ ക്രൂശിക്കുക .
ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല . കൈകഴുകി മാറുന്ന ന്യായാധിപതി . പാവം അയാൾ അറിയുന്നുണ്ടോ ഒരുനാൾ ലോകത്തെ ന്യായം വിധിക്കേണ്ട നീതിയുള്ള ന്യായാധിപധിയെ ആണ് താൻ അനീതിക്ക് വിട്ടു കൊടുക്കുന്നതെന്ന് , അവന്റെ മുൻപിൽ സകല മുഴംകാലുകളും മടങ്ങേണ്ടി വരും എന്ന് . അവന്റെ രക്തം ഞങളുടെ മേൽ വരട്ടെ എന്ന് ആർത്തു വിളിച്ച യഹൂദൻ അക്ഷരാർത്ഥത്തിൽ അതനുഭവിച്ചു . ഹിറ്റ്ലറുടെ കൊടും ക്രൂരതയിൽ തെരുവീഥികളിൽ യഹൂദന്റെ ചോര ചാലുകൾ ഒഴുകി . അവനെ ക്രൂശിക്കുവാൻ മുൻപിൽ നിന്ന് ആക്രോശം മുഴക്കിയ മതമേധാവികളും , പുരോഹിത പ്രമാണികളും , പരീശന്മാരും , സദൂക്യരും , എല്ലാം മരിച്ചു മണ്മറഞ്ഞു . എന്നാൽ യേശു മരണത്തെ ജയിച്ചു , കല്ലറയെ തുറന്ന് പുറത്തു വന്നു . സ്വർഗ്ഗ സ്ഥലങ്ങളിലേക്ക് കയറിപ്പോയി . അവൻ നീതി ഉള്ള ന്യായാധിപതി ആയി മടങ്ങി വരുന്നു . എന്നാൽ ഇന്നും അവനെ ക്രൂശിക്കുക എന്ന ആ ആക്രോശം പലയിടത്തും മുഴങ്ങുന്നു . യേശുവില്ലാത്ത ഭവനങ്ങളിൽ , യേശുവില്ലാത്ത കൂടിവരവുകളിൽ , യേശുവിനെ മനസ്സിലാക്കാത്ത വ്യക്തി ജീവിതങ്ങളിൽ അവർ അറിഞ്ഞോ അറിയാതെയോ ആ ശബ്ദം മുഴങ്ങുന്നു .അവന്റെ വാക്കുകളെ ചെവികൊള്ളാതെ നാം അനീതിയിലേക്ക് തിരിയുമ്പോൾ നാം ചെയ്യുന്നത് എന്തെന്ന് അറിയാതെ നമ്മൾ നമ്മുടെ പ്രവർത്തിയിൽ ക്കൂടി വിളിച്ചു പറയുന്നു ” അവനെ ക്രൂശിക്കുക ” എന്ന് . നമ്മുടെ ജീവിതത്തെ വിലയിരുത്തി അവന് ഹിതമായത് മാത്രം ചെയ്യുക . കാരണം അവൻ നീതിമാനാണ് . അവൻ നീതിയോടെ ന്യായം വിധിപ്പാൻ മടങ്ങി വരുന്നു . അനീതിയായതൊന്നും ചെയ്യാതെ അവന്റെ വരവിനായി ഒരുങ്ങി നിൽക്കാം . ദൈവം സഹായിക്കട്ടെ .

Leave a comment