ആരാണിവൻ ❓


Biju Abraham Atlanta.

ആരെയും പിടിച്ചിരുത്തുന്ന ആ ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചുയർന്നു . ” എന്നെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നവൻ എല്ലാം തന്നത്താൻ ത്യജിച് തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ “
മാസ്മരിക പ്രഭാവമുള്ള ആ ചെറുപ്പക്കാരന്റെ വാക്കുകൾ അവരിൽ തുളഞ്ഞു കയറി . വള്ളവും , വലയും വലിച്ചെറിഞ്ഞ മുക്കുവർ , ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ എല്ലാം അവനെ അനുഗമിച്ചു . ആ ഇമ്പമാർന്ന വാക്കുകൾ കേൾക്കുവാൻ , അവന്റെ പ്രവർത്തികൾ കാണുവാൻ . ആരാണിവൻ ?
പലരും ചോദിച്ചു . ഇവൻ ആര് ? …….. പല മറുപടികളും ഉയർന്നു ” ഇവൻ നസ്രേത്തുകാരനായ തച്ചൻ ജോസഫിന്റെയും മറിയയുടെയും പുത്രനല്ലയോ ? ഇവൻ എങ്ങനെ വൻകാര്യങ്ങൾ വിളിച്ചു പറയുന്നു ?
പുരോഹിത വർഗം വിസ്മയിച്ചു .ഇവൻ എങ്ങനെ അത്ഭുതങ്ങൾ ചെയ്യുന്നു . ഭുതങ്ങളുടെ തലവനാണോ ഇവന്റെ സഹായം .? “ദൈവ രാജ്യം സമീപിച്ചിരിക്കുന്നു” . ഇവൻ ഏത്‌ രാജ്യമാണ് സ്ഥാപിക്കുന്നത് . രാജാക്കന്മാർ ചഞ്ചലചിത്തരായി , അവരുടെ ഉറക്കം കെടുത്തുന്ന തീവ്രമായ വാക്കുകൾ യെരുശലേം തെരുവീഥികളിൽ മുഴങ്ങി ” എന്റെ രാജ്യം ഐഹീകമല്ല .” ദൈവീക ന്യായപ്രമാണങ്ങൾ ഉയരേണ്ട ദൈവാലയത്തിൽ കച്ചവടത്തിന്റെ ആരാവാരങ്ങൾ ഉയർന്നപ്പോൾ , ആ ശബ്ദം ഉയർന്നു ” എന്റെ ആലയം കള്ളന്മാരുടെ ഗുഹയൊ? ഇവന്റെ ആലയമോ ? ഇവൻ ആര് , മഹാപുരോഹിതന്മാരും , ന്യായ ശാസ്ത്രിമാരും സദൂക്യരും പരീശന്മാരും അരിശം പൂണ്ടു .
പക്ഷെ യതൊന്നിനും അവനെ തടയുവാൻ കഴിഞ്ഞില്ല . അവൻ തന്റെ യാത്ര തുടർന്നു .നിശ്ചയ ദാർഢ്യമുള്ള , ലക്ഷ്യ ബോധമുള്ള ഒരു യാത്ര . ‘ആ യാത്രയുടെ അവസാനം ആരംഭത്തിലേ കണ്ടത് അവൻ മാത്രം ‘. വലിയ ആൾകൂട്ടം അവനെ അനുഗമിച്ചു . അവർക്ക് വേണ്ടിയിരുന്നത് രോഗ സൗഖ്യവും , അവന്റെ മാസ്മരിക സാമീപ്യവും ആയിരുന്നു .
താൻ എന്തിന് വന്നു എന്ന് നിശ്ചയമുള്ള
അവൻ തന്റെ യാത്രയൂടെ കാഠിന്യമേറിയ വഴിത്താരയിലേക്ക് കടന്നു . ആൾകൂട്ടം ചിതറി മാറി . അവന്റെ അപ്പം ഭക്ഷിച്ചവർ , അത്ഭുതം കണ്ടവർ , എന്തെ എല്ലാവരും ഓടിമാറി . മരിച്ചവരെപോലും ഉയർപ്പിച്ചവൻ അവനെന്ന കാര്യം അവർ മറന്നുപോയോ . വീണും , എഴുന്നേറ്റും , പടയാളികളുടെ ക്രൂര ദണ്ഡനമേറ്റു അല്പപ്രാണനായി വേച്ചു വീണ ആ മനുഷ്യ സ്നേഹിയുടെ ക്രൂശ് ഒന്ന് താങ്ങി പിടിക്കുവാൻ ആരും സ്വയമേവ മുന്പോട്ടുവന്നില്ല . ഇവന്റെ ലക്ഷ്യ പൂർത്തീകരണത്തിന് ഇത്രയും വില നൽകണമോ ? ദൂരെനിന്ന് ഈ കാഴ്ച കണ്ടവരുടെ ആത്മഗതം . അപ്പോഴും അവിടെ മുഴങ്ങിയ ആ ശബ്ദം ” യെരുശലേം പുത്രിമാരെ നിങ്ങൾ എന്നെ ചൊല്ലി കരയേണ്ട , നിങ്ങളെയും നിങ്ങളുടെ മക്കളെ ചൊല്ലിയും കരയുവിൻ . ആരാണിവൻ ? അവസാനം അവൻ ക്രൂശിൽ തന്റെ ജീവൻ വെടിയുന്നതിന് മുൻപ് ലോകത്തോട് വിളിച്ചു പറഞ്ഞു ” സകലവും നിവൃത്തിയായി ” ആരാണിവൻ ?ലോകം ആപ്പോഴും ചോദിച്ചു . ആ ചോദ്യം ഇന്നും ഉയർന്നു കൊണ്ടേയിരിക്കുന്നു . ആരാണിവൻ ? എനിക്കും നിനക്കും ആരാണിവൻ ? ഇപ്പോഴും ആ ശബ്ദം മുഴങ്ങി കേൾക്കുന്നു ” എന്നെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നവൻ എല്ലാം തൻറെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ .ക്രൂശിന്റെ പാത കഠിനവും അതിന്റെ അവസാനം വിജയവും .

Leave a comment