Biju Abraham Atlanta.
കഴിഞ്ഞ ഒരു ദിവസം എന്റെ സഹപ്രവർത്തകൻ ആയ ഒരു അമേരിക്കൻ വംശജനോട് ദൈവവചനം ഷെയർ ചെയ്തപ്പോൾ , അദ്ദേഹം ചോദിച്ച ചോദ്യം ആണിത് . എത്രയോ വര്ഷങ്ങളായി കേൾക്കുന്നു യേശു ഇപ്പോൾ വരും എന്ന് , എന്നിട്ട് എന്താ വരാത്തത് ?
ഞാൻ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു ” നല്ലതിന് വേണ്ടി ആഗ്രഹിക്കുന്ന താങ്കളുടെ അക്ഷമയും ,നിരാശയും ആണ് ഇവിടെ സംഭവിക്കുന്നത് .” ഇത് പല ക്രിസ്ത്യാനികളെയും വിശ്വാസത്തിൽ നിന്നുപോലും അകറ്റിക്കളയുന്നു .
ഒരു കുഞ്ഞിന്റെ മനോഹരമായ മുഖം കാണുവാൻ കൊതിക്കുന്ന , അതിനെ തന്റെ വയറ്റിൽ ചുമക്കുന്ന മാതാവിന് കഴിഞ്ഞു പോകുന്ന ദിവസങ്ങൾ ഒരു പക്ഷെ വളരെ ദീർഘമുള്ളതായി തോന്നും . എന്നാൽ അവൾ ആ ഭാരം വഹിക്കുന്നത് ഒരു ദിവസം താൻ ആ കുഞ്ഞിന്റെ മനോഹര രൂപം കാണും എന്ന വിശ്വാസമാണ് . ആ സുദിനത്തിനായി അവൾ ക്ഷമയോടെ കാത്തിരിക്കും . എന്തുകൊണ്ട് നമ്മുടെ പ്രത്യാശാ പുരുഷനെ , വരവേൽക്കുവാൻ നമുക്ക് വിശ്വസത്തോടെ കാത്തിരുന്നുകൂടാ ?
ഈ ലോകം ഇപ്പോൾ ആ ഈറ്റുനോവിന്റെ ആരംഭത്തിൽ ആയി കഴിഞ്ഞു . വിശുദ്ധ ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങൾ മുഴുവൻ അക്ഷരം പ്രതി നിറവേറുന്നു . രാജ്യം രാജ്യങ്ങളോട് എതിർക്കുന്നു . ഭൂകമ്പങ്ങളും , യുദ്ധശ്രുതികളും , മഹാമാരികളും , വെട്ടുകിളികളും നമ്മുടെ കണ്ണിനു മുൻപിൽ നൃത്തം വെയ്ക്കുന്നു . സത്യമായും ഇതെല്ലാം ആ ഈറ്റുനോവിന്റെ ആരംഭമല്ലേ ?
പക്ഷെ ഇതെല്ലാം കാണുമ്പോഴും ബഹു ഭൂരിപക്ഷവും ഇതെല്ലാം വെറുതെ സംഭവിക്കുന്നതാണെന്ന് ചിന്തിച്ചുകൊണ്ട് ലഭിക്കുന്ന നിർണായക നിമിഷങ്ങൾ നിഷ്‌ഫലമാകുന്നു . “വരുവാനുള്ളവൻ വരും താമസിക്കയില്ല ” വിശ്വാസത്തോടെ അവനായി കാത്തിരിക്കാം . ദൈവാനുഗ്രഹ ആശംസകൾ .