എന്തുകൊണ്ട് ദൈവപൈതൽ കഷ്ട്ടത അനുഭവിക്കുന്നു❓.

Biju Abraham Atlanta .

ദൈവം സ്നേഹവാനല്ലേ ? പിന്നെ എന്തു കൊണ്ട് താൻ സ്നേഹിക്കുന്ന ജനം കഷ്ടപ്പെടുന്നു .ചോദ്യങ്ങൾ കഷ്ടത അനുഭവിക്കുന്നവരുടേതും , തികച്ചും ന്യായമായതും ആണ് . തന്റെ സ്വന്തമായതിനെ അവൻ കഷ്ട്ടപെടുത്തുമോ ? നീ എന്തിന് മനുഷ്യനെ കഷ്ട്ടപാടിലേക്ക്കൈപിടിച്ചിറക്കി .
വിശുദ്ധ ബൈബിൾ എങ്ങനെ മറുപടി നൽകും ? ആദിമ മനുഷ്യനെ സ്വന്തം സാദൃശ്യത്തിൽ തേജസ് അണിയിച് സമൃദ്ധിയുടെ ഭൂമിയിലേക്ക് അവൻ ആനയിച്ചു . അവിടെ എല്ലാം സന്തോഷഭരിതം .ദുഃഖ , ദുരിതങ്ങൾ എന്ന പദങ്ങളും അവർക്ക്‌ അന്യം . പാറിനടക്കുന്ന പക്ഷിജാലങ്ങളുടെ ശബ്ദവീചികൾ അവരെ വിസ്മയിപ്പിക്കുന്ന സംഗീത വിരുന്നൊരുക്കിയിരിക്കാം . നീലിമയാർന്ന ആകാശത്തിന്റെ ചുറ്റി മിന്നുന്ന തേജസ്സ് അവരെ വിസ്മയിപ്പിച്ചിരിക്കാം . അതിർത്തി ബന്ധിതമായ സമുദ്രത്തിന്റെ ഇരമ്പൽ അവരെ കോരിത്തരിപ്പിച്ചിരിക്കാം . എവിടെയും വിടർന്നുനിൽക്കുന്ന പൂക്കൾ മാസ്മരിക സൗന്ദര്യവും , സൗരഭ്യവും പുറപ്പെടുവിച്ചിരിക്കാം .ഉദിച്ചുയരുന്ന ഉദയഭാനുവിന്റെ പ്രകാശവീചികൾ അവരെ ത്രസിപ്പിച്ചിരിക്കാം . ഇതിൽ എല്ലാം ഉപരി തേജസ് ചുറ്റി മിന്നുന്ന സർവശക്തന്റെ നിരന്തര സാമീപ്യം അവർക്ക് എല്ലാം ആയിരുന്നിരിക്കാം .
പിന്നെ എന്താണ് സംഭവിച്ചത് ? സ്നേഹിക്കുന്ന ദൈവത്തിനും , സ്നേഹം അർഹിക്കുന്ന മനുഷ്യനും മദ്ധ്യേ കടന്നുവന്ന ക്ഷണിക്കപ്പെടാത്ത അതിഥിയായ “പാപം”എന്ന കൊടുംഭീകരൻ “സംതുലിതമായിരുന്ന സകല വ്യവസ്ഥകളെയും തകിടം മറിച്ചു . സ്നേഹത്തിനു വ്യവസ്ഥകളുണ്ടോ ? ഒരർത്ഥത്തിൽ തീർച്ചയായും ഉണ്ട് . വ്യവസ്ഥകളോടെയാണ് സ്നേഹിക്കുന്ന ദൈവം മനുഷ്യനെ ഭൂമിയിൽ ആക്കിയത് . ദൈവം സ്നേഹവാനും അതെ സമയം നീതിമാനും ആണ് . ” അനീതി ചെയ്യുവാൻ അവൻ മനുഷ്യൻ അല്ല “. സ്വന്തമായി എന്തും തിരഞ്ഞെടുക്കുവാനുള്ള സ്വതന്ത്ര മനസാക്ഷി അവന് നല്കപ്പെട്ടിരുന്നു . എന്നാൽ അവൻ വ്യവസ്ഥ തട്ടിമാറ്റി പാപത്തെ ആലിംഗനം ചെയ്തു . അവിടെ തേജസ്സ് മങ്ങി . പാട്ടുപാടിയിരുന്ന കിളികളുടെ സുന്ദര നാദം അവന് അരോചകമായ ചിലമ്പൽ ആയി തോന്നി . ഇരമ്പി മറിയുന്ന സമുദ്രത്തിന് പേടിപ്പെടുത്തുന്ന സ്വരം . വിൺ മേഘങ്ങൾക് കരിനിഴൽ വീഴ്ത്തി കാർമേഘങ്ങൾ ചുറ്റി പടരുന്നു . വീശി അടിക്കുന്ന കൊടും കാറ്റിൽ ഭയചകിതനാകുന്ന മനുഷ്യൻ . വിറളി പിടിപ്പിക്കുന്ന വന്യഗർജനങ്ങൾ . എവിടെയും കഷ്ട്ടതയുടെ സ്വരങ്ങൾ മാത്രം . എന്നാൽ മനുഷ്യന് പ്രത്യാശയുടെ തിരിനാളമായി കാൽവരി കുരിശ് ഉയർന്നു . ദൈവപുത്രൻ നിരപ്പിന്റെ യാഗമായി കാൽവരിയിൽ കത്തിയമർന്നു . സമ്പൂർണ യാഗം . ഇനിയും അവനെ ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് പാപങ്ങളെ ഏറ്റു പറയുന്നവർക്ക് നിത്യജീവനും , നിത്യാരാജ്യവും ദാനമായി ലഭിക്കും . കഷ്ടത ഇല്ലാത്ത ഒരു നാട് . മരണം ഇല്ലാത്ത ഒരു നാട് . അതാവണം ദൈവപൈതലിന്റെ ജീവിപ്പിക്കുന്ന പ്രത്യാശ .
എന്നാൽ പാപത്തിൽ അകപ്പെട്ട ഈ ഭൂമിയുടെ ഗദ്ഗദങ്ങൾ തീരുന്നത് അതിന്റെ സമ്പൂർണ വീണ്ടെടുപ്പിൽ മാത്രമേയുള്ളു . അതുവരെയും ഇവിടെ കഷ്ട്ടതയും , പ്രയാസങ്ങളും ഉണ്ടായിരിക്കും . എല്ലാവരും കഷ്ട്ടപെടും . എന്നാൽ അതിൽകൂടി കടന്നുപോകുന്ന ദൈവപൈതലിന് അവനെ മുൻപോട്ടു പോകുവാൻ പ്രേരിപ്പിക്കുന്ന ഒരു പ്രേരക ശക്തിയായി “പ്രത്യാശ “വെളിപ്പെടുന്നു . അപ്പോൾ അവൻ കേൾക്കുന്ന ഒരു സ്നേഹ ശബ്ദമുണ്ട് ” എന്റെ കൃപ നിനക്ക് മതി . എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു .”
ദൈവം തന്റെ മക്കൾക്കായി ഒരു നിത്യ രാജ്യം ഒരുക്കുന്നു . അവിടെ പരിവേദനകളില്ല , മരണം ഇല്ല . അങ്ങനെ നമ്മുടെ സങ്കേതമായി വെളിപ്പെട്ടുവരുന്ന നിത്യ രാജ്യത്തിൽ കാണപെടുവാൻ ദൈവം ഏവർക്കും സഹായിക്കട്ടെ .

Leave a comment