Biju Abraham Atlanta .
ഈ വാക്കുകൾ എന്റെ പിതാവ് തന്റെ ഒരു പ്രസംഗത്തിൽ പറഞ്ഞതാണ് . ദൈവ പ്രതിയോഗിയെ ആട്ടി അകറ്റാൻ മാനുഷിക ശക്തികൾ തികച്ചും അപര്യാപ്‌തമാണ് എന്നർത്ഥം . എത്രയോ സത്യമായ , ചിന്തനീയമായ വാക്കുകൾ . സകല ജനത്തിനും ഉണ്ടാകേണ്ട സദ് വാർത്ത ഘോഷിക്കേണ്ട സുവിശേഷകർ , പലരും താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി , സത്യം മറച്ചുവെച്ചുകൊണ്ട് അനുഗ്രഹ സമൃദ്ധിയാണ് ക്രിസ്തീയതയുടെ മുഖമുദ്ര എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് സാമൂഹ്യ വേദികളിൽ പരിഹാസ്യരാകുന്നു . ദൈവത്തിന് യാതൊരു മഹത്വവും ഉണ്ടാകുന്നില്ല .
യേശു ക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ താൻ ആ കാലഘട്ടത്തിലെ മുഴുവൻ രോഗികളെയും സുഖപ്പെടുത്തിയില്ല . ദൈവത്താൽ എല്ലാം സാധ്യമാണ് എന്ന് കാണിക്കുവാൻ താൻ അത്ഭുതങ്ങൾ ചെയ്തു . തന്റെ ആത്യന്തിക ലക്‌ഷ്യം മാനവരാശിയുടെ വീണ്ടെടുപ്പായിരുന്നു .നിലനിൽക്കുന്ന , പാപരഹിതമായ , രോഗരഹിതമായ , വരുവാനുള്ള ദൈവ രാജ്യം വെളിപ്പെടുത്തി , നിത്യമായി നിലനിൽക്കുന്ന രാജ്യത്തിലെക്ക് ജനത്തെ വഴി നടത്തുവാനാണ് താൻ യത്നിച്ചത് . ഈ ക്ഷണിക ലോകത്തിലെ നിലനിൽക്കാത്ത രോഗ സൗഖ്യമോ , മരണത്തിനധീനമായ മനുഷ്യ ശരീരത്തിന്റെ ഉയിർപ്പുപോലും താൽക്കാലികം എന്നറിഞ്ഞ യേശു നാഥൻ തന്റെ ജനത്തിന്റെ കഷ്ടത കണ്ട് കണ്ണുനീർ പൊഴിച്ചു . അതാണ് യേശുവിന്റെ സ്നേഹിതനായിരുന്ന ലാസറിന്റെ കല്ലറക്കൽ യേശു കരഞ്ഞതിന്റെ അർഥം . അടുത്തനിമിഷം ലാസർ തന്റെ കൈകളാൽ ഉയിർക്കപ്പെടും . എന്നിട്ടും യേശുനാഥൻ കരഞ്ഞത് മനുഷ്യലോകം കടന്നുപോകുന്ന പാപം നിറഞ്ഞ ഈ ഭൂമിയിലെ കഷ്ട്ടപ്പാടുകൾ ഓർത്തിട്ടാണ് . താൻ ഉയിർപ്പിക്കുന്ന ലാസർ വീണ്ടും മരിക്കും എന്നും ഉയർപ്പിക്കപ്പെട്ട ആ ശരീരത്തിൽ ജരാനരകൾ , രോഗങ്ങൾ എന്നിവ വന്നുചേരും എന്നറിഞ്ഞ യേശു ഈ ഭൂമിയിലേക്ക് വന്നത് മനുഷ്യവർഗ്ഗത്തിന്റെ ആത്യന്തിക വിമോചനത്തിന് വേണ്ടിയാണ് .പ്രാർത്ഥനകളിൽ സൗഖ്യം സംഭവിക്കാം , സംഭവിക്കാതിരിക്കാം . എന്നാൽ ആത്യന്തികമായി നിലനിൽക്കുന്ന നിത്യ ജീവിതത്തിനായ് ജീവിക്കണം എന്നാണ് വിശുദ്ധ ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നത് .ആ രാജ്യത്തിൽ ദുഃഖങ്ങളില്ല , രോഗങ്ങളില്ല , പകർച്ചവ്യാധികളില്ല . താൽക്കാലികമായി ലഭിക്കുന്ന രോഗസൗഖ്യമോ , എന്തും അല്ല മറിച്ചു് നിത്യജീവനിൽ കടക്കുക എന്നതാണ് പ്രധാനം . ഇന്ന് സമൃദ്ധിയുടെ സുവിശേഷം പ്രസംഗിക്കപ്പെടുന്നവരാൽ ചതിക്കപ്പെടുന്നവർ അനേകരാണ് . സത്യം പ്രചരിപ്പിക്കപ്പെടട്ടെ . സത്യത്തിന് ചെവി കൊടുക്കുക . ആത്മ്മാവിന്റെ രക്ഷയാണ് പ്രധാനം . കാത്തിരിക്കുന്നവർ മാത്രം ചേർക്കപ്പെടും .John 16:33.