പരിപൂർണ്ണ യാഗം 🐏

Biju Abraham Atlanta.

തങ്ങളുടെ പാപ വിമോചനത്തിനായി പഴയനിയമ പ്രമാണങ്ങൾ പാലിക്കുവാൻ മനുഷ്യർ നന്നേ പ്രയാസപ്പെട്ടു . തങ്ങളുടെ അകൃത്യങ്ങൾക്ക് പകരമായി ആട്ടുകൊറ്റന്മാരും നിഷ്കളങ്കരായ കുറുപ്രാവുകളും രക്തം ചൊരിഞ്ഞു യാഗമായി . ചാക്രികമായ ഈ തനിയായവർത്തനത്തിന് അന്ത്യം കുറിച്ച് മാനവരാശിയുടെ പാപം അഖിലവും വഹിച്ചു കൊണ്ട് , ദൈവകുഞ്ഞാട്‌ ഇതാ കാൽവരി മല കയറുന്നു . “അപ്പാ യാഗത്തിനുള്ള മൃഗം എവിടെ “എന്ന ചോദ്യം ഉയരുന്നില്ല . താൻതന്നെ ആണ് യാഗവസ്തു എന്ന് അറിഞ്ഞുകൊണ്ട് ഒരു കുഞ്ഞാടിനെപ്പോലെ ദൈവപുത്രൻ ഇതാ ക്രൂശിനായി തന്നെ ഏൽപ്പിച്ചു കൊടുക്കുന്നു .
ഭൂമിയിൽ അന്നോളം നടന്നിട്ടുള്ള സകല യാഗങ്ങളുടെയും സംപൂർത്തിയായി ദൈവപുത്രനായ യേശു മാനവരാശിയുടെ പാപ വിമോചനത്തിനായി തന്നെ ഏൽപ്പിച്ചു കൊടുക്കുന്നു . ഇനിയും ഒരു നിഷ്ക്കളങ്ക രക്തവും വീഴാതിരിക്കാൻ യേശു തന്റെ അവസാന തുള്ളി രക്തവും ക്രൂശ് എന്ന യാഗപീഠത്തിൽ അർപ്പിച്ചു . അത് വിശ്വസിക്കുന്ന ഏവർക്കും രക്ഷയുടെ മുദ്രയായി “ഒരു പുതിയ നിയമമായി “നില നിൽക്കുന്നു . ഈ രക്തം കുലപാതകികളെ ദൈവസ്നേഹത്തിൽ മടക്കിവരുത്തും , അക്രമികൾക്കും , അധർമികൾക്കും പാപ വിമോചനം നൽകും . ഇനിയും മനുഷ്യന് ദൈവത്തോട് അടുക്കുവാൻ യേശുവിലുള്ള വിശ്വാസവും ആശ്രയവും മാത്രം മതി .”അതുകൊണ്ട് ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല .ജീവന്റെ ആത്മാവിന്റ പ്രമാണം എനിക്ക് പാപത്തിന്റെയും , മരണത്തിന്റെയും പ്രമാണത്തിൽ നിന്ന് ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു , ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാതിരുന്നതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപ ജഡത്തിന്റെ സാദൃശ്യത്തിലും , പാപം നിമിത്തവും അയച്ചു പാപത്തിന് ജഡത്തിൽ ശിക്ഷ വിധിച്ചു .ജഡത്തെയല്ല , ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി
നിവൃത്തിയാകേണ്ടതിന് തന്നെ .”
റോമർ 8: 1-4) . ഇനിയും ദൈവത്തോടടുക്കുവാൻ മനുഷ്യന് ഒരു കർമ്മ മാർഗത്തിന്റെയും ആവശ്യമില്ല . വിശ്വാസം മാത്രം മതി .

Leave a comment