Biju Abraham Atlanta.
തിരുവചനം വെളിപ്പെടുത്തുന്ന യേശു നാഥൻ എന്നും മനുഷ്യൻ ചമയ്ക്കുന്ന ചട്ടക്കൂടിന് വെളിയിലാണ് നിൽക്കുന്നത് . അവന്റെ ശിശ്രുഷകൾ വെളിപ്പെട്ടത്
കൊട്ടാരക്കെട്ടുകൾക്കുള്ളിലോ, മനോഹരമായ
പള്ളിഅരമനകളിലോ അല്ലായിരുന്നു . സർവ്വവും ചമച്ച ദൈവത്തെ ഉൾക്കൊള്ളുവാൻ പര്യാപ്‌തമായ ഒരു സൗധവും ഈ ഭൂമിയിൽ ഇല്ല ഉണ്ടാകുകയും ഇല്ല .” കൈപ്പണിയായതിൽ അവൻ വാസം ചെയ്യുന്നില്ല “.
വിശ്വാസത്തോടെ അവനെ ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് തിരുവചനം അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ആർക്കും അവനെ എവിടെയും ആരാധിക്കാം . മതങ്ങളോ , പ്രസ്ഥാനങ്ങളോ അതിന് തടസ്സം ആകരുത് .
ഐഹീകമായ ഒരു രാജ്യം സ്‌ഥാപിക്കുവാൻ അല്ല യേശു ഭൂമിയിൽ വന്നത് . ദൈവാരാജ്യമാണ് അവൻ പ്രസംഗിച്ചത് , പഠിപ്പിച്ചത് . ഈ ഭൂമിയിലെ രാജാക്കന്മാരും , മതപുരോഹിതന്മാരും അവനെതിരായിരുന്നു . സത്യക്രിസ്ത്യാനിക്ക് ലോകം എന്നും എതിരു നിൽക്കും . പാരമ്പര്യം മനുഷ്യന്റേതാണ് . അതിന് തെറ്റ് പറ്റും . എന്നാൽ ദൈവീക പ്രമാണങ്ങൾക്ക് തെറ്റ് പറ്റുകയില്ല .
ഒരു അനുഭവും , ജീവിത പ്രമാണവും ആയിരിക്കേണ്ട “പെന്തകോസ്ത് “
അത് വിട്ട് പ്രസ്ഥാനം ആയി മാറരുത് . ആ ദിവ്യാനുഭവം ഹൃദയത്തിൽ പേറി , നാഥനായി ഏത് കഷ്ട്ടവും , നിന്ദയും , ത്യാഗവും സഹിക്കുവാൻ തയാറായി ജീവിതം നയിക്കുന്ന എത്രയോ ജീവിതങ്ങൾ ലോകത്തിൽ ഉണ്ട് . അവർ മതത്തിന്റെ അളവുകോലിനും എത്രയോ ഉന്നതിയിലാണ് .
” നമുക്ക് ഇനിയും ഇവിടെ ജീവിക്കണമെങ്കിൽ ഭൂരിപക്ഷ സമുദായങ്ങൾക് യോജിച്ച മാറ്റങ്ങൾ വരുത്തണം എന്ന് ഒളിഞ്ഞും , തെളിഞ്ഞും , പറഞ്ഞും , പറയാതെയും ജനത്തിന്റെ ഇടയിൽ വിഷവിത്തു പാകുന്നവർ ഉണ്ടാകുന്ന ദോഷം എത്രയോ ഭയാനകം . ക്രിസ്റ്റീയത കഷ്ടതയുടേതാണ് . “ഈ ലോകത്തിൽ നിങ്ങൾക് കഷ്ട്ടം ഉണ്ട് ” എങ്കിലും അതിനെ ജയിച്ച ഒരു ജയവീരൻ നമുക്കായി ജീവിക്കുന്നു എന്നതാണ് , എന്നതായിരിക്കേണം നമ്മുടെ പ്രത്യാശ .
തിരുവചനം വായിക്കുവാൻ പുരോഹിതന്മാർക്ക് മാത്രം അവകാശം എന്ന് പഠിപ്പിച്ചിരുന്ന പാരമ്പര്യ സഭക്കെതിരെ വേദപുസ്തകസത്യങ്ങൾ എല്ലാവരും മനസ്സിലാക്കണമെന്നും , പൗരോഹിത്യ മേധാവിത്വവും , പാപവിമോചന ചീട്ടും ( sale of indulgences) വചനവിരുദ്ധമായ ആചാരങ്ങൾ ആണെന്ന് മനസ്സിലാക്കി അത് വിട്ട് പുറത്തുവന്നു വിശ്വാസത്താലുള്ള രക്ഷയുടെ കാഹളം ഊതിയ നവീകരണ നക്ഷത്രം മാർട്ടിൻ ലൂഥറിന് തെറ്റുപറ്റിയിട്ടില്ല . ദൈവവചന വിരുദ്ധമായ ഉപദേശങ്ങളോ , പഠിപ്പിക്കലുകളോ എവിടെ ഉയർന്നാലും അതിനെതിരെ വചനം ഉയർത്തി നേർവഴി കാട്ടുവാൻ ഉള്ള ചുമതല വചനപ്രകാരം ജീവിക്കുന്ന എല്ലാവർക്കും ഉണ്ട് . ഈ ലോകത്തിലെ താൽക്കാലിക നേട്ടങ്ങൾക്കായി ജനത്തെ വഞ്ചിക്കുന്നവർ അറിഞ്ഞുകൊണ്ട് മറ്റുള്ളവരെ കൂടി തെറ്റായ പാതയിൽ തള്ളിവിടുന്നു .വചന വെളിച്ചത്തിൽ യഥാർത്ത പാത കണ്ടെത്തി മുന്നേറുവാൻ ദൈവം ഏവർക്കും കൃപ നൽകട്ടെ .