Biju Abraham Atlanta.
കുശവൻ സാമീപ്യ ലഹരിയിൽ , കാലമാം ചക്രത്തിൽ കറങ്ങിത്തിരിയുന്ന വേളയിൽ അറിഞ്ഞില്ല ഞാൻ ,
ഒരു ദിനം അവനെന്നെ കത്തുന്ന ചുടു ചൂളക്കുള്ളിലായ് വെയ്ക്കുമെന്ന സത്യം . എരിയുന്ന കനലുകൾ , കത്തിയുയരുന്ന തീജ്വാല നാളങ്ങൾ , ചുട്ടുപൊള്ളുന്ന ദേഹവും , പിന്നെ പ്രാണൻ പൊലിയുന്ന കൊടും വേദനയും . പ്രാണൻ തകർന്നു വിളിക്കുന്ന നിലവിളി വെറും വനരോദനമായി മാറിയെന്നോ . ക്രൗര്യ ഭാവത്താൽ ചുറ്റിലും നൃത്തം വെയ്ക്കുന്ന അഗ്നി കനലുകൾ വിജയ സുസ്മിതം തൂകുന്നുവോ .
“കത്തുന്ന ഈ തീച്ചൂളയിലാണെന്റെ പതനം എന്ന് നിനക്കുന്ന ‘പാത്രമേ ‘സത്യം നീ എന്തറിയുന്നു .”
ഈ ജീവിത ചൂളയിൽ നിന്നെ ഇട്ട കുശവൻ തന്റെ മനസിൻ ആർദ്രത ,നീ എന്തെ അറിഞ്ഞിലൊരുനാളും .സമയങ്ങൾ പിന്നിട്ടു പായുമ്പോൾ ഞാനാ സത്യം ഗ്രഹിച്ചു വ്യക്തമായി .
ഈ കൊടും ചൂടിലെന്നുടെ മനസ്സും , ശരീരവും ഉറച്ചിരിക്കുന്നൊരു പാറപോലെ .
എവിടെയും ഉറച്ചു നിൽക്കുവാൻ പ്രാപ്തിയുള്ള പാത്രമായി മാറിയതറിഞ്ഞു ഞാൻ ധന്യനായി .
എൻ കണ്ണാൽ കണ്ടു ഞാനാ കാഴ്ച ഈ കൊടും ചൂടിൽ നിന്നെന്നെ പുറത്തെടുക്കാനായ് നീളുന്ന കുശവന്റെ കൈകൾ , അവന്റെ കണ്ണുകളിൽ തിളങ്ങുന്ന വിസ്മയ ഭാവത്തിന്റെ വെള്ളിവെളിച്ചം . "ഹാ എന്ത് മനോഹരം ഞാൻ നിർമിച്ചതാം
ഈ കൊച്ചു പാത്രം .”
“രമ്യ മനോഹര മാനപാത്രം .”
കുശവൻ വാക്കുകൾ കേട്ടു ഞാൻ നിർവൃതി കൊള്ളവെ അടർന്നുവീണൊരു കണ്ണുനീർ കണം ; ആനന്ദ ബാഷ്പത്തിൻ പ്രതിരൂപമായി .