Biju Abraham Atlanta.
കോവിഡ് 19 വന്നതോടെ ലോകത്തിന്റെ മുഖം തന്നെ മാസ്കിനുള്ളിലായി . നൊടിയിടക്കുള്ളിൽ എന്തെല്ലാം മാറ്റങ്ങൾ ആണ് സംഭവിച്ചത് . ഓടിക്കൊണ്ടിരുന്ന ലോകം
പിടിച്ചു നിർത്തിയതുപോലെ നിന്നു . എല്ലാവരും പകച്ചു നിൽക്കുന്നു . ഇനിയും പഴയ ഒരു ലോകം തിരികെ വരുമോ ? ആർക്കും ഒന്നിനും നിശ്ചയമില്ല .
സുന്ദരമായതും , വിരൂപമായതും , സൗമ്യമായതും , ക്രൂരമായതും ആയ മുഖങ്ങൾ എല്ലാം മാസ്കിനുള്ളിൽ ആയി . മനുഷ്യന്റെ ഭാവപ്പകർച്ചകൾ ആരും കാണുന്നില്ല . ആ മാസ്കിനുള്ളിലുള്ള മുഖത്തിന് മാത്രമേ തന്റെ ഭാവം എന്തെന്ന് നിശ്ചയമുള്ളൂ . പിന്നെ ദൈവത്തിനും . മുഖം മൂടി അണിഞ്ഞ മനുഷ്യൻ . അവൻ ആരാണെന്ന് മറ്റുള്ളവർ അറിയുന്നില്ല . എന്തെല്ലാം മുഖം മൂടികൾ . മതത്തിന്റെ , രാഷ്ട്രീയത്തിന്റെ , വ്യവസ്‌ഥിതികളുടെ , എല്ലാം യഥാർത്ഥ മുഖം കാപട്യത്തിന്റെ പൊയ്മുഖങ്ങളാൽ മറയപ്പെട്ടിരിക്കുന്നു . എന്താണ് സത്യം , എവിടെയാണ് സത്യം ? നാളുകളായി ജനം വേദനയോടെ ചോദിക്കുന്നു . എന്നാൽ വഞ്ചിക്കപെടുന്നവരുടെ നിലവിളിയും , ഞരക്കങ്ങളും തെരുക്കോണുകളിൽ മുഴങ്ങികേൾകുന്നു . മറക്കപെട്ട യഥാർത്ഥ മുഖങ്ങളുമായി പരക്കം പായുന്ന മനുഷ്യർ . എന്നാൽ ചരിത്രത്തിന്റെ മധ്യത്തിൽ , ലോകത്തിന്റെ മധ്യത്തിൽ മുഴങ്ങി കേട്ട ഒരു ശബ്ദമുണ്ട് . ” ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു “
ആ ശബ്ദത്തിന്റെ ഉടമയെ പലരും തിരിച്ചറിഞ്ഞു . ജീവിതത്തിൽ അവനെ സ്വീകരിച്ചു . അവരുടെ ജീവിതം ധന്യമായി . .
ആ ശബ്ദം യെരുശലേം ദേവാലയത്തിന്റെ തിരശീലകളെ കീറിയെറിഞ്ഞുകൊണ്ട് പുറത്തുവന്നു .മറശീലക്കുവെളിയിൽ നിൽക്കുന്ന പരിശുദ്ധ ദൈവത്തിന്റെ പുത്രന് യാതൊരു മുഖാവരണങ്ങളും ഇല്ലായിരുന്നു . പച്ചയായ സത്യങ്ങൾ അവനിലൂടെ മുഴങ്ങി .
അവനെ പിൻപറ്റുന്നവർ അവനെ പോലെ ആകണം എന്ന് അവൻ ആഗ്രഹിക്കുന്നു .
ഇനിയും ലോകത്തിന് അവൻ മാത്രം ശരണം .
അവനിലൂടെ സകല മനുഷ്യർക്കും രക്ഷയുണ്ട് . കാരണം അവൻ സത്യമാണ് .ആ സത്യത്തെ നമുക്ക് പിൻതുടരാം . ദൈവം സഹായിക്കട്ടെ .