Biju Abraham Atlanta.
അകാല മരണങ്ങൾ ‘ എല്ലാവരെയും വേദനിപ്പിക്കുന്ന ഒന്നാണ് .അകാലം എന്നാൽ കാലം ആകാത്തത് എന്ന് അർഥം . ഈ പ്രയോഗത്തിൽ തന്നെ വലിയൊരു തെറ്റുണ്ട് . ആരാണ് കാലം എത്ര എന്ന് നിശ്ചയിക്കേണ്ടത് ? കാല വ്യത്യാസങ്ങൾക് അതീനനായ മനുഷ്യനോ അതോ കാലാതീതനായ ദൈവമോ ? നമ്മുടെ പ്രിയപ്പെട്ടവരുടെ മരണം അത് തീർച്ചയായും ദുഃഖം ഉളവാക്കും .അവർ കുറച്ചു നാൾ കൂടി ജീവിച്ചിരുന്നെങ്കിൽ എന്ന അഭിലാഷം ആകാം ഒരുപക്ഷെ ഇത്തരത്തിൽ ചിന്തിക്കുവാൻ നമ്മെ ഒക്കെ പ്രേരിപ്പിക്കുന്നത് .
ദുഃഖ ദുരിതങ്ങൾ നിറഞ്ഞ ഈ ഭൂമിയിലെ വാസത്തെക്കാൾ മനോഹരമല്ലേ ; അല്ലലില്ലാത്ത സ്വർഗീയ വാസം . നമുക്ക് വേണ്ടി സ്ഥലം ഒരുക്കുവാൻ കടന്നുപോയ യേശുദേവന്റെ ഒപ്പമുള്ള ജീവിതം അല്ലെ അത്യുത്തമം . “വിട്ടുപിരിഞ്ഞു ക്രിസ്തുവിനോട് കൂടെ ” എന്ന പൗലോസിന്റെ വാക്കുകൾ എത്ര ആഴമുള്ളതാണ് . ആരെയാണ് വിട്ടുപിരിയേണ്ടത് ? നാം അഹങ്കരിച്ച സൗന്ദര്യത്തെ , നമ്മുടെ ആരോഗ്യത്തെ , നാം മിനുക്കിക്കൊണ്ടു നടന്ന നമ്മുടെ പ്രിയ ശരീരത്തെ ….ഈ ലോകത്തെ ഈ ഭൂമിയിലെ പ്രിയപെട്ടവരെ .നമുക്ക് പ്രിയമായതെന്തും ….വേർപെടുത്തി , വേർപാട് ഇല്ലാത്ത ഒരു നിത്യ വാസം വാഗ്‌ദാനം ചെയ്യുന്ന ആ പുതിയ ഭൂമിയിലേക്ക് ഉള്ള “യാത്ര” ആണ് “മരണം “എന്ന നിത്യ യാഥാർത്യം .
“മരണം “ഒരു “ഉറക്കം “ആണ് എന്ന് ബൈബിൾ പറയുന്നു . ഉറങ്ങുന്നവർ ഉണരും ഈ ഭൂമിയിൽ മരണം എന്ന നിദ്രയിൽ ആയവർ ദൈവം എഴുനേൽപ്പിക്കുമ്പോൾ ഒരു നിത്യ വാസത്തിനായ് ഉണരും . ഈ ഭൂമിയിൽ വെച്ചുതന്നെ നല്ലതു ചെയ്തവർ മാത്രമേ ആ നിത്യ രാജ്യത്തിൽ പ്രവേശിക്കയുള്ളു .
വിഭിന്ന രീതിയിൽ മനുഷ്യർ മരിക്കുന്നു . ശിശുക്കൾ , കൗമാരക്കാർ , യവ്വനക്കാർ , മധ്യ വയസ്കർ , വാര്ധക്യത്താൽ ,അപകടത്തിൽ , അസുഖത്തിൽ , ജനനത്തിൽ …. അങ്ങനെ ഏതെല്ലാം പ്രായത്തിൽ , വിധങ്ങളിൽ . ” അനന്തം , അജ്ഞാതം , അവര്ണനീയം ഈ ലോക ഗോളം തിരിയുന്ന മാർഗം ; അതിങ്കൽ എങ്ങാട്ട് ഒരിടത്തിരുന്നു നോക്കുന്ന മർത്യാ നീ കഥ എന്തറിഞ്ഞു ” എന്ന് കവി പാടിയത് എത്രയോ അന്വർത്ഥമാണ് . വിശാലമായ , നിഗൂഢതകൾ ഉറങ്ങുന്ന ഈ ഭൂമിയുടെ എവിടെയോ മൂലക്കിരുന്നുകൊണ്ടു , അല്പയുസുകളായ , പരിമിത ബുദ്ധിക്ക് ഉടമകൾ ആയ നമ്മൾ കാലഭേദങ്ങൾക് അതീതനായ പ്രപഞ്ച സൃഷ്ട്ടാവിന്റെ പദ്ധതികളെ ചോദ്യം ചെയ്യാതെ അവന്റെ ഹിതാനുസാരികളായി മാറുകയല്ലയോ ഉത്തമം . കാലങ്ങളും , ദിവസങ്ങളും എല്ലാം അവനുള്ളത് .
പരിമിതികൾ ഉള്ള നമ്മുടെ കരുതലിൽ എത്രയോ ഉന്നതം ആണ് ദൈവത്തിന്റെ കരുതൽ . ഈ ലോകവാസം താൽക്കാലികം എങ്കിൽ ദൈവം ഒരുക്കുന്ന നിത്യവാസം എത്രയോ മനോഹരം .