അമ്പേറ്റു വീണ അലൻ ചൗ 🏹

Biju Abraham Atlanta

ആൻഡമാൻ ദീപിൽ അറുപതിനായിരം വർഷങ്ങളായി പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുന്ന സെന്റിനൽ ഗോത്ര വർഗത്തിന്റെ അമ്പേറ്റു വീണു മരിച്ച അലൻ ചൗ ആരായിരുന്നു . 27 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ . അമേരിക്കയിൽ ഓറൽ റോബെർട്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം എടുത്ത ഈ ചെറുപ്പക്കാരൻ തന്റെ സുഖ സൗകര്യങ്ങൾ എല്ലാം വെടിഞ്ഞു ധീരമായി അവരുടെ നടുവിലേക്ക് പോയി . ആദ്യ ഉദ്യമത്തിൽ അമ്പേറ്റു തന്റെ കൈവശമുണ്ടായിരുന്ന വേദപുസ്തകം ചീന്തിപ്പോയി. പിന്മാറാൻ തയ്യാറില്ലാതിരുന്ന താൻ തന്റെ രണ്ടാം ദിവസം അവിടേക്ക് പോയി അവിടെ തന്നെ കാത്തിരുന്നത് മരണം . അമ്പേറ്റു എന്നറിഞ്ഞിട്ടും പിന്നിലേക്ക് തിരിഞ്ഞോടാതെ ആ ദീപിന്റെ ഉള്ളിലേക്ക് തന്നെ നടന്നുനീങ്ങിയ ആ ചെറുപ്പക്കാരന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല .
ജീവിതത്തിന്റെ എല്ലാ സുഖങ്ങളും അവസരങ്ങളും വെടിഞ്ഞു താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത കാട്ടു ജാതിക്കാരിലേക്ക് കടന്നു പോകാൻ തന്നെ പ്രേരിപ്പിച്ച ശക്തി എന്തായിരിക്കാം ? അത് മറ്റൊന്നും അല്ല മുപ്പത്തി മൂന്നര വയസ്സിൽ അഖില ലോകത്തിന്റെയും പാപച്ചുമടുമായി ക്രൂശിലേക്ക് നടന്നു നീങ്ങിയ യേശുവിന്റെ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കുകയല്ലായിരുന്നോ താൻ ചെയ്തത് . നിങ്ങൾ ലോകം എങ്ങും പോയി സകല സൃഷ്ട്ടിയോടും സുവിശേഷം അറിയിക്കുക എന്ന ദൗത്യം നിറവേറ്റുകമാത്രം ആയിരുന്നു താൻ ചെയ്‍തത് . യേശുവിന്റെ മാർഗം കൊല്ലുന്ന മാർഗ്ഗമല്ല കൊല്ലുന്നവരെയും സ്നേഹത്തിലേക്ക് മാടിവിളിക്കുന്ന മാർഗമാണ് .
തങ്ങളുടെ ഓമന പുത്രന്റെ ശവശരീരം പോലും കാണാൻ കഴിയാത്ത അലന്റെ മാതാപിതാക്കൾ പറഞ്ഞത് ഇപ്രകാരം . ” ആ ഗോത്രവർഗക്കാർക്കു ഒരുദോഷവും ചെയ്യരുത് ദൈവം അവരോടു ക്ഷമിക്കട്ടെ എന്ന് “
കത്തിയെരിയുന്ന ജീപ്പിൽ നിന്നും പുറത്തുചാടി ജീവൻ രക്ഷിക്കുവാൻ രക്ഷിക്കുവാൻ ശ്രമിച്ച പിഞ്ചു കുഞ്ഞുങ്ങളായ ഫിലിപ്പിനെയും , തീമോത്തിയെയും , അവരുടെ പിതാവായ ഗ്രഹാം സ്റ്റൈൻസിനെയും എരിയുന്ന തീയിലെക്കു കൂർത്ത കമ്പിയാൽ കുത്തിവീഴ്ത്തിയ ക്രൂരതയോടു അവരുടെ മാതാവ് ക്ഷമിച്ചതിന്റെ പിന്നിലും പ്രവർത്തിച്ചത് യേശുവിന്റെ സ്നേഹം മാത്രമാണ്. ശതൃക്കളെ സ്നേഹിക്കുന്ന യേശുവിന്റെ നിർമല സ്നേഹത്തിന്റെ മുന്നിൽ തകർന്നു വീഴുന്നത് അന്ധകാരത്തിന്റെ കൊട്ടകളാണ് ..യാതൊരു പ്രതിഭലവും ആഗ്രഹിക്കാതെ യേശുവിനുവേണ്ടി ജീവൻ വെടിയാനും ആളുകളെ പ്രേരിപ്പിക്കുന്നത് രക്ഷകന്റെ മാനവജാതിയോടുള്ള ക്രൂശിലെ സ്നേഹം ഒന്ന് മാത്രമാണ്. യേശു ലോകത്തിന് നൽകുന്നത് സ്നേഹം മാത്രമാണ് . ശതൃക്കളെ സ്നേഹിക്കുന്ന സ്നേഹം , യാതൊരു വ്യവസ്ഥകളും ഇല്ലാതെ നമ്മെ സ്നേഹിക്കുന്ന ദിവ്യ സ്നേഹം . ജീവിക്കുന്നു എങ്കിൽ അവനായി ജീവിക്കുക , മരിക്കുന്നു എങ്കിൽ അവനായി മരിക്കുക. യേശു മടങ്ങിവരും. .

Leave a comment