Biju Abraham Atlanta.🖌
വിശുദ്ധ ബൈബിളിനെ അടിസ്ഥാന പ്രമാണമായി സ്വീകരിച്ചു കൊണ്ട് രക്ഷകനായ യേശുവിനെ സകലത്തിലും സകലവുമായി ഉയർത്തി ” എന്റെ രാജ്യം ഐഹീകമല്ല ” എന്ന് പ്രഖ്യാപിച്ച യേശുവിന്റെ പാത പിന്തുടരുവാൻ പ്രതിജ്ഞാബദ്ധരാണ് ക്രിസ്ത്യാനികൾ ..ക്രിസ്തുവിരുദ്ധ മനോഭാവം പ്രവർത്തിയിലും , ഭാവത്തിലും പ്രകടമാക്കിയ രാജ്യത്തിന്റെ ഭരണാധികാരികളെ അവരുടെ വഴിക്കുവിട്ട് അതേസമയം തന്നെ രാജ്യത്തിന്റെ നിയമങ്ങളെ പാലിച്ചുകൊണ്ട് തന്റെ പ്രവർത്തികളുമായി മുൻപോട്ടുപോയ ക്രിസ്തുവിന്റെ മാതൃകയല്ലേ നാം പിന്തുടരേണ്ടത് . ഇടർച്ച ഉണ്ടാകാതിരിക്കാൻ അവൻ കരം കൊടുത്തു രാജ്യ നിയമങ്ങളെ മാനിച്ചു . 'പഴയനിയമ ദൈവാലയത്തിൽ ' അവൻ കടന്നുപോയി ദൈവരാജ്യത്തിന്റെ മർമ്മങ്ങളെ വ്യാഖ്യാനിച്ചു , അവർക്കു വിസ്മയം ജനിപ്പിച്ചുകൊണ്ട് അവരുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി അവന് അതിനുള്ള എല്ലാ അധികാരവുമുണ്ട് ..അവിടെ എല്ലാം നന്നായി പോകുകയായിരുന്നു എങ്കിൽ അവിടെ ശുദ്ധീകരണ വാക്കുകൾക്കോ , തർജ്ജനങ്ങൾക്കോ ആവശ്യമില്ലായിരുന്നു ..
ദൈവീക ആരാധന ഉയരേണ്ട ആലയത്തിൽ ക്രയ വിക്രയങ്ങളുടെ ശബ്ദം കേട്ട ദൈവപുത്രന്റെ ആത്മരോഷം ഉയർന്നു ..ദൈവാരാധനയെ കള്ളന്മാരുടെ ഗുഹയാക്കിയ പള്ളിപ്രമാണിമാർക്കെതിരെ അവൻ ശക്തമായി പ്രതികരിച്ചു . ശക്തമായി നിൽക്കുന്ന ഭൂരിപക്ഷ വ്യവസ്ഥിതിയ്ക്കു കൈകൊടുത്തുകൊണ്ട് ദൈവീക പ്രമാണങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്ന ദൈവാലയത്തിൽ തന്റെ വിലയേറിയ സമയം കളയുവാൻ അവന് സാധിക്കുകയില്ല ..കാരണം " കൈപ്പണിയായതിൽ അവൻ വാസം ചെയ്യുന്നില്ല ". പഴയനിയമ ആരാധനക്ക് അന്ത്യം കുറിച് ഒരു പുതിയ നിയമത്തിന്റെ ആരാധന അവന് കാൽവരിയിൽ വെളിപ്പെടുത്തുവാൻ സമയമായി ..പാപിയായ മനുഷ്യന് പരിശുദ്ധനായ ദൈവവുമായി മറയും മധ്യസ്ഥനുമില്ലാതെ സംസാരിക്കുവാൻ പോലും സാധ്യമല്ലാതിരുന്ന പഴയനിയമത്തെ പാടെ എടുത്തുമാറ്റി മനുഷ്യനും ദൈവത്തിനും മദ്ധ്യേ മറയായി നിന്ന 'മധ്യസ്ഥത്തിന്റെ തിരശീല ' മുകൾതൊട്ട് അടിവരെയും മുറിച്ചുമാറ്റി ഒരു നവ സ്വാതന്ത്ര്യത്തിന്റെ പുതിയ നിയമ ആരാധന അവൻ കാൽവരിയിൽ സ്ഥാപിച്ചു ..ഏതൊരാൾക്കും മധ്യസ്ഥന്റെ ആവശ്യമില്ലാതെ പിതാവായ ദൈവത്തോട് സമ്പർക്കം പുലർത്തുവാൻ ക്രിസ്തു എന്ന ഏക മധ്യസ്ഥൻ സകല യാഗങ്ങൾക്കും അന്ത്യം കുറിച് കാൽവരിയിൽ പരമയാഗമായി ..നമുക്ക് സ്വർഗ്ഗസ്ഥനായ പിതാവിനോട് നേരിട്ട് അപേക്ഷിക്കുവാൻ പുത്രത്വത്തിന്റെ സ്വീകാര്യവും നൽകപ്പെട്ടു. യേശു തന്റെ ശിശ്രുഷയുടെ ഭൂരിഭാഗവും ചിലവഴിച്ചത് പൊതു സ്ഥലങ്ങളിലും , വഴിയോരങ്ങളിലും , പുഴയരികിലും ഒക്കെയായിരുന്നു ..പഴയനിയമ സമ്പ്രദായങ്ങളോ , അതിന്റെ പൗരോഹിത്യ വേഷവിധാനങ്ങളോ പിൻതുടരുവാൻ അവൻ ആരെയും ഉപദേശിച്ചില്ല . തന്റെ ശിഷ്യന്മാരും അത് ആരെയും പഠിപ്പിച്ചുമില്ല . എന്നാൽ പാരമ്പര്യത്തിൽ ഉറച്ചുനിൽക്കുന്ന ഒരു ജനതതി എന്നും എക്കാലവും ഉണ്ട് . നിയമങ്ങൾക്കു മാറ്റം വന്നതറിയാതെ അവർ നിൽക്കുന്നു . എന്നാൽ പ്രമാണം കൊടുത്ത സാക്ഷാൽ ദൈവം തമ്പുരാൻ മുൻപിൽ നിൽക്കുമ്പോഴും അവനെ തിരിച്ചറിയാതെ 'മാറ്റിയെഴുതപെട്ട പ്രമാണങ്ങളെ'പാലിക്കുവാൻ വെമ്പൽ കൊള്ളുന്ന ഒരു സമൂഹം ഏതു കാലത്തും ഉണ്ട് . മനുഷ്യന്റെ പരിശ്രമത്തിൽ അവന് എത്തിപിടിക്കുവാൻ ഏറെ പ്രയാസമായ ദൈവത്തിന്റെ അളവുകോൽ ( പഴയനിയമ ന്യായപ്രമാണം) മുഴുവനും ഒരു നിഴലാക്കി മാറ്റി വചനപ്പൊരുളായ യേശുക്രിസ്തു കാൽവരിയിൽ സകലയാഗങ്ങളുടെയും സംപൂർത്തിയായി യാഗമായി ..ഇനിയും യാതൊരു കാർമിക യാഗങ്ങളുടെയും ആവശ്യമില്ല ." ന്യായപ്രമാണത്തിന് സാധിപ്പാൻ കഴിയാതിരുന്നതിനെ സാധിപ്പാൻ മനുഷ്യപുത്രൻ ഭൂമിയിൽ വന്നു " ദൈവ വചനത്താൽ പിടിക്കപ്പെട്ട് യേശുവിനായ് ജീവിതം സമർപ്പിക്കുന്ന പ്രിയപ്പെട്ടവർ ഈലോകത്തിൽ എന്തിനേക്കാളും , ആരെക്കാളും വിലയേറിയതായി കാണേണ്ടത് യേശുവിനെയാണ്. നമ്മൾക്കായി തന്റെ ജീവൻ ഏകിയത് അവൻ മാത്രമാണ് . അപ്പോസ്തോല പിതാക്കന്മാരോ , യേശുവിന്റെ അമ്മയാകുവാൻ ഭാഗ്യം ലഭിച്ച വിശുദ്ധ മറിയ യോ , ആരും ആരാധനക്ക് അർഹരല്ല . അവരൊക്കെയും അവരുടെ നിലകളിൽ യോഗ്യമായി മാനിക്കപ്പെടേണ്ടവർ തന്നെയാണ് എന്നാൽ ആരാധനക്ക് യോഗ്യൻ കാൽവരിയിൽ തകർക്കപ്പെട്ട ദൈവപുത്രൻ മാത്രം . പരിശുദ്ധാത്മാവിന്റെ ആകർഷണ പ്രക്രിയാൽ യേശുവിനെ സ്വീകരിക്കുന്ന വ്യക്തികളുടെ 'ആരാധ്യൻ 'യേശു മാത്രം. യേശുവിന്റെ മരണ പുനരുദ്ധാനം കൊണ്ട് ഒരു 'പുതിയ നിയമം ' ആരംഭിക്കുകയായിരുന്നു . 'പഴയതു കഴിഞ്ഞു പോയി സകലവും പുതുതായിരിക്കുന്നു '. ഏകന്റെ ലംഘനത്താൽ എല്ലാവരും പാപികൾ ആയതുപോലെ ഏകന്റെ അനുസരണത്താൽ എല്ലാവർക്കും പാപവിമോചനവും ലഭിക്കുന്നു . പാപം ഏറ്റുപറഞ്ഞുകൊണ്ട് യേശുവിനെ രക്ഷിതാവായി ഹൃദയത്തിൽ സ്വീകരിക്കുന്ന വ്യക്തി വരുവാനുള്ള രാജ്യത്തിൻറെ 'പൗരത്വത്തിന്റെ പ്രതിജ്ഞ' എടുക്കുകയാണ് ചെയ്യുന്നത് ..കർത്താവെ ഞാൻ ഒരു പാപിയാണ് . നീ എന്റെ പാപം നീക്കുവാൻ ക്രൂശിൽ മരിച്ചു ..ഞാൻ അങ്ങയെ എന്റെ രക്ഷകനായി സ്വീകരിക്കുന്നു . ഈ പ്രാർത്ഥനയിൽ കൂടി യേശുവിനെ സ്വീകരിക്കുന്ന ഏതു വ്യക്തിയും വരുവാനുള്ള ദൈവരാജ്യത്തിന്റെ പ്രജയായി മാറ്റപ്പെടും എന്ന് ബൈബിൾ ഉറപ്പു നൽകുന്നു .
ഈ ഭൂമിയിൽ ജീവിക്കുമ്പോൾ കഷ്ടതയുണ്ടെകിൽ , കഷ്ടതയും , ദുഃഖവും ഇല്ലാത്ത നിത്യ സന്തോഷത്തിന്റെ നിത്യതയാണ് വെളിപ്പെടുവാൻ പോകുന്നത് ” വെളിപ്പെടുവാൻ പോകുന്ന ആതേജസ്സ് വിചാരിച്ചാൽ ഈലോകത്തിലെ കഷ്ട്ടങ്ങൾ സാരമില്ല ..പാപത്താൽ മലിനപെട്ട ഈഭൂമിയിൽ കണ്ണുനീരും ദുഃഖവും മുറവിളിയും മരണവും എല്ലാം ഉണ്ട് . യേശു ഉയർപ്പിച്ച ലാസർ വീണ്ടും മരിച്ചു , അവൻ സൗഖ്യമാക്കിയ കുരുടർ കാലപ്രയാണത്തിൽ വീണ്ടും കാഴ്ച മങ്ങി ..അവൻ സൗഖ്യമാക്കിയ ജീവിതങ്ങൾ തങ്ങളുടെ കാലം തികച്ചുകൊണ്ട് ജരാനരകൾക്ക് അടിമപ്പെട്ടുകൊണ്ട് മണ്ണിലുറങ്ങി ..എന്നാൽ കാലഭേദങ്ങളില്ലാത്ത ഒരുനാൾ വരുന്നു . ആ നിത്യമായ സന്തോഷമാണ് ദൈവം നമുക്കായി ഒരുക്കുന്നത് . ഈ ലോകത്തിൽ യേശുവിനെ അനുഗമിച്ചവരും അവനുവേണ്ടി ജീവിച്ചവരും ഭേദ്യം ഏറ്റിട്ടുണ്ട് , ഒരുവാക്കുപോലും മറുവാക്ക് പറയാതെ അവർ കഷ്ടത സഹിച്ചു , എന്നാൽ അവരൊന്നും ഞങ്ങളെ അടിക്കരുത് എന്ന് രാഷ്ട്രിയക്കാർക് പ്രമേയം നൽകിയില്ല . കാരണം ദൈവത്തെ അംഗീകരിക്കാത്ത ഫറവോന്റെ മുൻപിൽ മോശയുടെ യാചനക്ക് സ്ഥാനമില്ല ..ദൈവകല്പിതമായ അധികാരത്തിന്റെ സ്വരമാണ് ഫറവോന്റെ കൊട്ടാരത്തിൽ മുഴങ്ങികേട്ടത് . " എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയക്ക " ഭരണാധികാരികളും , രാഷ്ട്രീയക്കാരും ഒക്കെ. അവരുടെ വഴിയേ പോകും , എന്നാൽ യേശുവിന്റെ മാർഗം തികച്ചും വിഭിന്നമാണ് .
ബലപ്രയോഗത്താൽ നേടേണ്ട മാർഗ്ഗമല്ല യേശുവിന്റെ രാജ്യം , കുരിശു യുദ്ധങ്ങൾ ( crusades ) വരുത്തിയ കളങ്കങ്ങൾ ചരിത്രത്തിൽ ഒരു മായാത്ത കറുത്ത അദ്ധ്യായം എഴുതി ചേർത്തു ..അങ്ങനെ ഏതെല്ലാം . ഈലോക രാഷ്ട്രവും , യേശുവിന്റെ രാജ്യവും കൈകോർത്തു പോകില്ല . ഒന്ന് അധികാരത്തിന്റെയും ,മറ്റത് സഹനത്തിന്റെയും സ്നേഹത്തിന്റെയും രാജ്യവുമാണ് . അതാണ് വിത്യാസം . ലോകം യേശുവിന് യോഗ്യമായിരുന്നില്ല . പിന്നെ അവന്റെ അനുയായികൾക് എങ്ങനെ അനുകൂലമാകും ? നമ്മുടെ ഏതു വേദിയിലും യേശുവാണ് ഉയർത്തപ്പെടേണ്ടത് . രാഷ്ട്രിയക്കാർ യേശുവിന്റെ മാഹാത്മ്യം അറിയണം . അഗ്രിപ്പാ രാജാവിന്റെയും , രാജശ്രീ ഫെസ്‌തൊസിന്റെയും മുൻപിൽ മുഴങ്ങികേട്ടത് യേശുവിന്റെ മഹത്വമാണ് ..ചങ്ങലയിൽ ബന്ധിതനായ പൗലോസിന്റെ ‘യാചനകൾ ‘അല്ല മറിച് കഷ്ടതയിൽ ഇരിക്കുമ്പോഴും അതിനെ വെല്ലുന്ന ദൈവകൃപ പ്രാപിച്ച പൗലോസിന്റെ ശക്തമായ വാക്കുകൾ തനിക്കുവേണ്ടിയല്ല യേശുവിനായി മുഴങ്ങുന്നു. എവിടെയും യേശുവിന്റെ നാമം ഉയരട്ടെ . അവന്റെ രാജ്യം വരുന്നു .