ദൈവത്തിന്റെ ആഗ്രഹം എന്റെതുമോ……..?

Biju Abraham Atlanta

ദൈവം എന്നും മനുഷ്യൻ നന്നായിരിക്കുവാൻ ആഗ്രഹിക്കുന്നു. പല നിയമങ്ങളും, ചട്ടങ്ങളും, മനുഷ്യന്റെ ഉത്കൃഷ്ടത്തിനായ് രൂപം കൊടുത്തു. അത് ദൈവീക കരുതലിന്റെ പരസ്യ പ്രഖ്യാപനം കൂടിയാണ്. നിയമം തകർക്കപ്പെടുമ്പോൾ ദൈവത്തിനു നമ്മോടുള്ള താത്പര്യത്തിനാണ് വിള്ളൽ വീഴുന്നത്. വിള്ളൽ വന്നു കഴിഞ്ഞാൽ ചോർച്ചയും, അതേത്തുടർന്ന് തകർച്ചയും സംഭവിക്കും. ദൈവിക കരുതൽ നഷ്ടപ്പെട്ടാൽ പിന്നെ ആർക്കും നമ്മെ രക്ഷിപ്പാൻ സാധിക്കുകയില്ല. ലോക സൃഷ്ടിയിലും ഇത് തന്നെ സംഭവിച്ചു. ദൈവം തന്റെ സ്നേഹപാത്രങ്ങൾക്ക് കരുതലിന്റെ വിലക്ക് നൽകി.ആ വില മനസിലാക്കാത്ത സൃഷ്ട്ടി നിയമ ഭഞ്ജനത്തിലൂടെ ദൈവത്തോടകന്ന് വേദനയിലേക്ക് നിപതിച്ചു. എന്നാൽ ദൈവസ്നേഹത്തിന്റെ ആഴം വീണ്ടും അഗാധമായി വെളിപ്പെട്ടു. അതാണ് പുതിയ നിയമത്തിൽ കൂടി വെളിപ്പെടുന്ന കാൽവരിയിലെ പരമ യാഗം. സർവത്തിന്റെയും സംപൂർത്തിയായി ദൈവകുഞ്ഞാട്‌ കാൽവരിയിൽ മാനവകുലത്തിന്റെ പാപവിമോചനത്തിനായ് യാഗമായിത്തീർന്നു. ഇനിയും പഴയ നിയമങ്ങളുടെ യാഗപീഠത്തിൽ നമ്മുടെ കർമ്മങ്ങൾ ആവശ്യമില്ല. ഉയർത്തപ്പെട്ട യേശുവിൽ വിശ്വസിക്കുന്നവർക്ക് സൗജന്യമായി ലഭിക്കുന്ന നിത്യരക്ഷ ദൈവീക കരുതലിന്റെ, അളവില്ലാ സ്നേഹത്തിന്റെ മുഖമുദ്ര അല്ലെങ്കിൽ പിന്നെ മറ്റെന്താണ്. ഉയർന്നുനിൽക്കുന്ന കാൽവരിയും, തുറന്നു കിടക്കുന്ന കല്ലറയും വെളിപ്പെടുത്തുന്നത് ദൈവസ്നേഹം അല്ലെങ്കിൽ പിന്നെ മറ്റെന്താണ്. കർമ മാർഗത്തിന്റെ വാതിൽ എന്നേക്കുമായി പൂട്ടി വിശ്വാസ മാർഗത്തിന്റെ നവപാത വെട്ടിത്തുറന്നത് ദൈവസ്നേഹത്തിന്റെ മാഹാത്മ്യമല്ലെങ്കിൽ പിന്നെ മറ്റെന്താണ്.... ഉയർത്തപ്പെട്ട കാൽവരി ക്രൂശിൽ നിന്നും മുഴങ്ങിയ ആ വിജയഭേരി ഇന്നും ലോകം എങ്ങും അലയടിക്കുന്നു. യേശുവിൽ വിശ്വസിക്കുന്നവർ നിത്യരക്ഷ പ്രാപിക്കും. കർമ്മ മാർഗ്ഗത്താൽ അല്ല, അചഞ്ചലമായ വിശ്വാസ പ്രഖ്യാപനത്തിൽ കൂടെ ദൈവരാജ്യത്തിന്റെ ഉള്ളിൽ പ്രവേശിക്കുവാൻ അനുവാദം തന്നത് തികഞ്ഞ ദൈവസ്നേഹം അല്ലെങ്കിൽ പിന്നെ മറ്റെന്താണ്..... കൃപായുഗത്തിൽ ദൈവസ്നേഹത്തിന്റെ കരം ഗ്രഹിക്കുവാൻ നമുക്കെല്ലാം കൃപ ലഭിക്കട്ടെ.

Leave a comment