Biju Abraham Atlanta
നിർത്താതെ പെയ്യുന്ന പെരുമഴ പോലെ , സകലതും തകർത്തെറിയുന്ന ചുഴലി കാറ്റ് പോലെ , ദുഃഖ ദുരിതങ്ങളുടെ പ്രളയത്തിൽ മുങ്ങിപ്പോയ ഇയ്യോബിനെപോലെ മറ്റൊരു മനുഷ്യനെ എവിടെയെങ്കിലും കാണുവാൻ പ്രയാസമായിരിക്കും . ദൈവവുമായി അനുദിനം ബന്ധപ്പെട്ടിരുന്ന തന്റെ ബന്ധം മുറിഞ്ഞു പോയി എന്ന് തോന്നിക്കുന്ന പോലെ , ദൈവ ശബ്ദം കേൾപ്പാൻ കഴിയുന്നില്ല . ദിക്കറിയാതെ കടലിൽ വട്ടം ചുറ്റുന്ന കപ്പൽ പോലെ , കൺട്രോൾ ടവർ ഉം ആയി ബന്ധം നഷ്ട്ടപെട്ട വിമാനം പോലെ ചുറ്റിത്തിരിയുന്ന അവസ്ഥ . ദൈവത്തിന്റെ അനുവാദത്തോടെ പരീക്ഷിക്കപെടുന്ന ഇയ്യോബ് . ജ്വലിച്ചു നിൽക്കുന്ന സൂര്യനെ മറച്ചു നിൽക്കുന്ന കരി മേഘങ്ങൾ . ചുറ്റും പേടിപ്പെടുത്തുന്ന ഇരുട്ട് മാത്രം ..കേൾക്കുന്നതെല്ലാം ദുഃഖത്തിന്റെ വാർത്തകൾ മാത്രം . പരിഹാസം ചൊല്ലുന്ന ഭാര്യയും , കുറ്റപ്പെടുത്തുന്ന കൂട്ടുകാരും , മക്കൾ നഷ്ട്ടപ്പെട്ട കഠിന ദുഃഖം . ശരീരം മുഴുവൻ വൃണങ്ങളാൽ ബാധിക്കപ്പെട്ടു നീറി വലയുന്ന ഇയ്യോബ് . അപ്പോഴും അവന്റെ ഉള്ളിൽ നിന്നും ഉയർന്നത് ദൈവ സ്തുതികൾ മാത്രം ആയിരുന്നു . "നിനക്ക് സകലവും കഴിയും എന്നും , നിന്റെ ഉദ്ദേശ്യം ഒന്നും അസാധ്യമല്ലെന്നും ഞാൻ അറിയുന്നു " ദൈവത്തിന്റെ വിടുതലിന്റെ കാറ്റ് തന്റെ ഭക്തന് അനുകൂലമായി വീശുന്നു. അത് കാർമേഘ പാളികളെ ഓടിച്ചകറ്റി ഉദയസൂര്യന്റെ കിരണങ്ങൾ അവനു കാണിച്ചു കൊടുക്കുന്നു . വേദനിപ്പിക്കുന്ന അവസ്ഥകളെല്ലാം ഒരു നിമിഷം കൊണ്ട് മാറിപ്പോയി . അവന്റെ വീട്ടിൽ നിന്നും ഉയരുന്നത് മനസ്സ് മടുപ്പിക്കുന്ന 'ശോകഗാനങ്ങൾ 'അല്ല പ്രത്യുത "ഉല്ലാസത്തിന്റെയും ജയത്തിന്റെയും പാട്ടുകൾ ആ നീതിമാന്റെ കൂടാരത്തിൽ " നിന്നും ഉയരുന്നു ..എത്രത്തോളം ദുഃഖത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപോകുന്നുവോ അതിലും. എത്രയോ ഉയരങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്ന ഒരു നല്ല രക്ഷകൻ നമുക്കായി ജീവിക്കുന്നു .