Biju Abraham Atlanta
പാശ്ചാത്യ നാടുകളിലെ കാലാവസ്ഥ മറ്റു നാടുകളേക്കാൾ വിഭിന്നവും , വ്യതിയാനങ്ങൾ പ്രകടവും ആണ് .പ്രസന്ന സുന്ദരമായ വസന്തകാലത്തിന് വിരാമം കുറിച്ച് മരങ്ങളുടെ ഇലകൾ എല്ലാം മഞ്ഞയായും , ചുവപ്പായും മാറുന്നു .തണുപ്പിന്റെ തണുത്ത കരങ്ങളാൽ ചുറ്റി വരിയപ്പെടുന്ന വസന്തകാലം ശൈത്യകാലത്തിന്റെ കമ്പിളിക്കുള്ളിലേക്ക് കടക്കുവാൻ നിര്ബന്ധിതമാകുന്നു .ഇലകൾ മുഴുവനും നഷ്ടമായി ശിഖരങ്ങൾ ഗ്ലാസ് പോലെയുള്ള ഐസ് കട്ടകൾ കൊണ്ട് മൂടപ്പെടുന്നു . എങ്ങും മരവിച്ച അവസ്ഥ . ഈമരങ്ങൾ ഇനി ജീവിക്കുമോ ? തികച്ചും ന്യായമായ ചോദ്യം . എന്നാൽ ഈ അവസ്ഥ എന്നും തുടരുകയില്ല . ചില നാളുകൾക്കു ശേഷം സൂര്യൻ തന്റെ പുതപ്പുനീക്കി പുറത്തുവരും ; നിർജീവമായതിനെ ജീവിപ്പിക്കുവാൻ , മൂകമായിരുന്നിടത്തു സന്തോഷം പകരുവാൻ . എവിടെയോ മറഞ്ഞിരുന്ന കുഞ്ഞാറ്റകിളികൾ പാട്ടുപാടി ചിറകടിച്ചുയരും . മരവിച്ചുനിന്ന മരങ്ങൾ പുഷ്പങ്ങൾ നിറഞ്ഞു പൂത്തുലയും . ഇതുപോലൊരു സാഷ്യം ദൈവത്തിന്റെ സ്വന്തജനമായ ഇസ്രായേലിന് പറയുവാനുണ്ട് . ഫറവോന്റെ അടിമത്വത്തിൽ നിന്നും ഞങ്ങൾക്കൊരു മോചനം ഉണ്ട് . സന്തോഷത്തിന്റെയും , സമൃദ്ധിയുടെയും , ഊഷ്മളതയിലേക്ക് ഞങ്ങൾ മടങ്ങി വരും . ദൈവഭക്തനായ ഇയോബിന് ഒരു സാക്ഷ്യം ഉണ്ട് . എന്റെ ജീവിതത്തിന്റെ ഈ മരവിച്ച ശൈത്യകാലത്തിനൊരവസാനം ഉണ്ട് . എനിക്ക് നഷ്ട്ടപെട്ടതെല്ലാം തിരികെ തന്നുകൊണ്ടു എന്റെ ജീവിതം ഒരു വസന്ത കാലം പോലെ പുഷ്പ്പിക്കും . നമ്മുടെ നീതിസൂര്യനായ യേശുനാഥന്റെ കനിവിന്റെ കിരണങ്ങൾ നമ്മുടെ മേൽ പതിക്കുമ്പോൾ , നമുക്ക് നഷ്ടമായി എന്ന് നാം കരുതുന്നതെല്ലാം തിരികെ വരും . അവിടെ സന്തോഷത്തിന്റെ കതിരുകൾ വിരിയും .രാത്രിയിൽ കരച്ചിൽ വന്നു രാപാർക്കുമ്പോൾ , ഉഷസ്സിങ്കൽ ആനന്ദഘോഷം വരുന്നു . ഈ ലോകത്തിലെ കാലം മാറി മാറിയും എന്നാൽ കുഞ്ഞാട് വിളക്കായി ശോഭിക്കുന്ന നിത്യപുരിയിൽ എന്നും സന്തോഷത്തിന്റെ വസന്ത കാലം തുടരും .കാരണം ആ രാജ്യം അന്തിമവും , നിത്യവും ആണ് . ആ നിലനിൽക്കുന്ന രാജ്യത്തിലെ പ്രജകൾ ആകുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .