സത്യം മറയപെടുമ്പോൾ

Biju Abraham Atlanta.

“യേശു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു . എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും “

വാക്കു പറഞ്ഞാൽ മാറ്റമില്ലാത്ത യേശുവിന്റെ വാക്കുകൾ . “ലോകത്തിന്റെ അധിപതിയെ “ഏറ്റവും അലോസരപ്പെടുത്തുന്ന വാക്കുകളും ഒരു പക്ഷെ ഇതായിരിക്കും . യേശുവിൽ മരിക്കുന്നവർ നിത്യമായി ജീവിക്കേണ്ടതിന് നിത്യതക്കായി ഉയർക്കും . മരിച്ചുപോകുന്ന പ്രിയപ്പെട്ടവർ താൽക്കാലികമായി നമ്മുടെ ദൃഷ്ടിയിൽ നിന്നും മറയുന്നു എങ്കിലും അവർ യേശുവിന്റെ വഴിയിൽ സഞ്ചരിച്ചവർ എങ്കിൽ അവർ വീണ്ടും പ്രത്യക്ഷപ്പെടുന്നത് ഒരു നിത്യമായ സന്തോഷത്തിലേക്കായിരിക്കും .ആ പ്രത്യാശയാണ് നമ്മെ നന്നായി ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഏക കാര്യവും . അതുകൊണ്ടാണ് കഷ്ടതയിലും , രോഗത്തിലും , മഹാമാരിയുടെ നടുവിലും ക്രിസ്തു ഭക്തർ തളരാതെ നില്ക്കുന്നതും .എന്നാൽ നല്ല ഫലം കായിച്ചുനിൽക്കുന്ന ഒരു നല്ല മരത്തെ കാട്ടുവള്ളികൾ അതിന്റെ ഫലം ശേഖരിക്കുന്നതിൽ നിന്ന് മറച്ചു നിർത്തുന്നത് പോലെ ക്രിസ്തു ആകുന്ന ജീവവൃക്ഷത്തെ ഈ ലോകം മറച്ചു കളയുവാൻ ശ്രമിക്കും . ക്രിസ്തു ഉയർന്നിരിക്കേണ്ട സ്ഥാനത് ലോകം മറ്റ് പലതും ഉയർത്തും . മോടിയുള്ള വീടുകൾ , ജീവനത്തിന്റെ പ്രതാപങ്ങൾ , കുമിളകൾക്ക് തുല്യമായ ധന സമൃദ്ധി …. ക്ഷണത്തിൽ നശിച്ചു പോകുന്ന സൗന്ദര്യം , ആരോഗ്യം . ഇതിൽ എല്ലാം പ്രശംസിച്ചു നടക്കുന്നവർ കാണാതെ പോകുന്നത് ഇതിന്റെ ഒക്കെ ഉള്ളിലായി മറഞ്ഞു നിൽക്കുന്ന ക്രിസ്തു എന്ന ജീവവൃക്ഷത്തെയാണ് .അവൻ നിസ്തുല്യനാണ് , അവനെ പിടിച്ചു നിർത്തുവാൻ മനുഷ്യ നിർമ്മിതമായ ഒരു ആലയത്തിനും സാധിക്കയില്ല . ” കൈപ്പണിയായതിൽ അവൻ വാസം ചെയ്യുന്നില്ല “. എന്നാൽ തന്റെ കൈപ്പണിയായ മനുഷ്യന്റെ ഉള്ളിൽ വസിക്കുവാൻ അവൻ ആഗ്രഹിക്കുന്നു . ഈ യേശു ലോകത്തിന്റെ വെളിച്ചമായി നമ്മിൽ ക്കൂടി പ്രകാശിക്കേണം . അന്ധകാരത്തിൽ അലയുന്നവർ നമ്മിൽ ക്കൂടി യേശുവിനെ അറിയണം . പലതും നമുക്ക് മറച്ചു വെക്കാം എന്നാലും ഉയർന്നു നിൽക്കുന്ന ക്രൂശിന്റെ ദൃഷ്ടിയിൽ നിന്നും ഉയരുന്ന ആ കണ്ണുകൾ എല്ലാം കാണുന്നു . ആ സത്യത്തെ കുഴിച്ചു മൂടുവാൻ ശ്രമിച്ചവർ എല്ലാം എക്കാലവും ലജ്ജിതർ ആകും . ലോകം യഥാർത്ഥ സത്യത്തെ മറക്കുവാൻ ശ്രമിക്കുമ്പോൾ ലോകത്തിന്‌ വെല്ലുവിളിയായി ആ സത്യം വീണ്ടും വെളിപ്പെടും . അത്തി തളിർത്തിരിക്കുമ്പോൾ ഒന്നറിയുക വേനൽ അടുത്തിരിക്കുന്നു എന്ന് .

Leave a comment