ഉയരുന്ന ക്രൂശ് (ഭാവന )


Biju Abraham Atlanta .

നേതാവേ അറിഞ്ഞോ ഒരു രക്ഷകൻ ഭൂമിയിൽ ജനിച്ചിരിക്കുന്നു .
എടാ കൊച്ചുപിശാചേ നിന്നോടിതാര് പറഞ്ഞു .
അത്‌ പിന്നെ നേതാവിന്റെ കൂടെ പണ്ട് അങ്ങ് “പാട്ടു ഗ്രുപ്പിൽ” ഉണ്ടായിരുന്ന മൂന്നാല് ദൂതന്മാർ പറന്ന് നിന്ന് പാടുന്നത് ഞങ്ങൾ കേൾക്കുകയും കാണുകയും ചെയ്തു .
എടാ അവർ എന്തോ ടൈപ്പ് പാട്ടാ പാടിയത് .
അത്‌ നമുക്കു തലവേദന ഉണ്ടാകുന്ന ഒരു മാതിരി പാട്ടാ . “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം , ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം “
ഹോ അതിന്റെ ഒരു ട്യൂണേ ,കേട്ടാൽ തല പൊട്ടി പോകും . ഏതായാലും സംഗതി നമുക്ക് കുഴപ്പമാ എന്നാ തോന്നുന്നേ . വെറുതെ പേടിക്കണ്ടടാ ഈ ഭൂമിയിലെ സകലവും എന്റെ അധീനതയിൽ കിടക്കുമ്പോൾ ആര് ആരെ രക്ഷിക്കാൻ ?
ഏതായാലും നിന്റെ ഒരു കണ്ണ് ഈ “രക്ഷകൻ കുഞ്ഞിന്റെ” മേൽ എപ്പോഴും ഉണ്ടായിരിക്കണം . നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് ഒന്നും സംഭവിക്കരുത് .
അത്‌ ഞാനേറ്റു നേതാവേ കൈ വളരുന്നോ ,കാൽ വളരുന്നോ എന്നൊക്കെ നോക്കി ഞാൻ ആ പരിസരത്തൊക്കെ ചുമ്മാ ഇരുന്നോളാം .
നീ ഒരു കുഴി മടിയൻ തന്നെ ചുമ്മാതല്ല നിന്നെ കൊച്ചു പിശാച് എന്ന് വിളിക്കുന്നത് .
നീ എന്നെ നോക്ക് ഭൂമി മുഴുവൻ ഊടാടി നടന്ന് ഞാൻ സകല മനുഷ്യർക്കും തലവേദന ഉണ്ടാക്കുന്നു . കുടുംബ ബന്ധങ്ങളെ തകർത്തെറിയുന്നു , ഭാര്യയെ ഭർത്താവിനെതിരെ തിരിക്കുന്നു , മക്കൾ അമ്മയപ്പന്മാരെ അനുസരിക്കാതിരിക്കാൻ ഞാൻ അവരിൽ പ്രത്യേക ശ്രദ്ധ നൽകുന്നു .
അങ്ങനെ ഞാൻ എനിക്കായി ഒരു വലിയ കൂട്ടത്തെ എന്റെ കൂടെ നിർത്തുന്നു .
താൽക്കാലികമായി ഞാൻ അവർക്ക് നൽകുന്ന’ സ്റ്റിമുലസ് പാക്കേജുകളിൽ ‘ സന്തോഷിച് അവർ ദൈവത്തെ മറക്കുന്നു .
ഏത് “അത്ഭുത മന്ത്രി ” വന്നാലും “വീരനാം ദൈവം ” നേരിട്ടിറങ്ങിയാലും ആര് ഇവന്മാരെ രക്ഷിക്കും ?
ദൈവം തോട്ടത്തിൽ മനുഷ്യന് നല്കിയ കൽപ്പന തകർക്കുവാൻ എനിക്ക്‌ നിമിഷങ്ങൾ . മതിയായിരുന്നു . ഇനിയും മനുഷ്യന്റെ മുൻപിൽ ഏത് പദ്ധതി ദൈവം കൊണ്ടുവന്നാലും ഞാൻ അത്‌ തകർക്കും .
പക്ഷെ ഇത്‌ എനിക്ക്‌ മനസിലാകുന്നില്ല .
ഈ രക്ഷകനെ ജീവനോടെ വിടാൻ എനിക്ക്‌ സാധിക്കില്ല . കാരണം ദൈവം പിശാചിന്റെ ആജന്മശത്രു ആണ് . അതിനാൽ അവൻ മരിച്ചേ തീരു . എന്നാൽ അവൻ മരിച്ചാൽ ജനങ്ങൾ അവനോടുള്ള കടപ്പാടിൽ അവനായി ജീവിക്കും . ഇതൊരു അഴിയാ കുരുക്കാണല്ലോ . ആ കുഴപ്പമില്ല നമുക്കു നോക്കാം . അസൂയയുടെയും , കുബുദ്ധിയുടെയും വാക്‌സിൻ ഞാൻ മനുഷ്യരിൽ ഇൻജക്‌ട് ചെയ്യും . മനുഷ്യരെ ഞാൻ ഭിന്നിപ്പിക്കും . ‘divide and rule ‘ അതായിരിക്കും എന്റെ മുദ്രാവാക്യം . യേശുവിനെ ആരാധിക്കാൻ വിടാതെ ഞാൻ അവരുടെ ആരാധന മറ്റു പലരിലേക്കും , മറ്റ് പലതിലേക്കും തിരിക്കും . യേശുവിനെ ആരാധിക്കേണ്ടവർ , അവന്റെ കൽപ്പന അനുസരിക്കേണ്ടവർ സത്യ പാതയറിയാതെ വലഞ്ഞു സത്യദൈവത്തെ കാണാതെ നശിക്കും .
എന്നാലും നിന്നോട് ഞാൻ ഒരു സത്യം പറയാം . അങ്ങകലെ കാൽവറി മലയുടെ മുകളിൽ ഞാൻ ഒരു പച്ച മരകുരിശ് കാണുന്നു
അതിൽ പിടഞ്ഞു മരിക്കുന്ന യേശുവിനെ ഞാൻ കാണുന്നു .അവനിൽ നിന്നും വാർന്നൊലിക്കുന്ന ആ രക്തം എന്നെ പേടിപ്പിക്കുന്നു . ആ രക്തം അനേകരുടെ പാപം മോചിക്കുന്നു . അത്‌ അനേകരെ വിടുവിക്കുന്നു , അനേകർ എന്റെ വലയിൽ നിന്നും വഴുതിപ്പോകുന്നു .
പ്രതിവിധി ഒന്നും കാണുന്നില്ല . ഒന്ന് മാത്രം ജനം അവനെ ആരാധിക്കരുത് , ആരാധിച്ചാൽ അവർക്ക് വിടുതലും , വിജയവും ഉണ്ട് . അത്‌ സംഭവിച്ചുകൂടാ .പക്ഷെ അത്‌ എങ്ങനെയാ “സാത്താനെ എന്നെ വിട്ടുപോകു നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച് അവനെ മാത്രമേ ആരാധിക്കാവൂ ” എന്ന് എഴുതി വച്ചിരിക്കയല്ലേ . ഒരു കാര്യം ഉറപ്പാണ് ജനം യേശുവിൽ നിന്നകന്നാൽ അവർക്ക് പരാജയവും അവനോട് അടുക്കുന്നവർക്ക് വിജയവും ഉറപ്പ് . ഒരു സത്യം പറയാം .അന്തിമ വിജയം യേശുവിന് തന്നെ കാരണം അവൻ സത്യദൈവം തന്നെ .!

Leave a comment