Biju Abraham Atlanta.
പ്രതീക്ഷ അറ്റവരുടെ നിലവിളി …….നഷ്ടപ്പെട്ടതിന്റെ നിലവിളി ,കഷ്ട്ടപെടുന്നവരുടെ നിലവിളി …… നല്ല ഇടയൻ എല്ലാം കേൾക്കുന്നു .
“ഞാൻ നല്ല ഇടയൻ ആകുന്നു നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു “. യേശു പറഞ്ഞ വാക്കുകൾ , “യേശു പ്രവർത്തിച്ചു കാണിച്ച “വാക്കുകൾ . ആ നല്ല ഇടയൻ ആടുകൾക്കായി തന്റെ ജീവനെ നല്കി .
ഒരു മനുഷ്യന് നൂറ് ആട് ഉണ്ടെന്നിരിക്കട്ടെ .അതിൽ ഒന്ന് നഷ്ട്ടപെട്ടാൽ ബാക്കി തൊണ്ണൂറ്റി ഒൻപതിനേയും വിട്ടിട്ട് . നഷ്ട്ടപെട്ടതിനെ തിരഞ്ഞു പിടിച്ചു യഥാസ്ഥാനപ്പെടുത്തുന്ന ഒരു നല്ല ഇടയൻ .
നഷ്ട്ടപെട്ടതിനെ അനേഷിക്കുമ്പോൾ ഇടയന് ഒന്നറിയാം “ഒന്ന് “മാത്രമേ നഷ്ട്ടപ്പെട്ടു എന്ന് .അതായത് തന്റെ ആടുകൾ ഓരോന്നിന്റെ മേലും തന്റെ ദൃഷ്ടി ഉണ്ട് എന്ന് സാരം .നഷ്ട്ടപ്പെടുന്നതിനെ കണ്ടെത്തുന്നതിനായി എന്തു ത്യാഗവും സഹിക്കാൻ തയാറുള്ള ഒരു നല്ല ഇടയൻ . “മുള്ളുകൾ നിറഞ്ഞ വഴിത്താരകളിലും ആ സ്നേഹവും കരുതലും തേടിയെത്തും “. കാൽവരിയോളം ആ സ്നേഹം നമ്മെ തേടി വന്നു . നഷ്ട്ടപെട്ടതിന്റെ നിലവിളിക്കായി കാതോർതിരിക്കുന്ന യേശു എന്ന നല്ല ഇടയൻ . “ദാവീദ് പുത്രാ എന്നോട് കരുണ ഉണ്ടാകണമേ “എന്ന നിലവിളിയുടെ ഉറവിടം കണ്ടെത്തി കുരുടന് സൗഖ്യം നല്കിയ ഇടയൻ . വലിയ പുരുഷാരം തിക്കി തിരക്കുമ്പോൾ പന്ത്രണ്ട് വർഷം ശാരീരിക വ്യഥ അനുഭവിച്ച ഒരു സാധു സ്ത്രീയുടെ “നിശബ്ദ തേങ്ങലുകൾക്ക് “മുൻപിൽ തന്റെ “വസ്ത്രത്തിന്റെ തൊങ്ങലിൽ “ക്കൂടി മറുപടി നല്കിയ നല്ല ഇടയൻ യേശു .മറുകരയിൽ ശവ കല്ലറകൾക്ക് നടുവിൽ ബഹുശതം ഭൂതങ്ങൾ ബാധിക്കപ്പെട്ടു ആരാലും രക്ഷിക്കുവാൻ സാധ്യമല്ലാതിരുന്നവനെ തേടിയെത്തുന്ന നല്ല ഇടയൻ . ശിഷ്യ ഗണങ്ങൾ കേൾക്കാതിരുന്ന ആ ഭൂത ഗ്രസ്തന്റെ നിലവിളി ആ നല്ല ഇടയൻ മാത്രം കേട്ടു . വേദനയോടെ നിലവിളിക്കുന്നവർ , നിശബ്ദമായി തേങ്ങുന്നവർ , എന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരത്തിന് ഇനിയും സാധ്യത കാണുന്നില്ല എന്ന് തല തല്ലി കരയുമ്പോൾ ഒന്ന് ഓർക്കുക . മരിച്ചു നാലു ദിവസം കഴിഞ്ഞ ലാസറിന്റെ വീട്ടിലേക്ക് ജീവന്റെ തുടിപ്പുമായി ചെന്ന് വിലാപ ഭവനത്തെ സന്തോഷ ഭവനമാക്കിയവൻ യേശു .അവൻ എല്ലാം അറിയുന്നു . ആശയറ്റ സ്ഥാനത്തു നമ്മുടെ നിലവിളി ഉയർന്നാൽ ഒരു കാര്യം ഉറപ്പാണ് അവിടെ വിടുതൽ നടക്കും എന്നത് . അവിടെ അത്ഭുതം നടക്കും തീർച്ച , അതിൽ എല്ലാം ഉപരി ആ ഇടയനിൽ നിന്നും “നിത്യജീവന്റെ ജീവിപ്പിക്കുന്ന മൊഴികളും “നാം കേൾക്കും . “അധ്വാനിക്കുന്നവരും , ഭാരം ചുമക്കുന്ന ഏവരുമായുള്ളവരെ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും “
എന്ന് വിളിച്ചുപറഞ്ഞ യേശു ഇന്നും നമ്മുടെ ഓരോ നിശബ്‌ദ തേങ്ങലുകളും കേൾക്കുന്നു . സകലത്തിനും മറുപടി ആ നല്ല ഇടയന്റെ പക്കൽ ഉണ്ട് . “നാളുകൾ “നമുക്ക് മുൻപിൽ സുധീർഘമായി തോന്നിയാലും “അവന്റെ സമയത്തിൽ “അത് വെളിപ്പെടുക തന്നെ ചെയ്യും .”അവന്റെ പ്രവർത്തികൾക്ക് അതിരുകളില്ല ,അവന്റെ സ്നേഹത്തിന് അളവുകളും ഇല്ല” . നമ്മെ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു നല്ല ഇടയൻ ആണ് യേശു .പച്ചമേച്ചിൽ പുറങ്ങളും ,സ്വസ്ഥയുള്ള വെള്ളവും നമുക്കായി ഒരുക്കുന്ന ഒരു നല്ല ഇടയൻ . ആ നല്ല ഇടയനിൽ ആശ്രയം വയ്ക്കുന്നവർ ലജ്ജിതരാകില്ല നിശ്ചയം .