പ്രോത്സാഹനം

Biju Abraham Atlanta.

സുന്ദരമായി പാടുന്ന കുയിലിനും , രമ്യമായി നൃത്തം ചെയ്യുന്ന മയിലിനും പ്രോത്സാഹനം നൽകുവാൻ , കൈയ്യടിക്കുവാൻ ആരും ഇല്ല എങ്കിലും , അവർ തങ്ങളുടെ പ്രവർത്തി തുടർന്നു കൊണ്ടേയിരിക്കും . കാരണം അത്‌ അവയുടെ ജീവന്റെ ഭാഗം ആണ് . പാട്ടു നിർത്തിയാൽ കുയിലിന്റെ മേന്മയും , നൃത്തം നിർത്തിയാൽ മയിലിന്റെ ഭംഗിയും അസ്തമിക്കും . നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയിലും നമ്മുടെ ജീവൻ തുടിക്കണം , അപ്പോൾ അത്‌ മനോഹരവും ,ഉത്തമവും ആകും .

നാം കാണുന്നില്ലെങ്കിലും നമ്മെ കാണുന്ന , നമ്മുടെ സത് പ്രവർത്തികളിൽ സന്തോഷിക്കുന്ന , നമ്മെ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു ദൈവം ഉണ്ട്‌ . ആരും കാണാതെ നാം ചെയുന്ന ഓരോ നല്ല പ്രവർത്തികൾക്കും അവന്റെ പക്കൽ പ്രതിഫലം ഉണ്ട് . എന്തെല്ലാം തടസ്സങ്ങൾ മുൻപിൽ വന്നാലും അരുവി നിർഗ്ഗളമായി ഒഴുകും . അതിന്റെ ഒരിറ്റ് നനവിനായി ദാഹിച്ചിരിക്കുന്ന വൃക്ഷ ലതാദികളെ അത്‌ നിരാശപ്പെടുത്തില്ല . അതിന്റെ അവസാന തുള്ളി ജീവരസവും അത്‌ നല്കികൊടുക്കും . സൗരഭ്യം പരത്തി നിൽക്കുന്ന റോസാച്ചെടി തന്റെ ജീവരസം ഒപ്പിയെടുത്തുകൊണ്ട് അടുത്ത ചെടിയിലേക്ക് പറന്നു പോകുന്ന കരിവണ്ടിനെ തന്റെ മുള്ളുകളാൽ കുത്തി നോവിക്കില്ല . നാം ഈ പകൃതിയിൽ കാണുന്നതെല്ലാം സാധന പാഠങ്ങളായി നമുക്കു മുന്പിലുണ്ട് . സൃഷ്ടിയിലൂടെ സൃഷ്ട്ടാവിന്റെ മഹത്വം കാണുക . ലോകരക്ഷകനായ യേശുവിനെ ലോകത്തിന്‌ കാണിച്ചുകൊടുക്കുവാൻ പറ്റിയ ഏറ്റവും നല്ല കാര്യം നാം നമ്മെ തന്നെ യേശുവിനായി രൂപപ്പെടുത്തി ലോകത്തിന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കുക എന്നതാണ് .സർവ ശക്തിയും , ദൂത പരിരക്ഷയും മാറ്റി വെച്ചുകൊണ്ട് പീലാത്തോസിന്റെ കൊട്ടാരത്തിൽ ഒരു കുഞ്ഞാടിനെപ്പോലെ നിന്ന യേശുവിന്റെ മാതൃക , അതാകണം ക്രിസ്ത്യാനിയുടെ മുഖമുദ്ര . അവിടെ പ്രോത്സാഹനത്തിന്റെ ആരവ ശബ്ദങ്ങളോ , കരഘോഷമോ മുഴങ്ങുകയില്ലായിരിക്കും , എന്നാൽ സ്വർഗം അതെല്ലാം കുറിച്ച് വെക്കും .പ്രതിഫലം നൽകുന്ന നാളിൽ നിന്റെ കരങ്ങൾ ബലപ്പെട്ടു തന്നെയിരിക്കും . ഒരു മനോഹരമായ കഥയുണ്ട് . ഒരു ഗുരുവിന്റെ രണ്ട് ശിഷ്യന്മാർ തങ്ങളുടെ വിദ്യകൾ എല്ലാം പൂർത്തിയാക്കി . ഗുരുകുല പാഠ്യ പദ്ധതിയിലെ അവസാന പരീക്ഷ . ഗുരു രണ്ട് പേരെയും വിളിച്ചു . നിങ്ങള്ക് ഞാൻ ഓരോ മുറികൾ തരും . സന്ധ്യക്ക്‌ മുൻപേ നിങ്ങൾ ആമുറി നിറയ്ക്കണം . അത് എങ്ങനെ ചെയ്യാം എന്ന് നിങ്ങൾക്ക് തീരുമാനിക്കാം . രണ്ട് ശിഷ്യന്മാരും ആലോചനയിലായി . എങ്ങനെ , എന്തുകൊണ്ട് ഞാൻ എന്റെ മുറി നിറക്കും ? സമയം കടന്നുപോകുന്നു . ഹാ എത്ര എളുപ്പം , ചിതറി കിടക്കുന്ന ചപ്പുചവറുകൾ വാരിയെടുത്തുകൊണ്ടുവന്ന്‌ ഒരുവൻ തന്റെ മുറി നിറച്ചു . ആരും മൂക്ക് പൊത്തിപ്പോകുന്ന ദുർഗന്ധം വമിക്കുന്ന മുറി . അവൻ വാതിൽ പുറത്തുനിന്നും ബന്ധിച് ഗുരുവിന്റെ വരവിനായി കാത്തുനിന്നു . അപ്പോൾ ആണ് അവൻ തന്റെ കൂട്ടുകാരന്റെ മുറിയിലേക്കു നോക്കിയത് . ഒന്നും ആയിട്ടില്ല . ഇനിയും ചുരുങ്ങിയ സമയമേ മുൻപിൽ ഉള്ളൂ . വിഡ്ഢി “കിട്ടുന്നത് എന്തെങ്കിലും കൊണ്ട് മുറി നിറക്കാതെ സമയം നഷ്ടപ്പെടുത്തുന്ന ഭോഷൻ”. ഇവൻ ഈ പരീക്ഷയിൽ തോറ്റത് തന്നെ .”നിറക്കാൻ പറഞ്ഞാ നിറയ്ക്കണം അനുസരിക്കാൻ പഠിക്കണം “അതാണ് അവനില്ലാത്ത പല ഗുണങ്ങളിലും ഒന്ന് . അവന്റെ മുഖത്തു വിടർന്ന ഒരു പുഞ്ചിരി അത്‌ പരിഹാസത്തിന്റെ ചിരിയായിരുന്നു . മറ്റേ ശിഷ്യൻ അവന്റെ മുറി വൃത്തിയായി അടിച്ചു വാരി , മാറാലകൾ നീക്കി ഭംഗിയാക്കി . അവൻ പുറത്തേക്കുപോയി . മടങ്ങിവന്നത് ഒരു ചെറിയ പൊതിയും ആയി . അവൻ ആ പൊതി തുറന്ന് അതിൽ ഉണ്ടായിരുന്ന സുഗന്ധ ദ്രവ്യങ്ങളും , സുഗന്ധം പരത്തുന്ന തിരികളും കത്തിച്ചു മുറിക്കുള്ളിൽ വെച് മുറി അടച്ചു . മുറി മുഴുവൻ സുഗന്ധം നിറഞ്ഞു .
നോക്കുക . ഒരേ ഗുരുവിന്റെ രണ്ട് ശിഷ്യന്മാർ . നൽകപ്പെട്ട നിർദേശം ഒന്ന് . പക്ഷെ പ്രകടമായ ഒരു വിത്യാസം അവിടെ ഉണ്ട് . മനോഭാവത്തിലും , വീക്ഷണത്തിലും ഉള്ള വ്യത്യാസം . ഗുരു വന്ന് ആദ്യത്തെ മുറി തുറന്നു . മൂക്കും പൊത്തി ഓടി . അടുത്ത മുറി തുറന്നു . എങ്ങും സൗരഭ്യം . ദുർഗന്ധം അകറ്റുന്ന സുഗന്ധം എങ്ങും പടർന്നു . ഗുരു തന്റെ വിജയിയായ ശിഷ്യനെ മനസ്സ് നിറഞ്ഞു ആശീർവദിച്ചു . ഇത് നൽകുന്ന ഒരു പാഠം ഉണ്ട് . ഗുരുവിന്റെ മനസ്സറിയുക . പ്രവർത്തിയുടെ “അളവിലല്ല” അതിന്റെ “മനോഹാര്യതയിലാണ്” ഗുരുവിന്റെ പ്രസാദം വെളിപ്പെടുന്നത് . “നല്ല ഗുരുവിന്റെ”വാക്കുകളെ വ്യക്തമായി മനസ്സിലാക്കി അവന് വേണ്ടി പ്രവർത്തിച്ചു വിജയിക്കുക .

Leave a comment