Biju Abraham Atlanta.അങ്ങനെ ആ കല്ലറയുടെ ആഗ്രഹം പൂർത്തിയായി . പുതുതായി വെട്ടിയുണ്ടാക്കിയ ഒരു കല്ലറ . ശൂന്യമായിരുന്ന തന്റെ ഉള്ളിലേക്ക് ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും വിശേഷതയുള്ളയാൾ കടന്നു വന്നു . മരണത്തിന്റെ കോട്ടകൊത്തളങ്ങൾക്ക് കാവൽ നിൽക്കുന്ന ആ കല്ലറ ഏറ്റവും അഹങ്കരിച്ചുനിന്നഒരു നിമിഷം . എന്നാൽ ആ അഹങ്കാരം ദിവസങ്ങൾക്കുള്ളിൽ തകര്ന്നടിഞ്ഞു . ലോകത്തിൽ ആദ്യമായി മരണത്തിന്റെ മുഖത്തേറ്റ ആദ്യത്തെ പ്രഹരം .ആകല്ലറയോട് മറ്റു പല കല്ലറകളും നിരവധി ചോദ്യങ്ങൾ ചോദിച്ചു . ആരായിരുന്നു ആ വ്യക്തി ? ഞാൻ അടക്കി വെച്ചിരിക്കുന്ന സാഹിത്യ നഭോ മണ്ഡലത്തിലെ ചക്രവർത്തി വില്യം ഷേക്‌സ്‌പിയറിനേക്കാൾ വലിയവനോ ? എന്റെ മടിയിൽ നിത്യ നിദ്രകൊള്ളുന്ന മഹാനായ അലക്സൻഡറെ കാൾ വലിയവനോ ? ലോകത്തെ വിറപ്പിച്ച നെപ്പോളിയൻ എന്റെ ഉള്ളിൽ ഉറങ്ങുന്നു , അതിലും വലിയവൻ ആര് ? മറ്റൊരു കല്ലറയുടെ ചോദ്യം ഉയർന്നു . അങ്ങനെ ഒരായിരം മഹത് വ്യക്തികളെ അടക്കിവാഴുന്ന മറ്റു കല്ലറകളുടെ ചോദ്യങ്ങൾ . അവൻ ആരായിരുന്നു ? മറുപടി പറഞ്ഞേ മതിയാകു .
ഒടുവിൽ നിരാശയോടെ ആ തുറക്കപ്പെട്ട കല്ലറ ആ സത്യം ലോകത്തോട് വിളിച്ചു പറഞ്ഞു ” അവൻ ഇവിടെയില്ല . അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു ” കാരണം അവൻ സാക്ഷാൽ ദൈവ പുത്രൻ ആയിരുന്നു . അവൻ മരണത്തിന്റെ സ്വേച്ഛാധികാരം തകർത്തെറിഞ്ഞു . എനിക്ക് മാത്രമല്ല നഷ്ട്ടം വരുന്നത് . അടഞ്ഞുകിടക്കുന്ന മറ്റ് കല്ലറകളെ ചൂണ്ടിക്കാട്ടി ലോകത്തിൽ തുറന്നു കിടക്കുന്ന ആ കല്ലറ ഇങ്ങനെ വിളിച്ചുപറഞ്ഞു .അവന്റെ വീണ്ടും വരവിൽ അടക്കപ്പെട്ടിരിക്കുന്ന എല്ലാ വിശുദ്ധന്മാരുടെ കല്ലറകളെയും അവൻ ശൂന്യമാക്കും . കാരണം അവൻ ദൈവപുത്രനായ യേശുവാണ് . സർവത്തിന്റെയും പരമാധികാരിയും അവസാന വാക്കും അവന്റേതുതന്നെ .