Biju Abraham Atlanta.
സഹായം ആവശ്യമായുള്ള മനുഷ്യവർഗ്ഗത്തിന്റെ പ്രതിനിധിയായി ലാസർ നിലകൊള്ളുന്നു . സഹായിക്കാൻ ഒരുവൻ മാത്രം . അത് യേശു ആണ് .യേശുവിനെ അവന്റെ ശക്തിയെ പൂർണമായി മനസ്സിലാക്കിയിട്ടില്ലാത്ത മനുഷ്യവർഗം . പ്രശ്നങ്ങളിൽ നാം പതറി പോകുന്നു . കൊടും കാറ്റിൽ നമ്മൾ ഭയപരവശരായി വലഞ്ഞുപോകുന്നു . ഇളകുന്ന ജീവിത പടകിനെ നോക്കി നാം പ്രാണ ഭയത്താൽ നിലവിളിക്കുന്നു . മരിച്ചാലും ജീവനിലേക്കു മടക്കിവരുത്തുവാൻ കഴിവുള്ളവൻ കൂടെയുള്ളപ്പോൾ നാം വെറുതെ ഭയപ്പെടുന്നു .
പടക് തകർന്നാലും നാം താഴേക്കു താഴുന്നത് യേശുവിനൊപ്പം ആയിരിക്കും എന്നും ആയതിനാൽ അങ്ങനെ സംഭവിച്ചാൽ തന്നെയും നമ്മെ കൈപിടിച്ചുയർത്തി എടുക്കുവാൻ ശക്തൻ ആണ് യേശു എന്ന സത്യം പാടെ മറന്നുകൊണ്ട് പ്രതിസന്ധിവേളകളിൽ നാം നിലവിളിക്കുന്നു . ആ നിലവിളിയാണ് ലാസറിന്റെ വീട്ടിലും ഉയർന്നത് . ” നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ ഞങളുടെ സഹോദരൻ മരിക്കയില്ലായിരുന്നു ” എന്താണ് ഇത് വെളിപ്പെടുത്തുന്നത് ? യേശു പടകിൽ തൊട്ടരികിൽ ഉറങ്ങുമ്പോഴും പ്രാണഭയത്താൽ ശിഷ്യന്മാർ അലറുന്ന തിരകളെനോക്കി പ്രാണഭയത്താൽ നിലവിളിച്ചു . എന്തേ അവർ നിലവിളിക്കുന്നു . ഉത്തരം ലളിതം . പ്രാണഭയം . അറിയേണ്ടപോലെ യേശുവിനെ അറിഞ്ഞിരുന്നു എങ്കിൽ ഈ നിലവിളി ഒരിക്കലും അവിടെ ഉയരുകയില്ല . ലാസർ മരിച്ചു എല്ലാ പ്രതീക്ഷകളും തകർന്നടിഞ്ഞ ഒരു കുടുംബത്തിന്റെ നിലവിളി . യേശു അടുത്തുനിൽക്കുമ്പോഴും പരിവേദനങ്ങളും , കരച്ചിലും ഉയരുന്ന ഭവനം . ശക്തനായി ഏത് പ്രതിസന്ധിയിൽ നിന്നും നമ്മെ വിടുവിക്കുവാൻ തയാറായി യേശുവിന്റെ സാമീപ്യം നമ്മോടൊപ്പം ഉള്ളപ്പോളും വെറുതെ നിലവിളിക്കുന്നവരല്ലേ നമ്മൾ . യേശുവിന്റെ പ്രവർത്തി വെളിപ്പെടുന്നത് അവന്റെ സമയത്തു മാത്രം . കാനാവിൽ വിരുന്നുവീട്ടിൽ അത് വെളിപ്പെട്ടത് അവന്റെ സമയത്തു മാത്രം . മരിച്ച ലാസറിന്റെ ഉയിർപ്പ് സംഭവിച്ചത് അവന്റെ സമയത്തു മാത്രം . അതാണ് അത് അത്ഭുതമായും ആശ്ചര്യവും ആയി തീരുന്നത് .
അവസാനം ലഭിച്ച വീഞ്ഞ് പോലെ അതിന് മധുരിമ ഉണ്ടാകും . അവന്റെ പ്രവർത്തികൾ അനുസ്യുതം തുടർന്നുകൊണ്ടേയിരിക്കും . ഒന്ന് മാത്രം അവൻ എന്തിനും ശക്തൻ ആണ് എന്ന് ഉറച്ചു വിശ്വസിക്കുക അത്രമാത്രം .