Biju Abraham Atlanta.
കടന്നു പോയ കാലങ്ങളുടെ കണക്ക് പുസ്തകത്തിൽ ഒരു താൾ കൂടി തുന്നി ചേർത്തുകൊണ്ട് നാളുകൾ അതിവേഗം മുൻപോട്ട് കുതിക്കുന്നു . സംഭവബഹുലമായ 2021 നമ്മൾക്ക് ഓർമ്മയായി കടന്ന് പോയി . മാരകമായ മഹാ മാരി പല കുടുംബങ്ങളിലും കണ്ണുനീർ വീഴ്‍ത്തി .ഇന്നും ആരും തളക്കാത്ത കുതിരയെ അത് പോലെ കുതിച്ചു പായുന്നു . ഇതിന്റെ നടുവിലും ശുഭപ്രതീക്ഷയോടെ “ഒരു നല്ല നാൾ “വരും എന്ന പ്രതീക്ഷ യോടെ നമ്മൾ ജീവിക്കുന്നു . വിശുദ്ധ ബൈബിൾ അസന്നിഗ്ദ്ധമായി പറയുന്നു ” അന്ത്യകാലത്തു ദുർഘട സമയങ്ങൾ വരും , മനുഷ്യർ സ്വസ്നേഹികളും , വമ്പു പറയുന്നവരും ….. പലരുടെയും സ്നേഹം തണുത്തു പോകും … ” ഇതൊക്ക സംഭവിക്കുമ്പോൾ ഒരു കാര്യം തീർച്ചയാണ് . നമ്മുടെ വിമോചകന്റെ വരവ് നമ്മൾ ചിന്തിക്കുന്നതിനേക്കാൾ അടുത്തിരിക്കുന്നു എന്ന് . കോടികൾ നമ്മുടെ ബാങ്കുകളിൽ വന്നില്ലെങ്കിലും , സമൃദ്ധിയിൽ നാം കോരിത്തരിച്ചില്ലെങ്കിലും ഇല്ലായ്മയുടെ നടുവിലും പ്രതീക്ഷ വിടാതെ ജീവന്‌വേണ്ടി പൊരുതി നടുക്കടലിൽ മരത്തടിയിൽ പിടിച്ചു കൊണ്ട് കിടക്കുന്ന ഒരു മനുഷ്യനെ പോലെ രക്ഷിക്കുവാൻ ആരെങ്കിലും വരും എന്ന ചിന്തയിൽ ജീവിതം മുൻപോട്ട് നയിക്കുന്നവർ അനവധി ഉണ്ട് . അവർക്ക് മറ്റ് പലർക്കും ഇല്ലാത്ത ഒന്നുണ്ട് അതിന്റെ പേരാണ് “ശുഭ പ്രതീക്ഷ “. ഒരു യഥാർത്ഥ ക്രിസ്തു ഭക്തന് ഒന്നറിയാം എന്തെല്ലാം വന്നാലും അവന്റെ വിമോചകനായി യേശുക്രിസ്തു വെളിപ്പെടും തീർച്ച . കഷ്ട്ടതയും പ്രയാസങ്ങളും രോഗങ്ങളും ഇല്ലാത്ത ഒരു “നിത്യ രാജ്യത്തിൽ “നമ്മെ ചേർക്കുവാൻ അവൻ വേഗം വരുന്നു .
ഒരുങ്ങി നിൽക്കുന്നവർ മാത്രം ചേർക്കപ്പെടും .
2022 ൽ ആ മണിനാദം മുഴങ്ങുമോ ?
ദൈവം സഹായിക്കട്ടെ .