ഒരു പ്രത്യേക പ്രാർത്ഥന ഉടൻ തന്നെ വിടുതലും .

Biju Abraham Atlanta.


ആര് ആയിരിക്കും അങ്ങനെ പ്രാർഥിച്ചത് ? എങ്ങനെ ആയിരിക്കും ആ വിടുതൽ നടന്നത് . ” നിഷ്കളങ്കനും ദോഷം വിട്ടകലുന്നവനും ” ആയ ഒരു മനുഷ്യൻ . എന്നിട്ടും അവൻ വലിയ ഒരു ദുരിതത്തിൽ ആയി തീർന്നു . അതെന്താ അങ്ങനെ സംഭവിക്കാൻ ? കാരണം മറ്റൊന്നും അല്ല , സാത്താൻ അവന്റെ മേൽ ദൃഷ്ടി വെച്ചു എന്നത് തന്നെ . ഒരു യഥാർത്ഥ ഭക്തൻ എങ്ങനെ ആയിരിക്കണം എന്ന് ലോകത്തിന്‌ ഒരു അടയാളം ആകുവാൻ വേണ്ടി ദൈവം അവനെ പരീക്ഷിക്കുവാൻ സാത്താന് അനുമതി കൊടുത്തു . എന്നാൽ ആ പരീക്ഷയുടെ വിജയം ദൈവം മുൻപേ അറിഞ്ഞിരുന്നു . ഇയ്യോബിന്റെ മുൻപിൽ കണ്ണുനീരും , ദുഖവും മാത്രം , എന്നാൽ അതിന്റെ ശുഭ പരിസമാപ്തി കാണുന്നത് ദൈവം മാത്രം . ദുഃഖത്തിന്റെ ആഴക്കടലിൽ മുങ്ങിത്താഴുമ്പോഴും തന്നെ കൈപിടിച്ച് ഉയർത്തും എന്ന വിശ്വാസം കൈവിടാത്ത ഭക്തൻ . അവൻ നിലവിളിച്ചു പ്രാർത്ഥിച്ചു പ്രത്യേകിച്ചും അവന്റെ കഷ്ടതയിൽ അവനോട് കൂടിയിരുന്നു പ്രാര്ഥിക്കേണ്ട സ്നേഹിതർ ‘ അവനെ കുറ്റപ്പെടുത്തിയപ്പോൾ സംശയിച്ചപ്പോൾ “. ഇയ്യോബ് തന്റെ സ്‌നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചു അപ്പോൾ യഹോവ അവന്റെ സ്ഥിതിക്ക് ഭേദം വരുത്തി “. അവനാണ് ഇയ്യോബ് . സകലവും ഓരോന്നായി അവന് നഷ്ട്ടപ്പെട്ടു . കൂടെ നിൽക്കേണ്ട ഭാര്യയും , ആത്മാർത്ഥ സ്നേഹിതർ എന്ന് കരുതിയവരും മാറ്റി നിർത്തുമ്പോഴും അവർക്കായി പ്രാർത്ഥിച്ച ഇയ്യോബ് എക്കാലത്തെയും യഥാർത്ഥ ഭക്തരുടെ ഒരു പ്രതിനിധി ആയി നിലനിൽക്കും . വിശ്വാസത്തിന്റെ നിലവിളി ശബ്ദത്തിൽ സ്വർഗ്ഗത്തിന്റെ വാതിൽ ഒരിക്കലും തുറക്കാതിരിക്കില്ല .
സേവിക്കുന്ന ദൈവത്തെ തള്ളി പറയാത്തവൻ . ഈ ദൈവത്തെ കൊണ്ട് ഇനീ വലിയ കാര്യം ഒന്നും ഇല്ല അത് കൊണ്ട് അവനെ തള്ളിപ്പറയാൻ പ്രേരിപ്പിക്കുന്ന ഭാര്യ . ഇയ്യോബിന്റെ ഇന്നത്തെ അവസ്ഥയിൽ
അവന്റെ ആ വലിയ പ്രയാസത്തിൽ അവനോടൊപ്പം നിൽക്കും എന്ന് കരുതിയ ഉറ്റ സ്നേഹിതർ പോലും അവനിൽ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു . എല്ലാം സഹിക്കുവാൻ ശ്രമിക്കുമ്പോഴും അതികഠിനമായ മാനസിക , ശാരീരിക വ്യഥകളിലും ദൈവത്തോട് മാത്രം കരയുന്ന ഇയ്യോബ് . അവൻ ദൈവത്തിനു വേണ്ടി നിൽക്കുന്ന ഏത് ഭക്തന്റെയും എക്കാലത്തെയും മാതൃകാപുരുഷനായി എന്നെന്നും നിലകൊള്ളും . കഷ്ട്ടത മാറ്റാത്ത ദൈവം എന്തു ദൈവം ? ചോദ്യങ്ങൾ ന്യായമായത് തന്നെ . കാര്യ സാധ്യത്തിനായി മാത്രം ദൈവത്തെ അന്വേഷിക്കുന്ന മനുഷ്യ വർഗ്ഗത്തിന്റെ എക്കാലത്തെയും പ്രതിനിധിയായി ഇയ്യോബിന്റെ ഭാര്യ നിലകൊള്ളുന്നു . കഴിഞ്ഞകാലങ്ങളിൽ നടത്തിയ വഴികൾ മറന്നു പോകുന്ന മനുഷ്യ വർഗം .അവർ നിർണായക അവസരങ്ങളിൽ നടത്തിയ , പാലിക്കുന്ന , സൂക്ഷിക്കുന്ന ദൈവത്തെ തള്ളി ജീവിക്കുകയും അങ്ങനെ ചെയ്യുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും . ഇത്‌ തന്നെ ആണ് യിസ്രായേൽ ജനവും ചെയ്തത് . മിസ്രയീമിലെ കഠിനമായ അടിമത്തത്തിൽ നിന്നും എങ്ങനെ എങ്കിലും ഒരു മോചനം നേടണം . അവർ കൂട്ടമായി നിലവിളിച്ചു . ദൈവം അവർക്ക് ഒരു വിമോചകനെ അയച്ചു . കൊട്ടാരത്തിൽ നിന്നും മോശയെ പറിച്ചുമാറ്റി മരുഭൂമിയിലെ വൻ ശോധനയിലേക്ക് ദൈവം അവനെ തള്ളി . എത്ര ക്രൂരനായ ഒരുദൈവം അല്ലെ ? ” എന്നാൽ ഒരു ജനതതിയുടെ “വിമോചകൻ “ആയി അവൻ മാറുന്നത് കാണുന്നത് ദൈവം മാത്രം . അബ്രഹാമെ നിന്റെ ഏകജാതനായ പുത്രനെ യാഗമായി അർപ്പിക്കുക “ എത്ര ക്രൂരനായ ഒരു ദൈവം അല്ലെ ? എന്നാൽ വിശാസികളുടെ പിതാവായി അവന് ദൈവത്തിന്റെ മനസ്സിൽ ഇടമുണ്ടായിരുന്നു . ആ ദുഃഖത്തിന്റെ നടുവിലും ദൈവ പ്രവർത്തിക്കായി ഏൽപ്പിച്ചു കൊടുത്ത അബ്രഹാം വിശ്വസികളുടെ പിതാവായി മാറി .എന്നാൽ പുരാതന നിത്യതയിൽ തന്നെ ദൈവം തന്റെ ഏക ജാതനെ , യേശുവിനെ കാൽവരിയിൽ യാഗം ആകുവാൻ മുൻ നിയമിച്ചിരുന്നു . പിന്നെ എങ്ങനെ ദൈവത്തെ കുറ്റപ്പെടുത്തുവാൻ മനുഷ്യന് സാധിക്കും . നാം എവിടെ , ഏത് അവസ്ഥയിൽ ആയിരുന്നാലും അവിടെയും ദൈവത്തിനായി നിൽക്കുന്നു എങ്കിൽ നാം വിജയിക്കും . അതാണ് ഇയ്യോബ് നമ്മെ പഠിപ്പിക്കുന്നത് . പത്മോസിന്റെ വന്യമായ ഏകാന്തതയിൽ അതാണ് യോഹന്നാൻ വെളിപ്പാട് പ്രാപിച്ചത് . ആരും കൂട്ടിനില്ലാത്തപ്പോൾ ഇറങ്ങിവരുന്ന ദൈവം . ആരും സഹായിക്കില്ല എന്ന് തോന്നുമ്പോൾ കാരാഗൃഹത്തിന്റെ വാതിൽ തുറന്ന് വിടുവിക്കുന്ന ദൈവം . ഈ ദൈവത്തെ ആശ്രയം ആക്കി ജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ .

Leave a comment