Biju Abraham Atlanta.
കുപ്രസിദ്ധി നേടിയ പല കേസുകളും സോഷ്യൽ മീഡിയ കളിൽ അരങ്ങ് തകർത്താടുന്ന ഒരു സമയമാണിത് . പല വിധികളും നീതിയോടെ അല്ല എന്ന് ജനം മുറവിളി കൂട്ടുന്നു . നീതിലോകത്തിന്റെ നാലു ചുവരുകൾക്ക് പരിമിതി ഉണ്ട് എന്ന് പലരും പരിതപിക്കുന്നു . സർവ്വതും അഴിമതിയിൽ മുങ്ങിയിരിക്കുന്നു എന്ന് ചിലർ പറയാതെ പറയുന്നു . പക്ഷെ ഒരു കാര്യം തീർച്ചയാണ് . സത്യമായും യഥാർത്ഥ നീതി ലഭിക്കാത്ത ഒരു ലോകം ആണ് ഇത് എന്നത് .
നീതി നിഷേധങ്ങൾക്ക് കാലങ്ങളുടെ പഴക്കം ഉണ്ട് . സർവത്ര കുറ്റകൃത്യങ്ങളിൽ വ്യക്തമായ തെളിവിൽ പിടിക്കപ്പെട്ടിരുന്ന ബറാബസ്സ് എന്ന കൊടും കുറ്റവാളിയെ മോചിപ്പിച്ചുകൊണ്ട് യാതൊരു കുറ്റവും ചെയ്യാത്ത യേശുവിനെ ക്രൂശിച്ചു കൊല്ലുവാൻ അന്നത്തെ ന്യായാധിപൻ ഉത്തരവിട്ടു . സത്യത്തിന് വിരുദ്ധമായ ഒരു ഉത്തരവ് . “ഇവനിൽ യാതൊരു കുറ്റവും ഞാൻ കാണുന്നില്ല” എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കുറ്റം ഇല്ലാത്തവനെ ക്രൂശിക്കുവാൻ വിട്ട് കൊടുത്ത ഒരു ന്യായാധിപൻ . എന്ത് നീതി ? എന്ത് ന്യായം ? ലോകം എപ്പോഴും അങ്ങനെ ആണ് . സത്യത്തെ എന്നും ലോകം കുഴിച്ചു മൂടും . അത് തന്നെ ആണ് ഈ യുഗാവസാനത്തിലും സംഭവിക്കുന്നത് . എന്നാൽ ഒരു കാര്യം വ്യക്തമാണ് . അധർമം പ്രവർത്തിക്കുന്നവർ എന്നേക്കും നശിച്ചു പോകും . എത്ര മാത്രം ഉന്നതരും വീണുപോകും . മനുഷ്യന്റെ സൗന്ദര്യം വാടിപോകും . നിലനിൽക്കുന്ന ഒരു നിത്യ രാജ്യം വരുന്നു . അവിടെ നീതിയോടെ ഒരുവൻ ഭരണം ചെയ്യും . അവനാണ് യേശുക്രിസ്തു . അവൻ മടങ്ങി വരുന്നു . തനിക്കായി കാത്തിരിക്കുന്നവർ എടുക്കപ്പെടും .