Biju Abraham Atlanta.
ഇന്ത്യൻ സൈന്യവ്യൂഹങ്ങളുടെ സംയുക്ത സൈന്യാധിപൻ ബിപിൻ റാവത്തിന്റെ ആകസ്മിക അപകടമരണം രാജ്യത്തിന് ഒരു വലിയ നഷ്ടം തന്നെയാണ് . എത്ര വലിയ പരിശീലങ്ങൾ , എത്ര ജീവിതാനുഭവങ്ങൾ , അനുഭവ സമ്പത്തുകൾ . അങ്ങനെ തന്റെ ജീവിതത്തിൽ നേടിയ എല്ലാം നൊടിയിടയിൽ അസ്തമിച്ചു . ലോകത്തിൽ ഏറ്റവും തീവ്രമായ പരിശീലനങ്ങളിൽ ക്കൂടി പോകുന്നത് “അമേരിക്കൻ മറീനുകൾ “ആണ് ” കില്ലിംഗ് മെഷീൻസ് ” എന്നാണ് അവരുടെ വിളിപ്പേരും .
എന്റെ സഹപ്രവർത്തകരായ അവരിൽ ചിലർ അവരുടെ പരിശീലന കാലം വിവരിച്ചത് ഓർക്കുന്നു . കൊടും തണുപ്പിൽ നീണ്ട സമയം വെളിയിൽ അവരെ പരിശീലനം ചെയ്യിക്കും . പിന്നീട് വെളിയിൽ തണുത്ത വെള്ളത്തിൽ അവർക്ക് ശ്വാസം പിടിച്ചു മിനിറ്റുകൾ മുങ്ങി കിടക്കണം . തുടർന്ന് അവരെ hot shover എടുക്കുവാൻ അയക്കും . അത് കഠിനമായ പലപരിശീലനങ്ങളിൽ ഒന്ന് മാത്രം . ഇതെല്ലാം അതിജീവിച്ചു പരിശീലനം പൂർത്തിയാക്കുന്ന ഒരു വീര സൈനികൻ , നേരിടേണ്ടി വരുന്ന ഏത് പ്രതിസന്ധിയെയും മറികടക്കുവാൻ പ്രാപ്തനായി തീരുന്നു .
എന്നാൽ യേശു സ്ഥാപിച്ച ” സ്നേഹ സാമ്രാജ്യത്തിൽ ” യോദ്ധാക്കൾ ആകുന്നവർക്ക് ശത്രുക്കൾ ഇല്ല . എത്ര വിചിത്രം . പിന്നെ ആരോടാണ് അവർ യുദ്ധം ചെയ്യേണ്ടത് . ” നമുക്ക് പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല ……….” വാളെടുത്ത ശിഷ്യനായ പത്രോസിനെ തടഞ്ഞ യേശു തന്നെ ഉപദ്രവിക്കുവാൻ തയാറായ പടയാളിക്ക് നഷ്ട്ടമായ കാത് നൽകി കൊടുത്തു . ആ പത്രോസ് പിന്നീട് തന്റെ സ്നേഹ പ്രഭാഷണത്തിൽ ക്കൂടി ആയിരങ്ങളെ യേശുവിന് വേണ്ടി സാത്താന്റെ പിടിയിൽ നിന്നും മോചിപ്പിച്ചു . പത്രോസ് മാത്രമല്ല ക്രിസ്തു ശിഷ്യരായ പൗലോസ് തുടങ്ങിയ അപ്പോസ്തോലന്മാരൊക്കെ അത് ചെയ്തു .അതിനു അവർ ഉപയോഗിച്ച ആയുധങ്ങൾ തികച്ചും വിചിത്രമായി നമുക്ക് തോന്നാം . പല വട്ടം പട്ടിണി , കഷ്ടത കള്ളൻമാരിൽ നിന്നും , കടലിൽ നിന്നും ഉള്ള ആപത്തുകൾ , ഇവയെല്ലാം വാർത്തെടുത്തതു് തികച്ചും കഠിന പരിശീലനം നേടിയ വീര യോദ്ധാക്കളെ ആയിരുന്നു ” വിദ്യാ ബഹുത്വത്താൽ നിനക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു ” എന്ന് രാജാവിനെ കൊണ്ട് പോലും പറയിപ്പിച്ച ജ്ഞാനിയായ പൗലോസും യേശുവിന്റെ ” സ്നേഹ കളരിയിൽ ” പരിശീലനം നേടിയവനാണ് . ലോകം തനിക്ക് നല്കിയതെല്ലാം ദമസ്‌കൊസിന്റെ പടിവാതിലിൽ തകര്ന്നടിഞ്ഞു . പിന്നീട് ഉദയം ചെയ്തത് ദയാലുവും , ഏത് കഷ്ട്ടവും സ്വീകരിക്കുവാൻ തയാറായ ഒരു “ക്രിസ്തു പോരാളി ” . യേശുവിന്റെ സ്നേഹം നിമിത്തം തന്റെ ജീവനെ വിലയേറിയതായി എണ്ണാത്തവൻ . ക്രിസ്തീയ മാർഗം അനുഗ്രഹത്തിന്റെ ഒരു കവിഞ്ഞൊഴുക്കല്ല .ക്ഷണികമായ ജീവിതത്തിൽ നിലനിൽക്കുന്ന ഒരനുഗ്രഹങ്ങളും ഇല്ല . ഇവിടെ ഉള്ളത് ഏതും താൽക്കാലികം മാത്രം .നിത്യ രാജ്യത്തിന്റെ ഒരു പടയാളി ആകുവാൻ യേശു നമ്മെ വിളിക്കുന്നു .