Biju Abraham Atlanta.
ജീവിതത്തിൽ രാത്രിയുടെ അനുഭവങ്ങളിൽ കൂടിയും , കൂരിരുളിൻ താഴ്‌വരകളിൽ കൂടിയും കടന്നു പോകാത്തവർ വിരളമായിരിക്കും . എല്ലാം നന്നായിരിക്കേണ്ട സമയത്തു എനിക്ക് എന്തിന് ഇങ്ങനെ വന്നു എന്ന് ചോദിക്കുന്ന ഒരു ഇയ്യോബിനെ നമ്മൾ കാണുന്നു . നീതി സൂര്യൻ അവന്റെ ജീവിത പാതയെ മറച്ചു . എങ്ങും ഭീതി ജനകമായ അന്ധകാരം മാത്രം . ആ രാത്രിയുടെ ഭീകരതയിൽ അവിടെ നിലവിളി ഉയർന്നു . എത്ര അത്ഭുതം “അവന് വേണ്ടി ഒരുക്കിയ പ്രഭാതത്തിൽ ” അവനെ എതിരേറ്റത് സന്തോഷത്തിന്റെ ആർപ്പു വിളികൾ ആയിരുന്നു . ഒരു രാത്രി ഉറങ്ങാതെ വിങ്ങി കരയുന്ന മനസ്സുമായി പിറ്റേന്ന് പുലരുമ്പോൾ തന്റെ ഏക പുത്രനെ ബലിഅർപ്പിക്കുവാൻ വേണ്ടി ഒരായിരം ചോദ്യങ്ങളോട് മല്ലുപിടിച്ഛ് ജീവിതത്തിന്റെ ഘോര രാത്രി പിന്നിട്ട അബ്രഹാം പിതാവ് പുലർച്ചെ കണ്ടത് “അവന് വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന ഒരു ആട്ടുകൊറ്റനെ ” ആയിരുന്നു . ആ രാത്രിയുടെ കരച്ചിൽ പുലർച്ചയിലെ ആനന്ദഘോഷങ്ങൾക്ക് വഴിമാറി . ജീവിതത്തിലെ ഏക പ്രത്യാശ ആയിരുന്ന “വിമോചനം ” നേടിയ ആവേശത്തിൽ യാത്ര തുടർന്ന യിസ്രായേൽ ഇതാ ഫറവോനും ചെങ്കടലിനും മദ്ധ്യേ നിലവിളിക്കുന്നു . എന്നാൽ അവിടെയും വിജയ പാത വെട്ടി തുറന്ന് അവരുടെ കരച്ചിലിന്റെ കഥ ദൈവം മാറ്റിയെഴുതി . കരഞ്ഞു തീർക്കേണ്ടതാണോ ഭക്തന്റെ ജീവിതം . പ്രഭാതത്തിൽ നമ്മെ കാത്തിരിക്കുന്ന നന്മകൾ കാണാൻ സാധിക്കാതെ ചുറ്റിലും അന്ധകാരം നമ്മുടെ കാഴ്ച്ചയെ മറക്കുന്നതാണ് നമ്മൾ നിലവിളിക്കുന്നതിന്റെ കാരണം . നമ്മുടെ അന്ധകാര അനുഭവങ്ങൾക്കപ്പുറം ആനന്ദ ഘോഷം മുഴങ്ങി കേൾക്കുക തന്നെ ചെയ്യും .
വിശ്വസിക്കുക അത് മാത്രമേ നാം ചെയ്യേണ്ടതുള്ളൂ . അത് മാത്രമേ നമുക്ക് ചെയ്യുവാനും ഉള്ളു . ചെങ്കടൽ കടന്നാൽ അവർക്ക് ഒരു പാട്ടുണ്ട് . അത് വിമോചനത്തിന്റെ വിജയഗാഥ ആയിരിക്കും തീർച്ച .