ദൈവത്തിനുവേണ്ടി ആത്മാർത്ഥമായി നിന്ന ചില ഉത്കൃഷ്ട വ്യക്തിത്വങ്ങൾ തന്റെ പരീക്ഷയിൽക്കൂടി കടന്നു പോയിട്ടുണ്ട് . അതിൽ ഒരാളാണ് വിശ്വാസികളുടെ പിതാവായ അബ്രഹാം . അസാധ്യമെന്ന് ചിന്തിച്ചിരുന്ന സമയത്തു ദൈവം കൽപ്പിച്ചു നല്കിയ ഒരു നല്ല ദാനം . ഏക ജാതനായ യിസ്സഹാക്ക് എന്ന പ്രിയ പുത്രൻ . താൻ അവനെ ഏറെ സ്നേഹിച്ചു . എന്നാൽ നോക്കുക ആ പ്രിയ മകനെയാണ് ദൈവം തിരികെ ചോദിക്കുന്നത് .
നീ എത്ര ക്രൂരൻ ആയ ദൈവം , തന്നത് തിരിച്ചെടുക്കുന്ന, കൊടുത്ത വാക്കിന് വില കല്പിക്കാത്തവൻ എന്നൊന്നും പറയാതെ , മറിച്ചൊരു വാക്കും ഉരിയാടാതെ , തരുന്നവന് തിരിച്ചെടുക്കുവാനും അധികാരം ഉണ്ട് എന്ന പരമ സത്യത്തെ മനസ്സിലാക്കി ദൈവത്തിന്റെ പരമാധികാരത്തിന് കീഴ്പ്പെടുന്ന ഒരു പിതാവാണ് അബ്രഹാം . അവൻ പിന്നെ എങ്ങനെയാണ് ദൈവത്താൽ “വിശ്വാസികളുടെ പിതാവ് ” എന്ന അവാർഡിന് ഉടമ ആകാതിരിക്കുക ? കൂടെയുള്ള ബാല്യക്കാരെയും , ഭാരം വഹിച്ചിരുന്ന കഴുതയെയും ദൂരെ നിർത്തി , കത്തിയെരിയുവാനുള്ള “വിറക് “ബാലന്റെ തലയിലും , അവന്റെ പ്രാണൻ എടുക്കുവാനുള്ള “കത്തിയും “, മറുകയ്യിൽ കത്തിച്ചു ചാമ്പലാക്കുവാനുള്ള “തീയും “ആയി മോറിയ മല കയറുന്ന ആ പിതാവിന്റെ ഹൃദയം
എത്ര വേദനിക്കുന്നുണ്ടാകും . എന്നിട്ടും അവൻ അനുസരിക്കുന്നു . അപ്പാ യാഗത്തിനുള്ള വിറകും തീയും കത്തിയും എല്ലാം ഉണ്ട് , യാഗമൃഗം എവിടെ ? എന്ന ബാലന്റെ നിഷ്കളങ്ക ചോദ്യത്തിന് ഹൃദയം തകർന്ന് ആ പിതാവ് നൽകുന്ന ഒരു മറുപടിയുണ്ട് ” മകനെ ദൈവം കരുതികൊള്ളും ” നാം കടന്നുപോകുന്ന കഠിന ശോധനയിലും ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മോട് സംസാരിക്കുന്നു ” ദൈവം കരുതികൊള്ളും ” കഠിനമായ ഹൃദയ വേദനയാൽ നമ്മൾ ഉത്തരമില്ലാതെ മലകയറുന്നു , എന്നാൽ ഇറങ്ങിവരുന്നത് ദൈവത്തിന്റെ അത്ഭുത സാക്ഷ്യം പറയുവാനായിരിക്കും .” നമ്മെ തകർക്കും എന്ന് തോന്നുന്ന “തീയും ,കൂർത്തു നിൽക്കുന്ന കത്തിപോലുള്ള ജീവിതാനുഭവങ്ങളും” നമ്മെ തകർത്തു കളയും എന്ന് ചിന്തിച്ചാലും , ഒടുവിൽ സന്തോഷത്തിന്റെ പാരമ്യത്തിൽ നമ്മെ ജയാളിയായ് നിർത്തുവാൻ ദൈവം ശക്തൻ തന്നെ .ഈ ദൈവത്തിൽ വിശ്വസിക്കു നമ്മുടെ ജീവിത താഴ്‌വരകൾ ആനന്ദിച്ചാർക്കുവാൻ സമയം സമാഗതം ആയി .