Biju Abraham Atlanta.
അവരെ ദൈവം പോലും ഉപേക്ഷിച്ചതാ അവരെ ചേർത്ത് പിടിച്ചാൽ അതിനുള്ള തിരിച്ചടി നിങ്ങൾക്ക് ഉണ്ടാകും അത് അരുത് “
ഇത് പോലെയുള്ള വാക്കുകൾ നമ്മൾ ചിലരെങ്കിലും കേട്ടിട്ടുണ്ടാകും .
ദൈവം ആരെയെങ്കിലും കൈവിട്ടുകളയുമോ ?ഒരിക്കലും ഇല്ല എന്നതാണ് ശരിയായ ഉത്തരം .
നാട്ടിൽ എനിക്ക് പരിചയം ഉള്ള ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു . വലിയ അറിവും വിദ്യാഭ്യാസവും ഒന്നും ഇല്ലാത്ത തികച്ചും ഒരു സാധാരണകാരൻ .കച്ചവടം ഒക്കെ പൊട്ടി ആകെ തകർന്നിരിക്കുന്ന ഇയ്യാളുടെ അടുത്ത് ചില കൂട്ടുകാർ എത്തി . ഇയ്യാളുടെ “പരിവേദനങ്ങൾ “കേട്ട് അവരിൽ പലരും പല നിർദേശങ്ങളും പറഞ്ഞു . ഒരുവൻ സഹതപിച്ചത് ഇപ്രകാരം ആയിരുന്നു . ” ഇവന്റെ കാര്യം ഒന്ന് നോക്കിക്കെ ഇവന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഞാൻ “സൂയിസൈഡ് “ചെയ്യുമായിരുന്നു .” ഇത് കേട്ട നമ്മുടെ കച്ചവടക്കാരൻ തികഞ്ഞ നിഷ്കളങ്കതയോടെ അവനോട് ചോദിച്ചു ” അത് നല്ല ലാഭമുള്ള ബിസിനസ് ആണോ എന്ന് “? ഇത് ഏതോ നല്ല ലാഭമുള്ള പുതിയ ബിസിനസ് ആയിരിക്കും എന്നാണ് നമ്മുടെ പാവം കച്ചവടക്കാരൻ കരുതിയത് . ജീവിതത്തിൽ തകർന്നിരിക്കുന്നവരെ വിലയിരുത്തുന്ന പരിജ്ഞാനം ഒട്ടും ഇല്ലാത്ത സ്നേഹിതർ , കൗൺസലിംഗ് നൽകുവാൻ ശ്രമിക്കുന്ന “മരപൊട്ടന്മാർ “ഇതൊക്കെ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ് . ഭാഷാവരവും , പ്രവചന വരവും എല്ലാം നേടി അത്യാവശ്യം വേണ്ട ” വിവരം ” ഇല്ലെങ്കിൽ പറഞ്ഞിട്ടെന്തു കാര്യം . സർവ രീതിയിലും തകർന്നിരിക്കുന്ന ഇയ്യോബിനെ ആശ്വസിപ്പിക്കാൻ വന്ന സ്നേഹിതർ അവന് കൂടുതൽ തലവേദന വരുത്തുന്നു . ദൈവം ആരെയും കൈവിടില്ല . എല്ലാവരെയും തന്റെ ആലയിൽ കാണുവാനാണ് ആ നല്ല ഇടയൻ ആഗ്രഹിക്കുന്നത് . അതിനാലാണ് 99 നെയും മാറ്റി നിർത്തിയിട്ട് നഷ്ട്ടപെട്ടതിനെ തേടി ആ നല്ല ഇടയൻ പോകുന്നത് . അവന്റെ ആലയിൽ 100 ആടുകളും വേണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് . ദൈവം ആരെയും കൈവിടുകയില്ല . വിവരം കെട്ടുപോകുന്ന മനുഷ്യനാണ് ദൈവത്തിൽ നിന്നും അകന്നു പോകുന്നത് . സ്നേഹനിധിയായ അപ്പന്റെ ഭവനം ഉപേക്ഷിച്ചു താൽക്കാലിക ഭോഗങ്ങൾ നോക്കി ഓടിയത് “വിവരം ” ഇല്ലാത്ത പുത്രൻ ആണ് . അപ്പോഴും അവന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്ന ഒരു “സ്നേഹനിധിയായ ഒരു പിതാവുണ്ട് “. അതാണ് ദൈവ സ്നേഹം വിട്ടു ഓടി അകലുന്ന മനുഷ്യനും സ്നേഹത്തോടെ അവരുടെ മടങ്ങിവരവിനായി കാത്തിരിക്കുന്ന പിതാവും ചൂണ്ടികാണിക്കുന്നത് . ചിലർ ജീവിതത്തിൽ കഷ്ട്ടം അനുഭവിക്കുന്നത് അവരെ ദൈവം കൈവെടിഞ്ഞത് കൊണ്ടല്ല . മറ്റുചിലർ സുഭിക്ഷമായി ജീവിക്കുന്നത് ദൈവം അവരെ പ്രത്ത്യേകം കരുതുന്നതുകൊണ്ടും അല്ല . ചിലർ പറയാറുണ്ട് ” നോക്ക് ദൈവം ഞങ്ങളെ ഒത്തിരി അങ്ങ് അനുഗ്രഹിച്ചിരിക്കയാ ഇന്ന് ഞങ്ങൾക്ക് എല്ലാമുണ്ട് എന്ന് . “ശുദ്ധ വിവരക്കേട് എന്നല്ലാതെ എന്തു പറയാൻ . “കഷ്ട്ടപ്പാടും പ്രതിസന്ധികളും എല്ലാം വീണ്ടെടുക്ക പെട്ടിട്ടില്ലാത്ത ഈ ഭൂമിയുടെ മാത്രം പ്രത്ത്യേകതയാണ് . കഷ്ടതയിൽ കടന്നുപോകുന്നവർ കൂടുതൽ ദൈവ സാമീപ്യം കൊതിക്കും . സന്തോഷ തിമിർപ്പിൽ ജനം ദൈവത്തെ മറന്നുപോകും . ഇവിടുത്തെ സന്തോഷമോ ഇവിടുത്തെ ദുഖമോ അല്ല പ്രധാനം കാരണം ” ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരം ഇല്ലല്ലോ “. കഷ്ട്ടപ്പെടുന്ന യിസ്രായേലിന്റെ സ്വപ്നം മനോഹരമായ വാഗ്ദത്ത കനാൻ മാത്രം .
ഈ നല്ല രാജ്യത്തിലേക്ക് നമ്മെ വിടാതിരിപ്പാൻ ശ്രമിക്കുന്നത് ദൈവ പ്രതിയോഗി ആയ സാത്താൻ ആണ് . അവൻ ജീവിതത്തിന്റെ സുഖലോലുപതയിൽ പ്രലോഭിപ്പിക്കും , അതിന് വഴങ്ങാത്തവരെ കഠിന ശോധനയിൽ പെടുത്തും ഏത് രീതിയിലും അവൻ ജനത്തെ ദൈവത്തിൽ നിന്നും അകറ്റുവാൻ ശ്രമിക്കും . അവന്റെ കണി വിട്ടോടുന്നവർ മാത്രമേ വാഗ്ദത്ത കനാനിൽ എത്തുകയുള്ളൂ . ചിലരെ പിടിക്കുവാൻ പിശാചിന് സാധിക്കയില്ല . രോഗം വന്നാലും ” ദൈവത്തിന് മഹത്വം ” കഷ്ടത വന്നാലും “ദൈവം വലിയവൻ “. കുറച്ചുകഴിയുമ്പോൾ , ദൈവപ്രവർത്തി വെളിപ്പെടുമ്പോൾ പിശാച് വിട്ടോടുക തന്നെ ചെയ്യും . ഇയ്യോബിന്റെ ജീവിതം തന്നെ ഉത്തമ ഉദാഹരണം .പിശാച് ചേർത്ത് പിടിക്കുന്നവർ ഭാഗ്യം കെട്ടവർ തന്നെ .
ദൈവത്തോട് ചേർന്നിരിപ്പാനും , അമാവാസിയിലും പൗർണമസിയിലും കാഹളം ഊതുവാനും നമുക്ക് സാധിക്കട്ടെ .ദൈവം സഹായിക്കട്ടെ .