Biju Abraham Atlanta.
ഈറനണിഞ്ഞ ഇലകളിൽ തട്ടി നറു നിലാവ് അന്ന് പുഞ്ചിരി തൂകി .
നീല വിരിപ്പിൽ തൊങ്ങലായി കൊരുത്ത ചെറു താരകങ്ങൾ കണ്ണു
ചിമ്മി .
രാജാക്കൻമാരുടെ രാജാവെ വന്ദിപ്പാൻ ഒരു “അത്ഭുത നക്ഷത്രം”വിരുന്നു വന്നു .
വിദ്ധ്വാന്മാർ അത് നോക്കി വന്നു .
അത്ഭുതശിശുവെ ദർശിച്ചവർ അത്ഭുതത്താൽ അന്ന് വണങ്ങി നിന്നു .
ദൂതന്മാർ അത്ഭുത ഗാനങ്ങളാൽ മഹാസന്തോഷത്തിൻ മണി മുഴക്കി .
ഇടയന്മാർ ആ ഗാനം ഏറ്റുപാടി .
രാജാധി രാജൻ ജനിച്ചുവല്ലോ .
മാനവകുലത്തിന്റെ രക്ഷകനായി .
വന്നു പിറന്നവൻ ബെത്ലഹേമിൽ .
ഭൂമിയെ മോടിയിൽ ചമച്ചവൻ ഇന്നിതാ വന്നു പിറന്നൊരു കാലിത്തൊഴുത്തിൽ .
“കീറ്റു ശീലയിൻ ആഡംബരത്തിൽ”പൊതിഞ്ഞവർ തൻ “മേനീ ” കാത്തിടുന്നു .
“മാനവ പാപത്തിൻ വിത്തു”മുളച്ചൊരു ഘോരമാം ക്രൂശു മരത്തോടു ചേരുവാൻ “.
പാപം അറിയാത്ത ആ പൊന്മേനി എന്റെ കുടിലമാം പാപത്തിൻ ഭാരം വഹിക്കുവാൻ .
“എൻ പാപമാം മുള്ളുകൾ കൊണ്ടു മെടഞ്ഞതാം മുൾ കിരീടം “ആ തലയിൽ തറയ്ക്കുവാൻ .
ഇരുമ്പു കൊളുത്തുകൾ ചുറ്റി മുറുക്കിയ ചാട്ടവാറിൻ അടിയേറ്റു തകർന്നു വീഴാൻ .
പച്ചമരകുരിശോടു ചേർത്തു തൻ കരങ്ങൾ ആണിയിൽതൂക്കപ്പെടാൻ .
കൂർത്തതാം കുന്തമുനയാൽ ആ വിലാപ്പുറം കുത്തി തുളയ്ക്കപ്പെടാൻ .
പാപം അറിയാത്ത ദൈവപുത്രൻ വന്നു പിറന്നീ ധരണിയിൽ നമുക്കായ് .
സമസ്തലോകത്തിന്റെയും പാപം അകറ്റുവാൻ .
കാൽവരി ക്രൂശിൽ പരിപൂർണ യാഗമായി.
മരണത്തെ ജയിച്ചവൻ വന്നിടുന്നു .
പാപമില്ലാത്തൊരു നിത്യ രാജ്യത്തിൽ .
സ്നേഹത്തിൻ മുത്തം തന്നു നമ്മെ ചേർത്തണയ്ക്കാൻ .
രാജാധി രാജനായി അവൻ വരുന്നു .
തൻ പൊൻ നിണം ഏകി വീണ്ടെടുത്ത പ്രിയയാം കാന്തയെ ചേർത്തീടുവാൻ .