( ചെറു കഥ ) 🔥
Biju Abraham Atlanta.
പകൽ മുഴുവൻ പണിയെടുത്തതിന്റെ ഷീണത്തിൽ കിടന്നുറങ്ങുന്ന ആരെയും അവരുടെ ഉറക്കത്തിന് അൽപ്പം പോലും ഭംഗം വരുത്താതെ നിദ്ര അവർക്ക് താരാട്ടു പാട്ട് പാടി .അവരുടെ നിശാ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് കൂട്ടുവാനെന്നോണം “വെള്ളി നക്ഷത്രങ്ങൾ തുന്നി ചേർത്ത നീലാംബര പുതപ്പിൽ “അവൾ അവരെ പുതപ്പിച്ചു .ഇപ്പോൾ അവർ കാണുന്ന സ്വപ്നം ഒരു “വിമോചനത്തിന്റെ സ്വപ്നം”ആണ് .പകലിന്റെ യാഥാർഥ്യങ്ങളിൽ അവർക്ക് സ്വപ്നങ്ങളില്ല . സ്വപ്നം കാണുവാൻ അനുവാദവും ഇല്ല .”അടിമകൾ എല്ലുമുറിയെ പണിയെടുക്കണം “അതാണ് രാജ്യത്തിന്റെ പ്രഖ്യാപിത നിയമം . നമ്മളും മനുഷ്യർ അല്ലെ . ? നമ്മൾക്കും ചിരിക്കുവാൻ അവകാശമില്ലേ ?നമ്മൾക്കും പഠിക്കുവാൻ അവകാശമില്ലേ ? നമ്മൾക്കും നമ്മുടെ കങ്കാണിമാരെപോലെ വിശ്രമിച്ചാൽ എന്താണ് ? പുതുതലമുറയുടെ ചോരത്തിളപ്പിന്റെ വിപ്ലവ വീര്യം ഉണർന്നു . നട്ടെല്ല് വളഞ്ഞ പിതാക്കന്മാരും മാതാക്കളും അവരുടെ വായ് പൊത്തി . അരുത് മക്കളെ അവിവേകം പറയരുത് . നിങ്ങളെപ്പോലെ ശബ്ദം ഉയർത്തിയ അനേകം ചെറുപ്പക്കാർ ഈ മണ്ണിൽ പൊടിഞ്ഞു ചേർന്നിട്ടുണ്ട് . ഒത്തിരി പേർ സിംഹങ്ങൾക്ക് ഭക്ഷണം ആയിട്ടുണ്ട് . പലരെയും പച്ച തുകലിൽ കെട്ടി ജീവനോടെ പൊരിവെയിലിൽ കിടത്തി . കടുത്ത വെയിലിൽ അവരെ കെട്ടി മുറുക്കിയ പച്ച തുകൽ ചുരുങ്ങി ഒതുങ്ങുമ്പോൾ അവരുടെ ശരീരത്തിലെ ഓരോ എല്ലുകളും ഓടിയും . പ്രാണവേദനയാൽ അവർ നിലവിളിക്കുമ്പോൾ മേലാളർ വീണ വായിച്ചു . ദുഃഖ സാന്ദ്രമായ ശോകഗാനത്തിന്റെ അകമ്പടി താളത്തിൽ അവർ ആർത്തുല്ലസിച്ചു . അധികാരവർഗ്ഗത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത ശബ്ദം . ദൈവം പോലും തങ്ങളെ കൈവിട്ടുവോ ? ദയനീയമായ അടിമകളുടെ കരളലിയിക്കുന്ന ചോദ്യങ്ങൾ .അവ ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ പറന്നു നടന്നു . യിസ്രായേലിൽ ജീവിക്കുന്ന ഒരു ദൈവം ഇല്ലേ …..?
അന്നും പതിവുപോലെ സൂര്യൻ ഉദിച്ചു . ഈറൻ മഞ്ഞിന്റെ നനവിൽ തലകുനിച്ചു നിൽക്കുന്ന പനിനീർ പൂക്കളുടെ മൂർദ്ധാവിൽ മൃദുവായി ചുംബിച്ചും , വിറച്ചു തലകുനിച്ചു നിൽക്കുന്ന പുൽ നാമ്പുകൾക്ക് സ്വാന്തന സ്‌പർശം എകിയും സൂര്യൻ തന്റെ യാത്ര തുടർന്നു . ആ പതിവ് യാത്രയിൽ തന്റെ നോട്ടത്തിൽ മതി മറന്ന് നീല നദിയുടെ കുഞ്ഞോളങ്ങൾ ഇളകി ആടി . അരികിലുള്ള ഞാങ്ങണ ചെടികൾ ആർക്കോ താരാട്ടു പാടി . പറന്നു നടന്ന കിളികൾ കളകളാരവം മുഴക്കി .
നീല നദിയുടെ കുഞ്ഞോളങ്ങളിൽ ചാഞ്ചാടി വരുന്ന ഒരു കൊച്ചു പെട്ടകം .ഫറവോന്റെ പുത്രിയും സഖികളും നീന്തി വന്ന് ആ പെട്ടകം വലിച്ചു കരയിൽ ആക്കി . അതിന്റെ മൂടി തുറന്ന അവർ അതിശയത്താൽ നിലവിളിച്ചു .അതിൽ കൈകൾ അനക്കുന്ന ഒരു സുന്ദരനായ കുഞ് . അതിന്റെ മുഖശ്രീ അവരെ അതിശയിപ്പിച്ചു .ഏതോ ഒരു പ്രഭാ വലയം മൂടിയതുപോലെ ഒരു ദിവ്യ സുന്ദരൻ . ……. “വേണ്ട കുമാരി അതിനെ തിരികെ നദിയിലേക്ക് തന്നെ വിട്ടു കളയൂ . കുമാരി ഇത് ആപത്താണ് . യിസ്രായേല്യരുടെ കൂട്ടി ആണിവൻ . അവൻ ജീവിക്കുന്നത് രാജ കൽപ്പനക്ക് എതിരാണ് ” സഖികളുടെ വിലക്കുകൾ അവൾ ശ്രദ്ധിച്ചതേയില്ല . “നിങ്ങൾ ഒന്നും കണ്ടിട്ടില്ല . ഈ സത്യം ഇനി നിങ്ങളുടെ ഉള്ളിൽ എന്നേക്കും ഉറങ്ങിക്കൊള്ളട്ടെ .”ഇവൻ കൊട്ടാരത്തിൽ എന്നോടൊപ്പം വളരും . എന്റെ പുത്രനായി വളരുമ്പോൾ കാലം അവന് അടുത്ത രാജപദവി നൽകില്ലെന്ന് ആർക്കറിയാം ? അത് അവളുടെ തീരുമാനം ആയിരുന്നില്ല . കരഞ്ഞു വിളിക്കുന്ന യിസ്രായേലിൻ ഒരു വിമോചകനെ ആവശ്യം എന്ന് കണ്ട ദൈവംമോശയെ വളർത്തുവാൻ തിരഞ്ഞെടുത്തത് സത്യദൈവത്തെ എക്കാലവും ദുഷിക്കുന്ന ഫറവോന്റെ പുത്രിയെ തന്നെ . അവന്റെ കൊട്ടാരത്തിൽ വളർന്ന് യിസ്രായേലിനെ ഫറവോന്റെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കണം .അതിന് അവൻ ഫറവോന്റെ കൊട്ടാരത്തിൽ തന്നെ വളരണം . ദൈവത്തിന്റെ മനസ്സറിഞ്ഞിട്ടോ എന്തോ ,സൂര്യൻ അന്ന് പതിവിലും ഉന്മേഷവാൻ ആയി തന്റെ യാത്ര തുടർന്നു …. ഈ സത്യ ദൈവത്തിന്റെ മനസ്സറിഞ്ഞവർ ആര് ? മനോഹരവും നിഗൂഢവും ആയ തന്റെ പദ്ധതികൾക്ക് മുൻപിൽ രാജാവെന്നോ , പ്രജയെന്നോ ഭേദമെന്യേ എല്ലാവരെയും വിസ്മയിപ്പിച്ചു തന്റെ രക്ഷാ ദൗത്യം പൂർണമാക്കുന്ന യിസ്രായേലിന്റെ വലിയ ദൈവം എന്നും തന്റെ മക്കൾക്കായി ജീവിക്കുന്നു .