Biju Abraham Atlanta.
പൂന്തിങ്കൾ പുഞ്ചിരി തൂകിടുമ്പോൾ
വെൺമഞ്ഞിൻ ശോഭയിൽ കുളിച്ചൊരു രാവിതിൽ
“നക്ഷത്ര കുഞ്ഞുങ്ങൾ” തലപൊക്കി നോക്കുമ്പോൾ .
കോച്ചി വിറക്കുന്ന മരങ്ങളിൽ തിളങ്ങുന്നു
ശിശിരം ഒരുക്കിയ മഞ്ഞിൻ മുകുളങ്ങൾ .
വീടുകൾ , പുഴകൾ തടാകങ്ങൾ എല്ലാം ആ വെള്ളവിരിയുടെ പുതപ്പണിഞ്ഞു .
ഗർവോടെ തലയാട്ടി നിന്നതാം പൂക്കളും
തലതാഴ്ത്തിപുതപ്പിൽ ഒളിചിരുന്നു .
കിലുകിലാ ശബ്ദത്തിൽ പാറി നടന്ന പക്ഷിഗണങ്ങളും എങ്ങോ പോയൊളിച്ചു .
ആരെയും മയക്കുന്ന തൂമഞ്ഞിൻ വെണ്മയിൽ
സകലതും മരവിച്ചു മറഞ്ഞിരുന്നു .
സകലവും തൻ മടിയിലാക്കി “വെൺമഞ്ഞിൻ റാണി “പുഞ്ചിരിച്ചു .
നിദ്ര വിട്ടുണർന്ന ഉദയാർക്കൻ തൻ
കണ്ണുകൾ മെല്ലെ തുറന്നീടവെ .
ഗർവോടെ നിന്ന മഞ്ഞിൻ സുന്ദരി കണ്ണീർ ഒഴുക്കി ഓടി മാറി .
തന്റെ മാസ്മരവലയത്തിൽ ഒതുങ്ങി നിന്ന
പൂക്കളും മെല്ലെ തല ഉയർത്തി .
ഒരു വാക്കും ചൊല്ലാതെ മറഞ്ഞിരുന്ന കുഞ്ഞുകിളികളും ആർത്തുപാടി .
സ്വര്ണപ്പകിട്ടാർന്ന ചിത്രശലഭങ്ങളും
ആനന്ദമോടെ നൃത്തം ആടിയെത്തി .
പാപത്തിൻ മാന്ത്രിക പുതപ്പിനുള്ളിൽ
എത്ര നാൾ നീ മയങ്ങി കിടന്നീടിലും .
നീതി സൂര്യൻ നിനക്കായ് ഉദിച്ചിടുമ്പോൾ
നിൻ ദുഃഖങ്ങൾ എല്ലാം അലിഞ്ഞു പോകും .
ആ ഉദയസൂര്യന്റെ കടാക്ഷമേറ്റു
നീ സന്തോഷമോടെ തല ഉയർത്തും .
ഒരു നവ്യ പ്രഭാതത്തിന്റെ തുടക്കമായി . ...........