Biju Abraham Atlanta.
നമ്മളിൽ മിക്കവരും ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ടായിരിക്കാം . വളരെ ചുരുങ്ങിയ സമയം കൊണ്ട് രാജ്യങ്ങൾ പിന്നിടുവാൻ വളരെ സൗകര്യവും ഉണ്ട് . നിലത്തുകൂടി അതിവേഗം ഓടി അന്തരീക്ഷത്തിലേക്ക് കുതിച്ചു പൊങ്ങി ശാന്തമായി മേഘങ്ങളെ താണ്ടി പറന്നു പോകുന്ന ഈ യാത്രകൾ എന്നും വിസ്മയം തരുന്നത് തന്നെ .എന്നാൽ ശാന്തമായി യാത്ര തുടരുമ്പോൾ ചിലപ്പോൾ പൈലറ്റിന്റെ ശബ്ദം മുഴങ്ങും . നമ്മൾ ഇപ്പോൾ ഒരു പ്രകൃതി ക്ഷോഭത്തിൽ ക്കൂടി കടന്നുപോകുന്നു .എല്ലാ യാത്രികരും ഉറപ്പായി സീറ്റ് ബെൽറ്റ് ധരിച്ചു തങ്ങളുടെ സീറ്റിൽ ഇരിക്കുക . വിൻഡോയിൽ കൂടി നോക്കിയാൽ ശക്തിയായി പാറി നടക്കുന്ന കരിമേഘങ്ങളും , മിന്നലും ശക്തിയായി വീശുന്ന കാറ്റിൽ ഉലയുന്ന വിമാനത്തിന്റെ ചിറകുകളും കാണാം .പരിഭ്രാന്തരായ ആളുകൾ മിക്കവരും പേടിച്ചരണ്ട് പ്രാത്ഥിക്കുന്നതും കാണാം . തികച്ചും അപകടം പിടിച്ച സാഹചര്യം തന്നെ .എന്നാലും നമ്മൾ ആ വിമാനം പറത്തുന്ന വൈമാനികനെ വിശ്വസിക്കും . അദ്ദേഹത്തിന്റെ വാക്കുകൾ അനുസരിക്കും . ഈ മേഘങ്ങൾ അകന്നുമാറി നീലിമയാർന്ന ഒരു ആകാശം നമ്മൾ കാണും എന്ന് വിശ്വസിക്കും . ഇത് പോലെയല്ലേ നമ്മുടെ ജീവിത യാത്രയും . ജീവിതത്തിൽ ആകസ്മിക സമയങ്ങളിൽ കരിമേഘം നമ്മെ മൂടി മറച്ചേക്കാം . എന്നാൽ ഒന്നറിയുക . നമ്മെ നയിക്കുന്നവന്റെ ഒരുറപ്പുണ്ട് . ഈ കരിമേഘങ്ങൾ മാറി ഒരു തെളിഞ്ഞ അന്തരീഷം കടന്നുവരും . നമ്മുടെ യാത്ര ശുഭമായി തീരുകയും ചെയ്യും . ഈ ഉറപ്പോടെ ഉള്ള യാത്രയാണ് വിശ്വാസജീവിതം . പ്രതിസന്ധികളെ മറികടക്കാൻ ശക്തനായ ഒരു നായകൻ കൂടെയുള്ളപ്പോൾ ഏത് കുലുക്കവും , ഏത് കൊടുംകാറ്റും , ഏത് അന്ധകാരവും നമ്മൾ മറികടന്ന് ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും .