Biju Abraham Atlanta.
തന്റെ” മതം “മനുഷ്യനിൽ അടിച്ചേൽപ്പിക്കുവാൻ വേണ്ടിയല്ല യേശു ക്രിസ്തു ഭൂമിയിൽ വന്നത് .മനുഷ്യരുടെ പാപപരിഹാരത്തിനായി അവൻ അപമാന മരണമായ ക്രൂശിൽ കൂർത്തആണികളിൽ തൂങ്ങപെട്ടു . അവന്റെ തലയിൽ അപമാനത്തിന്റെയും , ആക്ഷേപത്തിന്റെയും പ്രതീകമായി ഒരു മുൾകിരീടവും അടിച്ചിറക്കി .
ക്രൂശിക്കപെട്ടതോ ഇരുകള്ളന്മാരുടെ നടുവിലും . അവനെ തള്ളിപ്പറഞ്ഞ , ഒറ്റു കൊടുത്ത , കൂടെ നടന്ന ശിഷ്യർ ഉണ്ട് . എല്ലാവരോടും അവൻ ക്ഷമിച്ചു . എല്ലാം അവൻ സഹിച്ചു . തന്റെ ജീവരക്തം മുഴുവൻ ഇറ്റു വീണു “ആ മഹാ യാഗം ” പൂർത്തിയാക്കി അവൻ ലോകത്തോട് വിളിച്ചു പറഞ്ഞു ” “സകലവും നിവൃത്തിയായി “. ഇനിയും ഒന്നും ബാക്കിയില്ലെന്ന് . വിശ്വസിച്ചാൽ നീ ഇനി അവന്റെ മഹത്വം കാണും എന്ന് .വിശ്വസിച്ചാൽ നിന്റെ ജീവിതത്തിന് ലക്‌ഷ്യം ഉണ്ടാകും എന്ന് .
നിന്റെ പ്രശ്നങ്ങൾക്ക് നീക്കുപോക്ക് ഉണ്ടാകും എന്ന് . നിന്റെ രോഗങ്ങൾക്ക് അവൻ മതിയായ ഗിലാദിലെ വൈദ്യനാണെന്ന് . നിത്യയുഗമായി അവന് ഒപ്പം കഴിയാം എന്ന് .
ഈ ക്രിസ്തു ഭൂമിയിൽ വന്നത് ഒരു മത സ്ഥാപകൻ ആയിട്ടല്ല . അവൻ ലോകത്തെ രക്ഷിക്കുവാൻ വന്നു . അവന്റെ ഉപദേശങ്ങൾ വളച്ചൊടിച് സ്ഥാപിത ലക്ഷ്യങ്ങൾക്കായി മതങ്ങൾ ജനങ്ങളെ പലവിധത്തിൽചൂഷണം ചെയ്യുന്നു എന്നത് അറിയുക . കൈപ്പണിയായതിൽ വസിക്കാത്ത ദൈവത്തിനായി ” അംബരചുംബികളായ ദേവാലയങ്ങൾ” ചമക്കുന്നു . ക്രിസ്തുവോ വെളിയിൽ സാധാരണക്കാരുടെ ഇടയിൽ സേവനം ചെയ്യുന്നു . മുറിവേറ്റവർക്കും , രോഗികൾക്കും , അശരണർക്കും ആലംബഹീനർക്കും അഭയമായി അവൻ കല്ലിലും , മുള്ളിലും ചവിട്ടി എളിയവരിൽ എളിയവനായി നടന്നപ്പോൾ അവന്റെ പിന്തുടർച്ചക്കാർക്ക് ( എന്നഭിമാനിക്കുന്നവർക്ക് ) എങ്ങനെ അത്യാഡംബരത്തിൽ ജീവിക്കാൻ കഴിയും . കള്ളനാണയങ്ങളെ തിരിച്ചറിയുക . യേശുവിന് നിന്റെ “പണമല്ല “വേണ്ടത് നിന്റെ “ഹൃദയമാണ് “വേണ്ടത് . നിന്റെ കഴിവല്ല മറിച് നിന്റെ ഒന്നുമിലാകായ്മയാണ് അവന് വേണ്ടത് . ഗർവിയെ ദൂരത്തുനിന്നറയുന്ന ദൈവം എല്ലാം കാണുന്നു . ആ കണ്ണിന് മുൻപിൽ നിന്റെ നിരൂപണങ്ങൾ പോലും നിർവ്യാജം ആകട്ടെ . പ്രകടനങ്ങളും പ്രഹസനങ്ങളും മാറ്റി വെയ്ക്കൂ . യേശു ഇനിയും നിന്നിൽകൂടി ക്രൂശിക്കപ്പെടരുത് , ആക്ഷേപിക്കപ്പെടരുത് , അവഹേളിക്കപ്പെടരുത് . യേശു രക്ഷകൻ ആണ് . ഒരു മതസ്ഥാപകൻ അല്ലെ അല്ല . അവനെ സ്വീകരിക്കുന്നവർ ഭാഗ്യശാലികൾ .