Biju Abraham Atlanta.
ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ട്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവിൻ “….
ആരും ദുഖവും വേദനയും ആഗ്രഹിക്കുന്നില്ല . രാവിലെ എഴുനേൽക്കുമ്പോഴേ ” ഇന്ന് എനിക്ക് ഒത്തിരി പ്രയാസമുള്ള ഒരു ദിവസം തരണേ എന്ന് ബോധം ഉള്ള ആരും പ്രാർത്ഥിക്കുകയും ഇല്ല .
ദൈവം മനുഷ്യന് സമ്മാനിച്ചത്”കഷ്ടതയും പ്രയാസവും “ഇല്ലാത്ത ഒരു നല്ല ഭൂമി” തന്നെ ആയിരുന്നു . ദൈവം നോക്കി “നല്ലത്”എന്ന് കണ്ട ഭൂമി . മനുഷ്യൻ ദൈവത്തിന്റെ വാക്ക് ധിക്കരിച്ചു പാപത്തിന്റെ ചേറ്റുകുഴിയിൽ മുഖം കുത്തി വീണു . ദൈവം തന്ന സന്തോഷത്തെ നഷ്ട്ടം ആക്കി മാറ്റി . ദൈവത്തോട് അകന്നുപോയ മനുഷ്യന്റെ പാപ കറകൾ കഴുകുവാൻ ദൈവപുത്രന്റെ ചങ്കിലെ ചോര തന്നെ വേണ്ടി വന്നു .”ന്യായപ്രമാണത്തിന് സാധിക്കാത്തത് നിവൃത്തിപ്പാൻ യേശു ഭൂജാതനായി “. സ്വന്തം പ്രവർത്തിയാൽ ആരും ദൈവത്തിന്റെ അടുക്കൽ എത്തുകയില്ല . നമ്മുടെ നന്മ പ്രവർത്തികൾ കറ പുരണ്ട തുണിക്ക് തുല്യം .ദൈവം മനുഷ്യന് രക്ഷപെടുവാൻ വലിയ “വില നല്കി ” ….. അതാണ് ദൈവ കുഞ്ഞാടിന്റെ പരമ യാഗം . ഇനിയും മനുഷ്യൻ പാപിയായി ജനിക്കുന്നില്ല . അതുകൊണ്ട് “ജന്മ പാപം “.എന്ന ഒരു പാപവും ഇല്ല .മുതിർന്നു തിരിച്ചറിവ് ആയതിന് ശേഷം അവനിൽ വന്നു ചേരുന്ന “മുറുകെ പറ്റുന്ന പാപത്തിൽ നിന്നാണ് അവൻ മുക്തൻ ആകേണ്ടതും പ്രതിദിനം നമ്മെ ശുദ്ധീകരിച്ചുകൊണ്ട് ദൈവ സന്നിധിയിൽ കളങ്കമില്ലാതെ നില്കേണ്ടതും . “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ അവരെ തടയരുത് .സ്വർഗ്ഗരാജ്യം ഇങ്ങനെ ഉള്ളവരുടെതല്ലോ “. മനുഷ്യൻ അറിഞ്ഞു തന്നെ അവനിൽ കടന്നു കൂടുന്ന “വിഷ ബീജം “ആണ് പാപം . “മോഹം “ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു . കാണ്മോഹം , ജഡമോഹം , ജീവനത്തിന്റെ പ്രതാപങ്ങൾ …..തുടങ്ങിയവ . മനുഷ്യൻ തിരിച്ചറിവ് പ്രാപിക്കുമ്പോൾ മാത്രമേ അവൻ പാപത്തിൽ വീഴുന്നുള്ളൂ എന്ന് സാരം . അതുകൊണ്ടാണ് പാപം ഇല്ലാത്ത ശിശുവിന് സ്നാനം ആവശ്യം ഇല്ലാത്തതും .തിരിച്ചറിവ് വന്ന മനുഷ്യൻ തന്റെ കുറവുകളെ “അവൻ തന്നെ “. ഏറ്റു പറഞ്ഞു മരണപുനരുദ്ധാനത്തിന് സമാനമായ മുഴുകൽ സ്നാനം സ്വീകരിക്കേണ്ടതും . അത് ദൈവ കല്പനയാണ് . അത് ദൈവീക “നീതിയുടെ നിവർത്തനം” ആണ് . പാപം അറിഞ്ഞിട്ടില്ലാത്ത ,സ്നാനം ആവശ്യം ഇല്ലാത്ത യേശു നാഥൻ മനുഷ്യവർഗത്തിനു മാതൃക ആയി യോഹന്നാന്റെ കയ്യാൽ യോർദാൻ നദിയിൽ സ്നാനം ഏറ്റു ” നീതി ” നിവൃത്തിച്ചു . അതുകൊണ്ടാണ് യേശുവിനെ അനുഗമിക്കുന്നവർക്ക് സ്നാനം ആവശ്യം ആകുന്നതും .
അത് വെറും വെള്ളത്താലുള്ള ഒരു നിമഞ്ജനം അല്ല മറിച്ഛ് “സാത്താനോടും അവന്റെ ആധിപത്യത്തോടും ഉള്ള തിരസ്കരണത്തിന്റെ പരസ്യമായ ഒരു പ്രഖ്യാപനം കൂടി “ആണ് സ്നാനം .അപ്പോൾ ഉയർന്നു വരുന്ന ഒരു ചോദ്യം ഉണ്ട് . സ്നേഹ നിധിയായ ദൈവം എന്തിന് മനുഷ്യനെ കഷ്ടതയിൽക്കൂടി കടത്തി വിടുന്നു . മനുഷ്യൻ അകപ്പെട്ടു പോയ വലിയ കഷ്ട്ടത്തിൽ നിന്നും അവനെ മോചിപ്പിക്കുകയാണ് ദൈവം ചെയ്യുന്നത് .അത് ആണ് കാൽവരിയിലെ വീണ്ടെടുപ്പ് . അപ്പോൾ കഷ്ടതയോ ? വീണ്ടെടുപ്പ് പ്രാപിച്ചിട്ടില്ലാത്ത ഈ ഭൂമിയിൽ അത് ഉണ്ടാകുക സ്വഭാവികം തന്നെ . കാരണം ഭൂമിയുടെ വീണ്ടെടുപ്പ് നാൾ വരെ അതിന്റെ അധിപതി ദൈവ പ്രതിയോഗി ആണ് . അത് ദൈവ നീതിയുടെ മറ്റൊരു പ്രദർശനം ആണ് . ദൈവ ശാസ്ത്രത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ദൈവ കരുണയുടെ വെളിപ്പെടുത്തൽ .അത് കൊണ്ട് തന്നെ ദൈവത്തിന് വേണ്ടി നിലകൊള്ളുന്നവർക്ക് "ഏറിയ കഷ്ട്ടങ്ങൾ " ഉണ്ടാകും . ദൈവീക ദർശനം നേരിൽ പ്രാപിച്ച അപ്പോസ്തോലനായ പൗലോസ് പോലും തന്റെ കഷ്ടത മാറ്റുവാൻ ദൈവത്തോട് അപേക്ഷിച്ചു . അവന് കിട്ടിയ മറുപടി അനുകൂലം ആയിരുന്നില്ല . " എന്റെ കൃപ നിനക്ക് മതി ; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു ". പിന്നീട് തന്റെ ജീവിതാന്ത്യം വരെയും " ആപത്ത് , വാൾ , കഷ്ടത , നഗ്നത ....എല്ലാം താൻ "സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചു .
ഇന്നത്തെ ആധുനിക അപ്പോസ്തോലന്മാർ പാവങ്ങളുടെ “അദ്ധ്വാനം”സന്തോഷത്തോടെ അപഹരിക്കുന്നു .ഇതാണ് വിത്യാസം .
ഈ ലോകത്തിൽ സമൃദ്ധി വാഗ്ദാനം ചെയ്യുന്നവർ ജനത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത് . അവർക്ക് സമൃദ്ധി നൽകുന്നത് ദൈവം അല്ല മറിച്ഛ് അവർ അറിഞ്ഞോ അറിയാതെയോ പെട്ടിരിക്കുന്ന ഈ ലോകത്തിന്റെ അധിപതിയുടെ കരങ്ങൾ ആണ് . യഥാർത്ഥ ക്രിസ്ത്യാനിക്ക് കഷ്ട്ടങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും .
എന്നാൽ ഒരേ ഒരു വിത്യാസം ദൈവത്തെ ശ്രദ്ധിക്കുവാൻ താൽപ്പര്യം ഇല്ലാതെ ഈ “ലോകത്തിലെ സമ്പത്തിൽ മാത്രം “പ്രിയം വെച്ച ധനവാൻ യാതനാ സ്ഥലത്തു നിത്യമായി കഷ്ടത അനുഭവിക്കുമ്പോൾ ഇവിടെ കഷ്ടപ്പെട്ട ലാസർ നിത്യ സന്തോഷം ” അനുഭവിക്കുന്നു .
ഈ ലോകത്തിലെ താൽക്കാലിക കഷ്ടതകളുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ആത്യന്തിക പ്രതിഫലങ്ങളെ വിശ്വാസകണ്ണാൽ കാണുന്ന ക്രിസ്ത്യാനിക്ക് ഒരുക്കിയിട്ടുള്ളത് ” ഒരു കണ്ണും കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെയും ഹൃദയത്തിൽ നിരൂപിച്ചിട്ടില്ലാത്ത “അഭൗമ സമൃദ്ധിയുടെ നിത്യ കാലങ്ങളെ” മാനസകണ്ണാൽ ദർശിച് “ഭാവികാലം ഓർത്തു പുഞ്ചിരിയോടെ ഈ താൽക്കാലിക കഷ്ട്ടങ്ങളെ അതിജീവിക്കൂ .
അന്തിമ വിജയം നമുക്ക് മാത്രം .