നല്ല ശമര്യക്കാരൻ

Biju Abraham Atlanta.

വിശുദ്ധ ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ള കൊച്ചു കുട്ടികൾക്കുപോലും അറിയാവുന്ന ഒരു കഥയാണ് നല്ല ശമര്യക്കാരന്റേത് . തനിയെ വഴിയാത്ര ചെയ്തിരുന്ന യാത്രക്കാരൻ വഴിമധ്യേ കള്ളന്മാരാൽ ആക്രമിക്കപ്പെട്ടു . മുറിവേറ്റു കിടന്ന അയാളെ കണ്ടിട്ടും കാണാതെ മാറിപോയത് ഒരു പുരോഹിതനും ,ലേവ്യനും ആയിരുന്നു .മനുഷ്യന് സന്മാർഗം ഉപദേശിച്ചു കൊടുക്കുന്നു എന്ന് അഭിമാനിക്കുന്ന ന്യായപ്രമാണത്തിന്റെ പ്രതിനിധികൾ . ദൈവസ്നേഹം പ്രവർത്തിയിൽ ഇല്ല . അത്‌ പള്ളിക്കുള്ളിൽ മാത്രം . സ്വന്തം വർഗ്ഗത്തിൽ പെട്ട ഒരു യഹൂദൻ ആണ് മുറിവേറ്റത് ” അവൻ സ്വന്തമായതിലേക്ക് വന്നു എന്നാൽ അവർ അവനെ അറിഞ്ഞില്ല “.
സാക്ഷാൽ ദൈവപുത്രൻ മരത്തണലിലും , പുഴവക്കത്തും , എല്ലാം വചനം പറയുമ്പോൾ പുരോഹിതരും , സദൂക്യരും , ലേവ്യരും ഒക്കെ അവനെ “തച്ചന്റെ മകൻ ” എന്ന പുച്ഛത്തിൽ കാണുന്നു . മറ്റൊരു രീതിയിൽ പറഞ്ഞാൽ . ജനം ഇന്നും മുറിവേറ്റ് വഴിയോരങ്ങളിൽ കിടക്കുന്നു . ദൈവീക വഴികളുടെ അവസാന വാക്ക് എന്ന് ചിന്തിക്കുന്ന പലരും തങ്ങളുടെ മുഖം പ്രദർശിപ്പിക്കുന്ന പരസ്യ പലകയാൽ മുഖം മറച്ച് മുറിവേറ്റവരെ കണ്ടിട്ടും കാണാതെ പോകുന്നു . കരച്ചിലും ഞരക്കവും കേട്ട് അടുത്ത് വരുന്നത് ഒരു നല്ല ശമര്യക്കാരൻ ആയ യേശു മാത്രം . അവൻ നമുക്ക് വേണ്ടത്‌ എല്ലാം തന്നു , പരിചരണവും , സ്നേഹവും , കരുതലും എല്ലാം . അത്‌ കൊണ്ടും തീരുന്നില്ല .നമ്മൾക്ക് വഴികാട്ടിയായി ആയി പരിശുദ്ധാത്മാവിനെയും ആക്കിയും വെച്ചു . ഇനിയും അവൻ മടങ്ങി വരും എന്ന ഉറപ്പും പറഞ്ഞു . ഇവനാണ് നല്ല ശമര്യക്കാരൻ .എല്ലാവരും കൈവിടുമ്പോൾ , കണ്ടിട്ടും കാണാതെ പോകുമ്പോൾ കനിവ് തോന്നി അടുത്തു വന്ന് നമ്മെ പരിചരിക്കുന്ന ഒരേ ഒരു നല്ല ശമര്യക്കാരൻ .അവൻ വേഗം മടങ്ങി വന്ന് നമ്മെ ചേർത്തുകൊള്ളും .

Leave a comment