Biju Abraham Atlanta.
ക്രിസ്തുവിന്റെ അനുധാവനം ചെയ്യുവാൻ ആഗ്രഹിക്കുന്നവരുടെ “നിയമ സംഹിത”കൂടിയാണ് വിശുദ്ധ ബൈബിൾ . അതിലെ പ്രമാണങ്ങൾ ലളിതവും , എന്തുകൊണ്ടും പ്രാവർത്തികമാക്കുവാൻ യോഗ്യവും ആണ് . പിന്നെ എന്തുകൊണ്ട് ക്രൈസ്തവർ വിവിധ നിലകളിൽ ദൈവാരാധന ചെയ്ത് പല കൂട്ടമായി ചിതറുന്നു .സന്തോഷഭരിതമായ ഒരു ജീവിതത്തെ കല്പനാ ലംഘനത്താൽ തകർത്തുകൊണ്ട് മനുഷ്യൻ പാപത്തിന്റെ പടുകുഴിയിലേക്ക് വീണു പോയി . അവൻ മുഖം പൊത്തി കരഞ്ഞു വിളിച്ചു .ഞങ്ങളെ രക്ഷിക്കൂ . ഞങ്ങൾ ചെയ്തതിന് പകരം നിനക്ക് ഹിതമായത് ചെയ്ത് ഞങ്ങൾ നിന്നോട് ചേർന്നുകൊള്ളാം . അതിനുള്ള പ്രമാണങ്ങൾ തരൂ . ഞങ്ങൾ ഏതു യാഗവും ചെയ്ത് ഞങ്ങളുടെ തെറ്റ് തിരുത്തും . അങ്ങനെ മനുഷ്യന് “ദൈവീക ന്യായ പ്രമാണം ” നിയമമായി കിട്ടി .മനുഷ്യന്റെ കഠിന യാഗങ്ങൾ കൊണ്ടുപോലും ദൈവീക സാമീപ്യത്തിന്റെ പരിപൂർണതയിൽ എത്തുവാൻ അവൻ ശ്രമിച്ചു വലയുന്നത് കണ്ട് മനസ്സലിവ് തോന്നി ദൈവം വച്ച “പുതിയ നിയമം” ആണ് ക്രിസ്ത്യാനിയുടെ അടിസ്ഥാനം ആകേണ്ടത് . പുതിയ നിയമം പഴയതിന്റെ ഒരു തുടർച്ച അല്ല മറിച് അത് ഒരു പുതിയ നിയമം തന്നെ ആണ് . സർവയാഗങ്ങൾക്കും അന്ത്യം കുറിച് യേശു ക്രിസ്തു ക്രൂശിൽ യാഗമായി . അവനെ കാണുവാൻ പാപ പരിഹാരത്തിനായി ഇനി ഒരു പുരോഹിതനും യാഗം കഴിക്കേണ്ട . യേശു ഉയർത്തപ്പെട്ട ക്രൂശിൽ പരസ്യമായി നിൽക്കുന്നു . അവന്റെ നിർമല രക്തം നമ്മുടെ ഏത് പാപവും കഴുകി കളയുവാൻ ശക്തമാണ് . അവനിൽ വിശ്വസിക്കുക അത്രമാത്രം . പഴയനിയമ ആരാധനയുടെ തുടർച്ച ആവശ്യമില്ല . കാൽവരിയിൽ പുതിയ നിയമം സ്ഥാപിതം ആയി . ഒരു വിശുദ്ധനും ആരാധനയുടെ മഹത്വം എടുക്കരുത് . ആർക്കും ദൈവത്തിന് വേണ്ടി വിശുദ്ധർ ആകാം . എന്നാൽ അവർ ആരാധനാ പാത്രങ്ങൾ ആകരുത് . യേശു മാത്രം ആരാധനക്ക് യോഗ്യൻ . അവന്റെ നാമം എവിടെയും ഉയർത്തപ്പെടണം . അതിന് പുരോഹിതന്റെ ആവശ്യം ഇല്ല . പ്രത്യേക വേഷ ങ്ങൾ ആവശ്യമില്ല . പുതിയ നിയമ ആരാധനയിൽ ക്രിസ്ത്യാനിക്ക് പഴയ നിയമത്തിന്റെ തുടർച്ച ഒന്നും ആവശ്യം ഇല്ല . ആരാധനക്ക് പ്രത്ത്യേക ആരാധന സ്ഥലങ്ങളുടെ ആവശ്യമില്ല . ” കൈപ്പണിയായതിൽ ദൈവം വസിക്കുന്നില്ല ” നമ്മുടെ ഹൃദയങ്ങളാണ് അവന്റെ ആലയം ആകേണ്ടത് . അടച്ചുകെട്ടിയ ദൈവാലയത്തിനുള്ളിൽ അല്ല ആരാധന വെളിപ്പെടുന്നത് ” തകർന്നും നുറുങ്ങിയും ഉള്ള ഹൃദയങ്ങളെ ” ആണ് അവന് വേണ്ടത് . അവിടെയാണ് ആരാധന വെളിപ്പെടുന്നത് . ആത്മാവാകുന്ന ദൈവത്തെ നമ്മുടെ കർമ്മങ്ങൾ കൊണ്ട് പ്രസാദിപ്പിക്കുവാൻ വിഫലശ്രമം ചെയ്യരുത് .
ഓർത്തഡോക്സ് സഭ തങ്ങളുടെ ആചാരങ്ങളിൽ മാറ്റം വരുത്തുന്നത് തികച്ചും ഉചിതം തന്നെ . വിശുദ്ധ ബൈബിളിന് അന്യമായി നിൽക്കുന്ന എല്ലാ ആചാരങ്ങളും മാറുക തന്നെ വേണം . ക്രിസ്ത്യാനിക്ക് ഒരു പ്രമാണമേ ഉള്ളൂ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടരുത് . സാക്ഷാൽ ദൈവപുത്രൻ വെളിമ്പ്രദേശങ്ങളിൽ ശിസ്രൂഷിക്കുമ്പോൾ കെട്ടിഉയർത്തിയ ദൈവാലയത്തിൽ ആരാധനയുടെ മണി മുഴങ്ങുന്നു . ഇന്നും ഈ തെറ്റ് ആവർത്തിക്കപ്പെടുന്നു .ക്രിസ്ത്യാനിയുടെ ദൈവം കോടികളുടെ കെട്ടിടങ്ങൾക്കുള്ളിലോ ഉയർത്തപ്പെട്ട മണിമാളികയിലോ അല്ല വസിക്കുന്നത് . അവൻ തെരുവിൽ മുറിവേറ്റു കിടക്കുന്നവരുടെ കണ്ണീർ ഒപ്പുന്ന ദൈവമായി ജനത്തിന്റെ ഇടയിൽ ഉണ്ട് . അവനെ കണ്ടെത്തി ഹൃദയത്തിൽ സ്വീകരിച്ചു ദൈവ പ്രസാദകരായി മാറുന്നവർ ഭാഗ്യമുള്ളവർ തന്നെ .
ദൈവം സഹായിക്കട്ടെ .