Biju Abraham Atlanta .
വളരെ വേദന തോന്നിയ ഒരു വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടു . ഏതോ ഒരു അപകടത്തിൽ തന്റെ മകൻ മരിച്ചു പോയ ഒരു അമ്മയുടെ ആരെയും നൊമ്പരപ്പെടുത്തുന്ന വാക്കുകൾ . അവരുടെ വാക്കുകളിൽ “വളരെ ദൈവഭക്തിയിൽ വളർത്തിയ , എല്ലാവർക്കും പ്രിയനായിരുന്ന മകന്റെ “ആകസ്മിക മരണം അവരെ തകർത്തുകളഞ്ഞു . ഒരു കത്തോലിക്ക വിശ്വാസിനി ആയ അവരുടെ ഈ വലിയ സങ്കടത്തിൽ ആശ്വസിപ്പിക്കാൻ വന്ന ഒരു കന്യാസ്ത്രീ അവരോട് ഇങ്ങനെ പറഞ്ഞു : ” വ്യാകുല മാതാവിന്റെ കൊന്ത ചൊല്ലി പ്രാര്ത്ഥിക്ക് ആശ്വാസം ലഭിക്കും .”എന്ന്
അവരുടെ കടുത്ത വേദനയിലും അവർ അതിന് കരഞ്ഞുകൊണ്ട് നല്കിയ മറുപടി എന്നെ അതിശയിപ്പിച്ചു . ” ഞാൻ അല്ലെ വ്യാകുലമാതാവ് എന്ന് ” അവരുടെ ദുഃഖത്തിന്റെ ആഴത്തിൽ അതിനപ്പുറം ഒരു മാതാവും ഇല്ല . അവരുടെ ഭാഷയിൽ എല്ലാം തന്നിട്ട് അതെല്ലാം തിരിച്ചു കൊണ്ടുപോയ ആളിനോട് ഞാൻ എന്തിന് പ്രാർത്ഥിക്കണം .ദൈവത്തോട് വെറുപ്പ് തോന്നി , ദൈവം ഉണ്ടോ എന്ന സംശയം. ആ തീവ്ര വേദനയിൽ അവരിൽ നിന്നും വന്ന വാക്കുകൾ ആണിത് .ഇതുപോലെ തന്നെ അടുത്ത സമയം മറ്റൊരു സന്ദർഭത്തിൽ ഒരു പെന്തകൊസ്തു കുടുംബത്തിൽ ജനിച്ച ഒരു അനുഗ്രഹീതനായ ഒരു മകൻ കുവൈറ്റിൽ ഒരു അപകടത്തിൽ ലോകത്തിൽ നിന്നും നീങ്ങി പോയി . ആ ദുഃഖിക്കുന്ന കുടുംബത്തിൽ പോയി അവരെ ആശ്വസിപ്പിക്കുവാനും ദൈവം തന്ന പ്രേരണയിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും എനിക്ക് ഇടയായി .അവരുടെ ചില ചോദ്യങ്ങളിലും സ്വാഭാവികമായും ഉയരുന്ന “എന്തുകൊണ്ട് ?” എന്ന വാക്കുകൾ ഉണ്ടായിരുന്നു . ഞാൻ അവരോട് മരണത്തെ പറ്റി എന്റെ പ്രിയ പിതാവ് കാനം അച്ചൻ താൻ മരിക്കുന്നതിന് വെറും നാലു ദിവസം മുൻപ് എന്നോട് പറഞ്ഞ ചില ചിന്തകൾ പങ്കുവെച്ചു . ” ഈ ലോകത്തിൽ മരണം ഇല്ലായിരുന്നു . സൃഷ്ടിപ്പിലെ ലോകം സന്തോഷം നിറഞ്ഞിരുന്നതും ദുഃഖങ്ങൾ ഇല്ലാത്തതും ആയിരുന്നു . എന്നാൽ മനുഷ്യൻ നടത്തിയ കൽപ്പന ലംഘനം എല്ലാം തകിടം മറിച്ചു . മനുഷ്യന് കഷ്ട്ടത ഉണ്ടായി , മരണത്തിന് അവന്റെ മേൽ ആധിപത്യം ഉണ്ടായി . ദുഖവും മുറവിളിയും ഉണ്ടായി.
“ആർക്കും എങ്ങനെയും , എപ്രകാരവും മരിക്കാം “. അതെല്ലാം ദൈവം ചെയ്യിക്കുന്നതല്ല എന്ന് മനസ്സിലാക്കുക .”
ദൈവമെ നീ എന്തിന് ഇത് ചെയ്തു എന്നത് ഒഴിവാക്കുക .ദൈവമേ നീ സകലവും അറിയുന്നല്ലോ . എനിക്ക് നിന്റെ ആശ്വാസം തരണമേ എന്ന് പ്രാർത്ഥിക്കാം “. യേശുവിന്റെ അപ്പോസ്തോലഗണത്തിലെ ഒരാൾ ഒഴികെ മറ്റുള്ളവർ എല്ലാം ക്രൂരമരണത്താൽ ലോകത്തിൽ നിന്നും മാറ്റപ്പെട്ടവർ ആണ് .ഏത് ഒരാൾ അത് പ്രത്യേകിച്ചും നാം ഏറെ സ്നേഹിച്ചിരുന്നവർ നമ്മെ വിട്ടു മാറുന്നത് വളരെ ദുഃഖം ഉളവാക്കുക തന്നെ ചെയ്യും . അവരെ വീണ്ടും കാണുന്ന സമയമേ നമ്മുടെ വേദന പൂർണമായുംതീരുകയുള്ളു .വാസ്തവമായും ദൈവത്തെ മനസ്സിലാക്കി ജീവിക്കുന്ന തന്റെ ഭക്തർക്ക് വീണ്ടും അവരെ തേജോരൂപികളായി നിത്യ രാജ്യത്തിൽ കാണുവാൻ സാധിക്കും എന്ന വലിയ പ്രത്യാശയാണ് ബൈബിൾ നമുക്ക് നൽകുന്നത് . ഒരു മധ്യസ്ഥരുടെയും ആവശ്യമില്ല യേശുമാത്രം നമ്മുടെ മധ്യസ്ഥൻ . അവനാണ് നമുക്കായി ക്രൂശിൽ മരിച്ചത് .അവനിലാണ് “സമ്പൂർണ യാഗം ” പൂർത്തിയായത് .അവനിൽ മാത്രം ആശ്രയിച്ചു ജീവിക്കുക . അവന്റെ മരണം ഒരു കെട്ടുകഥയല്ല . അവന്റെ മടങ്ങി വരവും ഒരു യാഥാർഥ്യം ആകും . അവൻ നമ്മെ സ്നേഹിക്കുന്നു .
ദൈവം സഹായിക്കട്ടെ .🙏