മരണം ലജ്ജിച്ചു .

Biju Abraham Atlanta.

ആരെയും ഒതുക്കി , യാതൊരു ദയയും ഇല്ലാതെ , സ്നേഹബന്ധങ്ങളെ അറുത്തുമാറ്റി ,കണ്ണുനീരിന്റെയും , നിലവിളിയുടെയും നടുവിൽകൂടി ജൈത്രയാത്ര നടത്തിയ ” ഒടുവിലത്തെ ശത്രുവായ ” മരണം അന്നാളിൽ ആദ്യമായി ലജ്ജിച്ചു തല താഴ്ത്തി .ആരുണ്ട് എനിക്ക് എതിർ നിൽക്കുവാൻ ? എന്ന് അഹങ്കരിച്ചിരുന്ന ‘മരണം ‘ഞെട്ടിപ്പോയി .
ജീവന്റെയും , മരണത്തിന്റെയും ഉടയവ ൻ , ഇതാ കാൽവരി ക്രൂശിൽ നിണമണിഞ്ഞു കിടക്കുന്നു . ഈ സ്വർലോകനാഥനെ ഞാൻ എങ്ങനെ എന്റെ കൈപ്പിടിയിൽ ഒതുക്കും ?
ഇതാ അൽപ്പ നിമിഷങ്ങൾക്കുള്ളിൽ ദൈവപുത്രനായ യേശുവും എന്റെ തണുത്ത കരങ്ങളിൽ ഏല്പിക്കപെടുന്നു . ഇനിയും ആരാലും ചോദ്യം ചെയ്യപ്പെടുവാൻ ഇല്ലാത്ത ‘മരണം ‘ചിരിച്ചു . പക്ഷെ ആ ചിരിക്ക് അൽപ്പായുസ്സേ ഉണ്ടായിരുന്നുള്ളു .
റോമാ സാമ്രാജ്യത്തിന്റെ ഔദ്യോദിക മുദ്രയെ തകർത്തെറിഞ്ഞുകൊണ്ട് യേശു കല്ലറയെ ഭേദിച്ച് പുറത്തുവന്നു .അന്ന് ‘മരണം ‘ആദ്യമായി ലജ്ജിച്ചു തല താഴ്ത്തി .
എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും .എന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട് .എന്ന പ്രത്യാശയുടെ മനുഷ്യവർഗത്തിനു വിമോചനം നൽകുന്ന വാക്കുകൾ കേട്ട ‘മരണം ‘ലജ്ജിച്ചു .കാലത്തിലോ , അകാലത്തിലോ താൻ കൂട്ടികൊണ്ടു പോകുന്നവർ തന്റെ കൈപ്പിടിയിൽ ഇനി ഒതുങ്ങുകയില്ല എന്ന സത്യം തിരിച്ചറിഞ്ഞ , തന്റെ പരിമിതികൾ മനസിലാക്കിയ മരണത്തെ നോക്കി ദൈവ ഭക്തന്മാർ വെല്ലു വിളിച്ചു ” ഹേ മരണമേ നിന്റെ ജയം എവിടെ ? ഹേ മരണമേ നിന്റെ വിഷമുള്ള് എവിടെ ?

നീതിസൂര്യൻ ഉദിക്കുന്ന നാൾ .

Biju Abraham Atlanta.

പാശ്ചാത്യ നാടുകളിലെ കാലാവസ്ഥ മറ്റു നാടുകളേക്കാൾ വിഭിന്നവും , വ്യതിയാനങ്ങൾ പ്രകടവും ആണ് .പ്രസന്ന സുന്ദരമായ വസന്തകാലത്തിന് വിരാമം കുറിച്ച് മരങ്ങളുടെ ഇലകൾ എല്ലാം മഞ്ഞയായും , ചുവപ്പായും മാറുന്നു .തണുപ്പിന്റെ തണുത്ത കരങ്ങളാൽ ചുറ്റി വരിയപ്പെടുന്ന വസന്തകാലം ശൈത്യകാലത്തിന്റെ കമ്പിളിക്കുള്ളിലേക്ക് കടക്കുവാൻ നിര്ബന്ധിതമാകുന്നു .ഇലകൾ മുഴുവനും നഷ്ടമായി ശിഖരങ്ങൾ ഗ്ലാസ് പോലെയുള്ള ഐസ് കട്ടകൾ കൊണ്ട് മൂടപ്പെടുന്നു . എങ്ങും മരവിച്ച അവസ്ഥ . ഈമരങ്ങൾ ഇനി ജീവിക്കുമോ ? തികച്ചും ന്യായമായ ചോദ്യം . എന്നാൽ ഈ അവസ്ഥ എന്നും തുടരുകയില്ല . ചില നാളുകൾക്കു ശേഷം സൂര്യൻ തന്റെ പുതപ്പുനീക്കി പുറത്തുവരും ; നിർജീവമായതിനെ ജീവിപ്പിക്കുവാൻ , മൂകമായിരുന്നിടത്തു സന്തോഷം പകരുവാൻ . എവിടെയോ മറഞ്ഞിരുന്ന കുഞ്ഞാറ്റകിളികൾ പാട്ടുപാടി ചിറകടിച്ചുയരും . മരവിച്ചുനിന്ന മരങ്ങൾ പുഷ്പങ്ങൾ നിറഞ്ഞു പൂത്തുലയും . ഇതുപോലൊരു സാഷ്യം ദൈവത്തിന്റെ സ്വന്തജനമായ ഇസ്രായേലിന് പറയുവാനുണ്ട് . ഫറവോന്റെ അടിമത്വത്തിൽ നിന്നും ഞങ്ങൾക്കൊരു മോചനം ഉണ്ട് . സന്തോഷത്തിന്റെയും , സമൃദ്ധിയുടെയും , ഊഷ്മളതയിലേക്ക് ഞങ്ങൾ മടങ്ങി വരും . ദൈവഭക്തനായ ഇയോബിന് ഒരു സാക്ഷ്യം ഉണ്ട് . എന്റെ ജീവിതത്തിന്റെ ഈ മരവിച്ച ശൈത്യകാലത്തിനൊരവസാനം ഉണ്ട് . എനിക്ക് നഷ്ട്ടപെട്ടതെല്ലാം തിരികെ തന്നുകൊണ്ടു എന്റെ ജീവിതം ഒരു വസന്ത കാലം പോലെ പുഷ്പ്പിക്കും . നമ്മുടെ നീതിസൂര്യനായ യേശുനാഥന്റെ കനിവിന്റെ കിരണങ്ങൾ നമ്മുടെ മേൽ പതിക്കുമ്പോൾ , നമുക്ക് നഷ്ടമായി എന്ന് നാം കരുതുന്നതെല്ലാം തിരികെ വരും . അവിടെ സന്തോഷത്തിന്റെ കതിരുകൾ വിരിയും .രാത്രിയിൽ കരച്ചിൽ വന്നു രാപാർക്കുമ്പോൾ , ഉഷസ്സിങ്കൽ ആനന്ദഘോഷം വരുന്നു . ഈ ലോകത്തിലെ കാലം മാറി മാറിയും എന്നാൽ കുഞ്ഞാട് വിളക്കായി ശോഭിക്കുന്ന നിത്യപുരിയിൽ എന്നും സന്തോഷത്തിന്റെ വസന്ത കാലം തുടരും .കാരണം ആ രാജ്യം അന്തിമവും , നിത്യവും ആണ് . ആ നിലനിൽക്കുന്ന രാജ്യത്തിലെ പ്രജകൾ ആകുവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .

കാട്ടൊലിവിനെ നല്ല ഒലിവ് ആയി മാറ്റുന്നദൈവം 🌿


Biju Abraham Atlanta.

ഒലിവ് മരം വളരെ പ്രയോജനമുള്ള ഒരു വൃക്ഷം . പേര് കൊണ്ട് ഒലിവ് എന്ന് അറിയപ്പെടുന്നു എങ്കിലും അത്‌ കാട്ടു ഒലിവ് ആണെങ്കിൽ അതിന് പ്രയോജനം ഇല്ല . Romans 11: 17 “ കൊമ്പുകളിൽ ചിലത് ഒടിച്ചിട്ട് കാട്ട് ഒലിവ് ആയ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്ത് ഒലിവ് മരത്തിന്റെ ഫല പ്രദമായ വേരിന് പങ്കാളിയാക്കി തീർത്തു എങ്കിലോ കൊമ്പുകളുടെ നേരെ പ്രശംസിക്കരുത് .പ്രശംസിക്കുന്നു എങ്കിൽ നീ വേരിനെ അല്ല വേര് നിന്നെ അത്രേ ചുമക്കുന്നു എന്ന് ഓർക്കുക “
ഗ്രാഫ്റ്റിങ് എന്ന പ്രക്രീയ ആണ് ഇവിടെ സംഭവിക്കുന്നത് . നല്ല ഫലം ലഭിക്കുവാൻ ഫലമില്ലാത്ത മരത്തിൽ നീളത്തിൽ ഒരു മുറിവുണ്ടാക്കി അതിന്റെ തൊലി അറുത്തു മാറ്റും . ആസ്ഥാനത്തു നല്ല മരത്തിന്റെ ഒരു ഭാഗം ഒട്ടിച്ചു ചേർത്ത് വയ്ക്കുന്നു . ചില ദിവസങ്ങൾക്കു ശേഷം അവിടെ മുളച്ചുവളരുന്ന പുത്തൻ നാമ്പ് വളരുവാൻ തുടങ്ങുമ്പോൾ കർഷകൻ പഴയ മരത്തിന്റെ തല മുറിച്ചു മാറ്റും . ഇപ്പോൾ ആ പഴയ വൃക്ഷമല്ല പുതിയ ഫലപ്രദമായ വൃക്ഷമാണ് തഴച്ചു വളരുന്നത് . എത്ര അത്ഭുതകരമായ ഒരു പരിണാമം . ഫലം ഇല്ലാതെ നിന്ന വൃക്ഷം ഇപ്പോൾ ഫലം കായ്ക്കുന്നതായി മാറി . പഴയ വൃക്ഷത്തെ പിഴുത് മാറ്റാതെ , അതിന് പുതു ജീവൻ നൽകിയ കർഷകൻ . ഇത് തന്നെയാണ് നമ്മോടും ദൈവം ചെയ്യുന്നത് .നമ്മുടെ ഫലമില്ലായ്‌മ എടുത്തു മാറ്റി പുതിയ ഫലങ്ങൾ കായ്ക്കുന്ന ആത്‌മീയ വളർച്ചയിലേക്ക് നമ്മെ നയിക്കുന്ന ഒരു നല്ല തോട്ടക്കാരൻ ഇന്നും നമ്മെ പാലിക്കുന്നു . നമുക്ക് പ്രശംസിപ്പാൻ യാതൊന്നും ഇല്ല .എല്ലാം അവന്റെ കൃപാ ദാനങ്ങൾ മാത്രം . സർവ മഹത്വവും അവനു മാത്രം .

ആരാണ് ഞാൻ ‘🌼

Biju Abraham Atlanta.

ഒരു ദർപ്പണത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ നമ്മുടെ രൂപവും ഭാവവും നാം കാണുന്നു . ആ കാഴ്ചയെ നാം”നമ്മളെന്ന്”വിളിക്കുന്നു .നമ്മൾ പുറമെ കാണുന്ന ” നമ്മളെ “നമ്മൾ വളരെ സ്നേഹിക്കുന്നു , കരുതുന്നു , പരിപാലിക്കുന്നു . നമ്മൾക്ക് വിശക്കുമ്പോൾ വേണ്ട ആഹാരവും , ദാഹിക്കുമ്പോൾ വേണ്ട പാനീയങ്ങളും വളരെ കൃത്യമായി നാം നൽകുന്നു .അതിന് ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കുവാൻ നമ്മൾ എന്ത്‌ ത്യാഗവും സഹിക്കും . അതിനെ മനോഹരമായി സൂക്ഷിക്കുവാൻ നാം വളരെ അധികം സമയം കണ്ണാടിയുടെ മുൻപിൽ ചിലവഴിക്കും . കാരണം നമ്മൾ നമ്മുടെ ശരീരത്തെ അത്രയും അളവിൽ കരുതുന്നു . എന്നാൽ നാം പുറമെ കാണുന്ന നമ്മളാണോ യഥാർത്ഥ "നമ്മൾ"നമ്മുടെ ശരീരം ആണോ നമ്മളെ നമ്മളാക്കുന്നത് .ഈ ശരീരത്തിനുള്ളിൽ നമ്മെ നമ്മളാക്കുന്ന ഒരു ആത്മാവുണ്ട് . അതാണ് യഥാർത്ഥ നമ്മൾ .ആ സത്യം തിരിച്ചറിഞ്ഞുകൊണ്ട് തങ്ങളുടെ ആത്മാവിനായി കരുതുന്നവർ തുലോം വിരളമാണ് .നമ്മൾ നമ്മുടെ ബാഹ്യ കവചമായ ശരീരത്തെ പരിപാലിക്കുവാൻ കൂടുതൽ ശ്രദ്ധിക്കുമ്പോൾ നഷ്ട്ടമാകുന്നത് ആത്മാവിനുള്ള പോഷണമാണ് .ആത്മാവിനു വേണ്ടത് ശവക്കുഴിയിൽ അവസാനിക്കുന്ന ആഡംബര സുഖങ്ങളല്ല , പ്രത്യുത അതിനെ നമ്മുടെ ശരീരത്തിലേക്ക് പറഞ്ഞുവിട്ട ദൈവത്തിന്റെ സാമീപ്യവും ,സംസർഗവും ആണ് . നമ്മുടെ ശരീരം കൊണ്ടും മനസ്സുകൊണ്ടും നമ്മൾ ദൈവപ്രസാദമുള്ള സൗരഭ്യയാഗമായി നമ്മെ പ്രതിദിനം അർപ്പിക്കുമ്പോൾ യഥാർത്ഥത്തിൽ "നമ്മൾ വളരുന്നു . എത്രത്തോളം ? പരിധികളോ പരിമിധികളോ ഇല്ലാതെ ക്രിസ്തു എന്ന തലയോളം ഉള്ള വളർച്ച . ആ വളർച്ചയുടെ പ്രയാണത്തിൽ നമ്മുടെ" ശരീര കവചം പൊളിഞ്ഞു വീണാലും ആത്മാവ് "സമ്പൂർണ ഞാൻ " എന്ന പദവിയുമായി എന്നെ അയച്ചവന്റെ അടുക്കലേക്കു പറന്ന് പോകും .അതാണ് യഥാർത്ഥ "ഞാൻ ". ഇനി പറയൂ ...ആർക്കുവേണ്ടി നമ്മൾ കൂടുതൽ കരുതണം . നിത്യമായി ജീവിക്കേണ്ട ആത്മാവിനു വേണ്ടിയോ , അതോ ശവക്കുഴി കൊണ്ടവസാനിക്കുന്ന നമ്മുടെ ബാഹ്യ കവചങ്ങൾക്കുവേണ്ടിയോ ?

പരിപൂർണ്ണ യാഗം 🐏

Biju Abraham Atlanta.

തങ്ങളുടെ പാപ വിമോചനത്തിനായി പഴയനിയമ പ്രമാണങ്ങൾ പാലിക്കുവാൻ മനുഷ്യർ നന്നേ പ്രയാസപ്പെട്ടു . തങ്ങളുടെ അകൃത്യങ്ങൾക്ക് പകരമായി ആട്ടുകൊറ്റന്മാരും നിഷ്കളങ്കരായ കുറുപ്രാവുകളും രക്തം ചൊരിഞ്ഞു യാഗമായി . ചാക്രികമായ ഈ തനിയായവർത്തനത്തിന് അന്ത്യം കുറിച്ച് മാനവരാശിയുടെ പാപം അഖിലവും വഹിച്ചു കൊണ്ട് , ദൈവകുഞ്ഞാട്‌ ഇതാ കാൽവരി മല കയറുന്നു . “അപ്പാ യാഗത്തിനുള്ള മൃഗം എവിടെ “എന്ന ചോദ്യം ഉയരുന്നില്ല . താൻതന്നെ ആണ് യാഗവസ്തു എന്ന് അറിഞ്ഞുകൊണ്ട് ഒരു കുഞ്ഞാടിനെപ്പോലെ ദൈവപുത്രൻ ഇതാ ക്രൂശിനായി തന്നെ ഏൽപ്പിച്ചു കൊടുക്കുന്നു .
ഭൂമിയിൽ അന്നോളം നടന്നിട്ടുള്ള സകല യാഗങ്ങളുടെയും സംപൂർത്തിയായി ദൈവപുത്രനായ യേശു മാനവരാശിയുടെ പാപ വിമോചനത്തിനായി തന്നെ ഏൽപ്പിച്ചു കൊടുക്കുന്നു . ഇനിയും ഒരു നിഷ്ക്കളങ്ക രക്തവും വീഴാതിരിക്കാൻ യേശു തന്റെ അവസാന തുള്ളി രക്തവും ക്രൂശ് എന്ന യാഗപീഠത്തിൽ അർപ്പിച്ചു . അത് വിശ്വസിക്കുന്ന ഏവർക്കും രക്ഷയുടെ മുദ്രയായി “ഒരു പുതിയ നിയമമായി “നില നിൽക്കുന്നു . ഈ രക്തം കുലപാതകികളെ ദൈവസ്നേഹത്തിൽ മടക്കിവരുത്തും , അക്രമികൾക്കും , അധർമികൾക്കും പാപ വിമോചനം നൽകും . ഇനിയും മനുഷ്യന് ദൈവത്തോട് അടുക്കുവാൻ യേശുവിലുള്ള വിശ്വാസവും ആശ്രയവും മാത്രം മതി .”അതുകൊണ്ട് ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല .ജീവന്റെ ആത്മാവിന്റ പ്രമാണം എനിക്ക് പാപത്തിന്റെയും , മരണത്തിന്റെയും പ്രമാണത്തിൽ നിന്ന് ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു , ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാതിരുന്നതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപ ജഡത്തിന്റെ സാദൃശ്യത്തിലും , പാപം നിമിത്തവും അയച്ചു പാപത്തിന് ജഡത്തിൽ ശിക്ഷ വിധിച്ചു .ജഡത്തെയല്ല , ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി
നിവൃത്തിയാകേണ്ടതിന് തന്നെ .”
റോമർ 8: 1-4) . ഇനിയും ദൈവത്തോടടുക്കുവാൻ മനുഷ്യന് ഒരു കർമ്മ മാർഗത്തിന്റെയും ആവശ്യമില്ല . വിശ്വാസം മാത്രം മതി .

മതങ്ങൾക്ക് വെളിയിലെ യേശു .

Biju Abraham Atlanta.

തിരുവചനം വെളിപ്പെടുത്തുന്ന യേശു നാഥൻ എന്നും മനുഷ്യൻ ചമയ്ക്കുന്ന ചട്ടക്കൂടിന് വെളിയിലാണ് നിൽക്കുന്നത് . അവന്റെ ശിശ്രുഷകൾ വെളിപ്പെട്ടത്

കൊട്ടാരക്കെട്ടുകൾക്കുള്ളിലോ, മനോഹരമായ
പള്ളിഅരമനകളിലോ അല്ലായിരുന്നു . സർവ്വവും ചമച്ച ദൈവത്തെ ഉൾക്കൊള്ളുവാൻ പര്യാപ്‌തമായ ഒരു സൗധവും ഈ ഭൂമിയിൽ ഇല്ല ഉണ്ടാകുകയും ഇല്ല .” കൈപ്പണിയായതിൽ അവൻ വാസം ചെയ്യുന്നില്ല “.
വിശ്വാസത്തോടെ അവനെ ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് തിരുവചനം അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ആർക്കും അവനെ എവിടെയും ആരാധിക്കാം . മതങ്ങളോ , പ്രസ്ഥാനങ്ങളോ അതിന് തടസ്സം ആകരുത് .
ഐഹീകമായ ഒരു രാജ്യം സ്‌ഥാപിക്കുവാൻ അല്ല യേശു ഭൂമിയിൽ വന്നത് . ദൈവാരാജ്യമാണ് അവൻ പ്രസംഗിച്ചത് , പഠിപ്പിച്ചത് . ഈ ഭൂമിയിലെ രാജാക്കന്മാരും , മതപുരോഹിതന്മാരും അവനെതിരായിരുന്നു . സത്യക്രിസ്ത്യാനിക്ക് ലോകം എന്നും എതിരു നിൽക്കും . പാരമ്പര്യം മനുഷ്യന്റേതാണ് . അതിന് തെറ്റ് പറ്റും . എന്നാൽ ദൈവീക പ്രമാണങ്ങൾക്ക് തെറ്റ് പറ്റുകയില്ല .
ഒരു അനുഭവും , ജീവിത പ്രമാണവും ആയിരിക്കേണ്ട “പെന്തകോസ്ത് “
അത് വിട്ട് പ്രസ്ഥാനം ആയി മാറരുത് . ആ ദിവ്യാനുഭവം ഹൃദയത്തിൽ പേറി , നാഥനായി ഏത് കഷ്ട്ടവും , നിന്ദയും , ത്യാഗവും സഹിക്കുവാൻ തയാറായി ജീവിതം നയിക്കുന്ന എത്രയോ ജീവിതങ്ങൾ ലോകത്തിൽ ഉണ്ട് . അവർ മതത്തിന്റെ അളവുകോലിനും എത്രയോ ഉന്നതിയിലാണ് .

” നമുക്ക് ഇനിയും ഇവിടെ ജീവിക്കണമെങ്കിൽ ഭൂരിപക്ഷ സമുദായങ്ങൾക് യോജിച്ച മാറ്റങ്ങൾ വരുത്തണം എന്ന് ഒളിഞ്ഞും , തെളിഞ്ഞും , പറഞ്ഞും , പറയാതെയും ജനത്തിന്റെ ഇടയിൽ വിഷവിത്തു പാകുന്നവർ ഉണ്ടാകുന്ന ദോഷം എത്രയോ ഭയാനകം . ക്രിസ്റ്റീയത കഷ്ടതയുടേതാണ് . “ഈ ലോകത്തിൽ നിങ്ങൾക് കഷ്ട്ടം ഉണ്ട് ” എങ്കിലും അതിനെ ജയിച്ച ഒരു ജയവീരൻ നമുക്കായി ജീവിക്കുന്നു എന്നതാണ് , എന്നതായിരിക്കേണം നമ്മുടെ പ്രത്യാശ .
തിരുവചനം വായിക്കുവാൻ പുരോഹിതന്മാർക്ക് മാത്രം അവകാശം എന്ന് പഠിപ്പിച്ചിരുന്ന പാരമ്പര്യ സഭക്കെതിരെ വേദപുസ്തകസത്യങ്ങൾ എല്ലാവരും മനസ്സിലാക്കണമെന്നും , പൗരോഹിത്യ മേധാവിത്വവും , പാപവിമോചന ചീട്ടും ( sale of indulgences) വചനവിരുദ്ധമായ ആചാരങ്ങൾ ആണെന്ന് മനസ്സിലാക്കി അത് വിട്ട് പുറത്തുവന്നു വിശ്വാസത്താലുള്ള രക്ഷയുടെ കാഹളം ഊതിയ നവീകരണ നക്ഷത്രം മാർട്ടിൻ ലൂഥറിന് തെറ്റുപറ്റിയിട്ടില്ല . ദൈവവചന വിരുദ്ധമായ ഉപദേശങ്ങളോ , പഠിപ്പിക്കലുകളോ എവിടെ ഉയർന്നാലും അതിനെതിരെ വചനം ഉയർത്തി നേർവഴി കാട്ടുവാൻ ഉള്ള ചുമതല വചനപ്രകാരം ജീവിക്കുന്ന എല്ലാവർക്കും ഉണ്ട് . ഈ ലോകത്തിലെ താൽക്കാലിക നേട്ടങ്ങൾക്കായി ജനത്തെ വഞ്ചിക്കുന്നവർ അറിഞ്ഞുകൊണ്ട് മറ്റുള്ളവരെ കൂടി തെറ്റായ പാതയിൽ തള്ളിവിടുന്നു .വചന വെളിച്ചത്തിൽ യഥാർത്ത പാത കണ്ടെത്തി മുന്നേറുവാൻ ദൈവം ഏവർക്കും കൃപ നൽകട്ടെ .

ലോകാവസാനം


Biju Abraham Atlanta.🌺

എന്റെ പിതാവ് ചെറിയ ബാലനായിരിക്കുന്ന കാലം . താൻ സ്‌കൂളിൽ നിന്നും വരുമ്പോൾ കവലയിൽ വലിയ ആൾകൂട്ടം . അതിന്റെ നടുവിൽ ധ്യാനനിമഗ്നനായി ചമ്രം പടഞ്ഞിരിക്കുന്ന ഒരു സന്യാസി . ഇതാ ലോകാവസാനം വരുന്നു . “ഞാനിതാ ലോകത്തെ നശ്ശിപ്പിക്കുവാൻ പോകുന്നു “. പലരും പേടിച്ചു ദിവ്യന് കാശു കൊടുത്തു ലോകാവസാന നാശത്തിൽ നിന്നും രക്ഷപെട്ടു . കയ്യിൽ പൈസയില്ലാതെ എന്റെ പിതാവ് ലോകാവസാനത്തിൽ താനും കുടുംബവും നശിക്കുന്ന ആ ദയനീയ രംഗം ഓർത്ത് വിഷണ്ണനായി നിന്നു . എല്ലാവരും പോയിട്ടും പോകാതെ നിൽക്കുന്ന എന്റെ പിതാവിനോട് അനുകമ്പയോടെ സിദ്ധന്റെ ചോദ്യം : ” മോനെ നീ ഏതാ , എവിടുത്തെയാ ? സർവവും അറിയുന്ന ദിവ്യന്റെ ചോദ്യം . “ഞാൻ പാറക്കലെയാ , ഐസക് അച്ചായന്റെ മകനാ “.
“അയ്യോടാ മോനെ ഞാൻ നിങ്ങടെ വീട്ടിൽ പണിക്ക് വന്നിട്ടുണ്ട് . ഇതൊക്കെ നേരത്തെ പറയണ്ടായിരുന്നോ . മോന്റെയും , വീട്ടുകാരുടെയും കാര്യം ഞാൻ ഏറ്റു . മോൻ പൈസ ഒന്നും തരേണ്ട” . “അപ്പോ ലോകാവസാനത്തിൽ ഞങ്ങൾക്ക് എന്തെങ്കിലും “? “ഒരു കുഴപ്പവും നിങ്ങക്ക് വരത്തില്ലന്ന് , നിങ്ങള് പാറക്കലെ അല്ലെ ഞാൻ ഏറ്റെന്നെ .” സന്തോഷത്തോടെ ലോകാവസാനത്തിൽ നിന്നും താനും കുടുംബവും രക്ഷപെട്ടതിന്റെ സന്തോഷത്തിൽ പിതാവ് വീട്ടിലേക്ക് മടങ്ങി .
അനേക വ്യാജന്മാർ ജനത്തെ കബളിപ്പിച്ചു ജീവിക്കുമ്പോൾ . അനേകർ വ്യാജ ദൈവങ്ങൾക്ക് മുൻപിൽ കരുണക്കായി കൈനീട്ടുമ്പോൾ . വഴിയും , സത്യവും ജീവനും ആയ യേശുവിന്റെ മാർവോടു ചാരു . അവനാണ് സത്യ ദൈവം . നിത്യ നാശത്തിൽ നിന്നും മാനവജാതിക്കായി മറുവില നൽകിയത് അവൻ മാത്രം . യേശു മടങ്ങി വരുന്നു . തനിക്കായി കാത്തിരിക്കുന്ന ജനത്തെ ചേർക്കുവാൻ . മത വർഗ്ഗ വർണ്ണ ഭേദ ഇല്ലാത്ത ഒരു നിത്യനാട് നമുക്കായി ഒരുങ്ങുന്നു . ദൈവം അനുഗ്രഹിക്കട്ടെ .

യാത്രക്കാരൻ 🚶🏿‍♂


ഭാവന

Biju Abraham Atlanta.

എന്നോ ഒരു ദിനം ആരംഭിച്ച യാത്ര . കൊടിയ വെയിലത്തും , മഴയിലും , തണുപ്പിലും , വിശ്രമമെന്യേ നടക്കുന്നു , ഓടുന്നു . തിരക്ക് പിടിച്ച യാത്ര . വഴിയിൽ കണ്ട വിലയേറിയത് എന്ന് തോന്നിയതെല്ലാം , തിളക്കമേറിയതെല്ലാം
ഒരു ഭാണ്ഡത്തിലാക്കിയുള്ള യാത്ര . ഭാണ്ഡത്തിന് ഭാരം ഏറി വന്നു . ഓടുവാൻ ഏറെ പ്രയാസം . വേച്ചു വേച്ചു നടന്നു . എവിടെയോ കാലിടറി ബോധ ശൂന്യനായി വീണു . ബോധം തെളിഞ്ഞപ്പോൾ വിസ്മയിച്ചു പോയി . തനിക്കു ചുറ്റും ചിതറി കിടക്കുന്ന ആയിരക്കണക്കിന് ഭാണ്ഡങ്ങൾ . ആ പൊട്ടി കിടക്കുന്ന ഭാണ്ഡങ്ങളിൽ എല്ലാം ചപ്പും ചവറും , ഇതൊക്കെയാണോ താനും ചുമന്നിരുന്നത് ഉൾക്കണ്ണു തുറന്ന യാത്രക്കാരൻ അമ്പരന്നു . തന്നെപ്പോലെ ഭാരം ഒഴിഞ്ഞ ആയിര കണക്കിന് യാത്രക്കാർ നടന്നു പോകുന്നു . അവരെല്ലാം ആ കാഴ്ച്ച കണ്ടു .തങ്ങൾ വഹിച്ചുകൊണ്ടിരുന്ന വലിയ ഭാരം സ്വന്തം ചുമലിൽ വഹിച്ചുകൊണ്ട് , തങ്ങൾക്ക് മുൻപിലായി കാൽവരി കുല കളത്തിലേക്ക് വേച്ചു , വേച്ചു നടന്നു നീങ്ങുന്ന ദൈവപുത്രനായ യേശു നാഥൻ .

ഏറ്റവും ഉച്ചത്തിൽ ശാസിച്ചാലേ പിശാച് വിട്ടു മാറുകയുള്ളൂ എന്ന് ഉണ്ടെങ്കിൽ മൈക്ക് വെച്ച് ശാസിക്കണം . “🎤🎤🎤


Biju Abraham Atlanta .

ഈ വാക്കുകൾ എന്റെ പിതാവ് തന്റെ ഒരു പ്രസംഗത്തിൽ പറഞ്ഞതാണ് . ദൈവ പ്രതിയോഗിയെ ആട്ടി അകറ്റാൻ മാനുഷിക ശക്തികൾ തികച്ചും അപര്യാപ്‌തമാണ് എന്നർത്ഥം . എത്രയോ സത്യമായ , ചിന്തനീയമായ വാക്കുകൾ . സകല ജനത്തിനും ഉണ്ടാകേണ്ട സദ് വാർത്ത ഘോഷിക്കേണ്ട സുവിശേഷകർ , പലരും താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി , സത്യം മറച്ചുവെച്ചുകൊണ്ട് അനുഗ്രഹ സമൃദ്ധിയാണ് ക്രിസ്തീയതയുടെ മുഖമുദ്ര എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് സാമൂഹ്യ വേദികളിൽ പരിഹാസ്യരാകുന്നു . ദൈവത്തിന് യാതൊരു മഹത്വവും ഉണ്ടാകുന്നില്ല .
യേശു ക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ താൻ ആ കാലഘട്ടത്തിലെ മുഴുവൻ രോഗികളെയും സുഖപ്പെടുത്തിയില്ല . ദൈവത്താൽ എല്ലാം സാധ്യമാണ് എന്ന് കാണിക്കുവാൻ താൻ അത്ഭുതങ്ങൾ ചെയ്തു . തന്റെ ആത്യന്തിക ലക്‌ഷ്യം മാനവരാശിയുടെ വീണ്ടെടുപ്പായിരുന്നു .നിലനിൽക്കുന്ന , പാപരഹിതമായ , രോഗരഹിതമായ , വരുവാനുള്ള ദൈവ രാജ്യം വെളിപ്പെടുത്തി , നിത്യമായി നിലനിൽക്കുന്ന രാജ്യത്തിലെക്ക് ജനത്തെ വഴി നടത്തുവാനാണ് താൻ യത്നിച്ചത് . ഈ ക്ഷണിക ലോകത്തിലെ നിലനിൽക്കാത്ത രോഗ സൗഖ്യമോ , മരണത്തിനധീനമായ മനുഷ്യ ശരീരത്തിന്റെ ഉയിർപ്പുപോലും താൽക്കാലികം എന്നറിഞ്ഞ യേശു നാഥൻ തന്റെ ജനത്തിന്റെ കഷ്ടത കണ്ട് കണ്ണുനീർ പൊഴിച്ചു . അതാണ് യേശുവിന്റെ സ്നേഹിതനായിരുന്ന ലാസറിന്റെ കല്ലറക്കൽ യേശു കരഞ്ഞതിന്റെ അർഥം . അടുത്തനിമിഷം ലാസർ തന്റെ കൈകളാൽ ഉയിർക്കപ്പെടും . എന്നിട്ടും യേശുനാഥൻ കരഞ്ഞത് മനുഷ്യലോകം കടന്നുപോകുന്ന പാപം നിറഞ്ഞ ഈ ഭൂമിയിലെ കഷ്ട്ടപ്പാടുകൾ ഓർത്തിട്ടാണ് . താൻ ഉയിർപ്പിക്കുന്ന ലാസർ വീണ്ടും മരിക്കും എന്നും ഉയർപ്പിക്കപ്പെട്ട ആ ശരീരത്തിൽ ജരാനരകൾ , രോഗങ്ങൾ എന്നിവ വന്നുചേരും എന്നറിഞ്ഞ യേശു ഈ ഭൂമിയിലേക്ക് വന്നത് മനുഷ്യവർഗ്ഗത്തിന്റെ ആത്യന്തിക വിമോചനത്തിന് വേണ്ടിയാണ് .പ്രാർത്ഥനകളിൽ സൗഖ്യം സംഭവിക്കാം , സംഭവിക്കാതിരിക്കാം . എന്നാൽ ആത്യന്തികമായി നിലനിൽക്കുന്ന നിത്യ ജീവിതത്തിനായ് ജീവിക്കണം എന്നാണ് വിശുദ്ധ ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നത് .ആ രാജ്യത്തിൽ ദുഃഖങ്ങളില്ല , രോഗങ്ങളില്ല , പകർച്ചവ്യാധികളില്ല . താൽക്കാലികമായി ലഭിക്കുന്ന രോഗസൗഖ്യമോ , എന്തും അല്ല മറിച്ചു് നിത്യജീവനിൽ കടക്കുക എന്നതാണ് പ്രധാനം . ഇന്ന് സമൃദ്ധിയുടെ സുവിശേഷം പ്രസംഗിക്കപ്പെടുന്നവരാൽ ചതിക്കപ്പെടുന്നവർ അനേകരാണ് . സത്യം പ്രചരിപ്പിക്കപ്പെടട്ടെ . സത്യത്തിന് ചെവി കൊടുക്കുക . ആത്മ്മാവിന്റെ രക്ഷയാണ് പ്രധാനം . കാത്തിരിക്കുന്നവർ മാത്രം ചേർക്കപ്പെടും .John 16:33.

അച്ചായാ കേട്ട പ്രസംഗങ്ങൾ ഒക്കെ ധാരാളം മതി …ഇനി നമുക്ക് അങ്ങോട്ട് ജീവിക്കാം

Biju Abraham Atlanta.🎤

എന്റെ കസിൻ ബ്രദർ എന്നോട് പറഞ്ഞ ഒരു സംഭവം ആണ് ഇതിന്റെ തലവാചകം .കൊറോണ ഭീതിയിൽ സ്കൂളുകൾ ഒക്കെ അടച്ചു കുട്ടികൾ വീട്ടിൽ ഇരിക്കുന്നത് മൂലം T V , internet , തുടങ്ങിയ സംഗതികൾക്ക് ഡിമാൻഡ് കൂടുന്നു . അത് വിദഗ്ധമായി മാനേജ് ചെയ്യുവാൻ നമ്മുടെ കഥാനായകൻ തന്റെ പിതാവിനോട് പറഞ്ഞതാണ് മുകളിലെ വാചകങ്ങൾ . കാരണം ഒന്നുവിടാതെ T V യിൽ വരുന്ന സകല സുവിശേഷ പ്രസംഗങ്ങളും കേൾക്കുന്ന പിതാവിൽ നിന്നും T V റിമോട്ട് കുറച്ചു സമയത്തേക്ക് ഒന്ന് മേടിച്ചെടുക്കുവാൻ പറഞ്ഞ വാക്കുകൾ ആണെങ്കിലും . അത് ഇന്നത്തെ വിശ്വാസികൾ തീർച്ചയായും കേൾക്കേണ്ട വാക്കുകൾ ആണ് . കേട്ടത് മതിയെന്ന് . എത്ര നാളായി കേൾക്കുന്നു . എന്നാൽ എത്രമാത്രം പ്രവർത്തിയിൽ വരുത്തുന്നു എന്ന ചോദ്യം നമ്മോട് തന്നെ ചോദിക്കുക . എത്ര പെട്ടെന്നാണ് ലോകം മാറിമറിഞ്ഞത് . വീടുകളിൽ പോലും ഇരിക്കുവാൻ സമയം ഇല്ലാതിരുന്നവർ ഇന്ന് വീടുകൾക്കുള്ളിൽ ഇരിക്കുവാൻ നിർബന്ധിതരായി . ആർക്കും ആരെയും സഹായിക്കാൻ സാധിക്കാതെ ലോകം പകച്ചു നിൽക്കുന്നു .ഇവിടെയാണ് നമ്മുടെ വിശ്വാസം മാറ്റുരക്കപെടുന്നത് .കൂടുതൽ കേൾക്കുവാനുള്ള കാലം അവസാനിക്കുകയാണോ ? ആർക്കറിയാം .നമ്മൾ വിശ്വാസത്തിൽ ശക്തരാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു .കർത്താവിന്റെ വരവിന്റെ മണിനാദം എപ്പോൾ വേണമെങ്കിലും മുഴങ്ങാം . അത്ഭുതങ്ങളും , അനുഗ്രഹ സമൃദ്ധികളും വാഗ്‌ദാനം ചെയ്ത് ജനത്തെ കബളിപ്പിച്ചു ജീവിച്ച ഇത്തിൾ കണ്ണികൾ എല്ലാം എല്ലാം കൊറോണയുടെ ചൂടിൽ തട്ടി ഈയാം പാറ്റകളെപ്പോലെ കരിഞ്ഞു വീണു . മാളത്തിൽ ഒളിച്ച ഈ തട്ടിപ്പുവീരന്മാർ ഒക്കെ സത്യ വചനവ്യാപ്തിക്കു മുൻപിൽ എത്രയോ തടസമാണ് ഉണ്ടാക്കിയത് . ഈ 'മഹാ ദുരന്തത്തിന്റെ 'മുന്നിൽ നിന്നു വിടുവിക്കുന്ന ദൈവം എവിടെ എന്ന് സാമാന്യ ജനം നിലവിളിച്ചു ചോദിക്കുമ്പോൾ .ഉത്തരം പറയാൻ ത്രാണിയില്ലാതെ ഓടിയൊളിച്ച അത്ഭുത വിടുതലുകാരെ ജനം തിരിച്ചറിയുന്നു . മോടിയിൽ നിർമ്മിക്കപ്പെട്ട ആരാധന മന്ദിരങ്ങൾ വിട്ടോടുന്ന ജനം . അപ്പോസ്തോലിക കാലം പോലെ house churches ഉയർന്നുവരുന്നു . യേശു വസിക്കുന്നത് നമ്മുടെ ഹൃദയങ്ങളിൽ ആണെന്നും " കൈപ്പണിയായതിൽ അത്യുന്നതൻ വാസം ചെയ്യുന്നില്ല " എന്ന വചനം ഉറപ്പിച്ച്കൊണ്ട് . ജനം അപ്പോസ്തോലിക കാലത്തിലേക്ക് തിരിയുന്നു . സത്യദൈവത്തെ ആരാധിക്കുവാൻ മോടിപിടിപ്പിക്കപ്പെട്ട ദൈവാലയങ്ങൾ ആവശ്യം ഇല്ലെന്ന് സാരം . ഇനിയും ചൂഷകർ ജനത്തെ വഴിതെറ്റിക്കരുത് . യേശുവും ശിഷ്യന്മാരും യാത്രചെയ്തിരുന്ന പടകിൽ ശക്തമായ കാറ്റടിച്ചു . ഓളങ്ങളും തിരമാലകളും ഉയർന്നു പൊങ്ങി , പടക് മുങ്ങും എന്ന് ഭയപ്പെട്ട് ശിഷ്യന്മാർ നിലവിളിച്ചു ഗരുവിനെ ഉണർത്തി . ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്ക് വിഷമം ഇല്ലയോ ? തങ്ങളുടെ കൂടെയുള്ള ദൈവപുത്രന്റെ ശക്തി തിരിച്ചറിയാത്ത ശിഷ്യന്മാർ . ഇന്നും ഇത് തന്നെയല്ലേ സംഭവിക്കുന്നത് . ഗുരുവിന്റെ ശക്തി വിസ്മരിക്കുന്ന നാം നിലവിളിക്കുന്നു . എന്നാൽ വിടുവിക്കുന്ന യേശു , എല്ലാം അറിയുന്ന അവൻ പടകിൽ ഉണ്ട് . അവന്റെ സമയത്തു അവൻ സർവ പ്രതികൂലങ്ങളെയും അകറ്റും . ജീവിത പടകിന് നേരെ വരുന്ന സകല കൊടും കാറ്റുകളും , ഓളങ്ങളും ഘോരമായ തിരമാലകളും അകന്നുമാറി , നീലിമയാർന്ന നീലാകാശം നാം കാണും . "സന്ധ്യയിലോ കരച്ചിൽ വന്നു രാപാർക്കുമ്പോൾ ഉഷസ്സിങ്കൽ ആനന്ദഘോഷം വരുന്നു ". ദൈവം നമ്മെ അനുഗ്രഹിക്കുകയും സൂക്ഷിക്കയും ചെയ്യട്ടെ .