Biju Abraham Atlanta.
എല്ലാം അറിഞ്ഞിട്ടും "അറിയേണ്ടത് അറിയാതെ പോകുന്നതാണ് "ഏറ്റവും വലിയ ദുരന്തം .എല്ലാം അറിയാതെ പോകുന്നത് ഒരു കുറവല്ല .പരമപ്രധാനമായ കാര്യങ്ങൾ അറിയുകയാണ് യഥാർഥ അറിവ് .ജിജ്ഞാസുവായ മനുഷ്യന്റെ ചോദ്യങ്ങൾ നിരവധിയാണ് .എന്നാൽ എല്ലാത്തിനും അവൻ ഉത്തരം നേടണമോ?
തീർച്ചയായും ഇല്ല . ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ പിന്നെയും ശേഷിക്കും .അവിടെയാണ് “തിരഞെടുപ്പ്”എന്ന ആശയം പദം ഊന്നുന്നത് .എന്ത് തിരഞ്ഞെടുക്കണം ?പ്രധാനമായത് ,ബഹുത്വത്തിൽ നിന്നും പ്രസക്തമായത് , മുഖ്യമായത് ,നിലനിൽക്കുന്നത്,അത്യാവശമായും അറിയേണ്ട അറിവ് അതാണ് നാം നേടേണ്ടത് .വിശുദ്ധ ബൈബിളിൽ ബുദ്ധിമാനായ ഒരു മനുഷ്യനെ കാണാം .അവൻ ആഴത്തിൽ കുഴിച് ഉറപ്പുള്ള അടിസ്ഥാനത്തിൽ ഒരു വീട് പണിതു .അത് കൊടും കാറ്റിനെയും പേമാരിയെയും അതിജീവിച്ചു അവനു ജീവരക്ഷ നൽകി .ഉപരിപ്ലവമായ തെരഞ്ഞെടുപ്പുകളും ജീർണിപ്പിക്കുന്ന അറിവുകളും നമ്മെ നാം അല്ലാതാക്കുമ്പോൾ അറിയേണ്ടത് മാത്രം അറിഞ്ഞുകൊണ്ട് അതിനൊത്ത ജീവിതം നയിക്കുകയല്ലയോ ഉത്തമം .ആർക്കും എല്ലാത്തിനും ഉത്തരം ഇല്ല . മനുഷ്യൻ പരിമിതിക്ക് അധീനനാണ് . ദൈവത്തിന് പരിമിതികൾ ഇല്ല .
ഇന്ന് ദൈവസ്‌തിക്യത്തെയും അതിന്റെ പ്രതിരൂപങ്ങളെയും പറ്റി നിരവധി സംവാദങ്ങളും ചോദ്യോത്തരങ്ങളുമായി സോഷ്യൽ മീഡിയ അരങ്ങു തകർക്കുന്നു .ദൈവം പിതാവെങ്കിൽ പുത്രൻ ആര് ? പുത്രനും പിതാവും എങ്ങനെ ഒന്നാകും ? ദൈവം മനുഷ്യന്റ പാപ കടം ആർക്കാണ് കൊടുത്തു തീർത്തത് ? തന്റെ സൃഷ്ട്ടിയുടെ അഭിമാനപത്രമായ മനുഷ്യനെ നിരന്തരം ശല്യം ചെയ്യുന്ന വക്രബുദ്ധിയെ ദൈവം എന്റുകൊണ്ട് കയറൂരി വിട്ടിരിക്കുന്നു ? ദൈവം പിതാവെങ്കിൽ പുത്രൻ ആര് ? അവന്റെ സ്ഥാനം എന്ത് ? പരിശുദ്ധാത്മാവ് മറ്റൊരു ദൈവമോ ? ഈ മൂന്നുപേരും എങ്ങനെ ഒരാളാകുന്നു ? ഇതിനെല്ലാം ഉത്തരം നേടിയിട്ടേ നീ ദൈവത്തിൽ വിശ്വസിക്കയുള്ളോ ?
” കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ . “വിശ്വാസം “എന്നത് തന്നെ അതല്ലേ . നമുക്ക് അറിവില്ലാത്ത പലതും ഉണ്ട് എന്ന അറിവിനെ മറികടന്ന് കാണാത്തതിനെ , അതുണ്ടെന്ന് വിശ്വസിക്കുന്ന ആ പ്രതിഭാസം ആണ് അത് .. അവിടെ ചോദ്യങ്ങളേക്കാൾ അനുസരണമാണ് വെളിപ്പെടുന്നത് . അടയാളം അന്വേഷിക്കുന്ന ജ്ഞാനമോഹികളെക്കാളും ദൈവം മാനിക്കുന്നത് ഒരു ഭോഷനെപോലെ തന്നെ അനുസരിക്കുന്ന ഒരു നോഹയെ ആണ് . വിശ്വസത്തിന്റെ ചൂളക്കുള്ളിൽ വീണപ്പോൾ ദൈവത്തെ പരിത്യജിക്കാതെ ഭക്തി മുറുകെ പിടിച്ച ഇയ്യോബിനെ ആണ് . തന്റെ അന്ധത യേശു മാറ്റിതരും എന്ന വിശാസത്തിൽ അലറി കരഞ്ഞ കരുടനെ ആണ് ദൈവം സഹായിച്ചത് .അറിവിന്റെ പാരമ്യത്തിൽ എത്തി എന്ന് അഭിമാനം കൊണ്ട തത്വജ്ഞാനികളും ലോകോത്തരചിന്തകരും തങ്ങൾ കണ്ടിട്ടില്ലാത്ത ഒരു സ്ഥലത്തേക്ക് മരണത്തിന്റെ തേരിൽ കയറി പോയ് മറഞ്ഞു . കണ്ടറിഞ്ഞ സ്ഥലത്തേക്കല്ല മറിച് തങ്ങളുടെ കഴിവിനും അറിവിനും പരിമിതി ഉണ്ടെന്നു മരണത്തിലൂടെ ലോകത്തോട് പറയാതെ പറഞ്ഞു കൊണ്ട് അവർ മറ്റൊരു സ്ഥലത്തേക്ക് മാറ്റപ്പെട്ടു . ഇതൊന്നും കണ്ടിട്ടും പഠിക്കാത്ത മനുഷ്യർ ഇപ്പോഴും തങ്ങളുടെ പരിമിതമായ ബുദ്ധിയുടെ ചെപ്പിനുള്ളിൽ പ്രപഞ്ച സൃഷ്ട്ടാവിനെ ഒതുക്കുവാൻ ശ്രമിക്കുന്നത് തികച്ചും വിഡ്ഢിത്തം . “അനന്തം , അജ്ഞാതം അവര്ണനീയം ഈ ലോകഗോളം തിരിയുന്ന മാർഗം . അതിങ്കലെങ്ങോ ഒരിടത്തിരുന്നു നോക്കുന്ന മർത്യാ നീ ഗതിയെന്തറിഞ്ഞു ” എന്ന കവി വചനങ്ങൾ എത്രയോ പ്രസക്തം . ദൈവം കനിഞ്ഞു നൽകിയ പരിമിതമായ അറിവിൽ ആശ്രയിച്ചുകൊണ്ട് സൃഷ്ടിതാവിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നത് എത്രയോ ഭോഷത്തരം . ദൈവത്തിന്റെ ആളത്വങ്ങൾ ഏത് ഭാവത്തിലും വെളിപ്പെടാം എന്ന് ലളിതമായി ചിന്തിച്ചാൽ മാത്രം മതിയാകും . ദൈവീക മർമ്മങ്ങൾ വ്യക്തമായി മനസിലാക്കണം എങ്കിൽ നമുക്ക് ദൈവത്തോളം വളരണം . അല്ലെങ്കിൽ ദൈവം നമുക്ക് അത് വെളിപ്പെടുത്തി തരണം .
നമുക്ക് അറിയേണ്ടതും പാലിക്കേണ്ടതും എല്ലാം വ്യക്തമായി വിശുദ്ധ വേദപുസ്തകത്തിൽ കുറിച്ചിട്ടിരിക്കുമ്പോൾ ഈ ദുരന്ത കാലത്തിലും സംവാദങ്ങളെ വെടിഞ്ഞുകൊണ്ട് പ്രാർത്ഥനയിൽ മുന്നേറുവാൻ നമുക്ക് കഴിയണം . യുക്തികൊണ്ട് “ഭക്തിയെ” വിവക്ഷിക്കുവാൻ സാധ്യമല്ല .
ഭക്തിമാർഗത്തിൽ വിശ്വാസത്തിനാണ് കൂടുതൽ പ്രാധാന്യം . നമുക്ക് അറിവില്ലാത്ത പലതും ഉണ്ട് എന്നും തന്നിൽ ആശ്രയിക്കുന്നവർ ലജ്ജിക്കുവാൻ ഇട വരില്ല എന്ന വലിയ വിശ്വാസത്തിന്റെ ലളിതപാടങ്ങൾ ഉൾക്കൊള്ളുക .മനുഷ്യബുദ്ധിക്ക് അപ്പുറമുള്ള ദൈവീക ഭാവങ്ങളെ നിന്റെ കൊച്ചുബുദ്ധിയിൽ തിരഞ്ഞു കണ്ടെത്തുവാൻ വൃഥാ ശ്രമിക്കാതെ അറിയേണ്ടത് അറിഞ്ഞു അറിഞ്ഞുകൊണ്ട് വിശ്വാസകണ്ണുകളാൽ ദൈവസ്നേഹത്തെ തിരിച്ചറിഞ്ഞുകൊണ്ട് നിത്യാരാജ്യത്തിൽ ചെന്നെത്തുവാൻ ദൈവം ഏവർക്കും സഹായിക്കട്ടെ .