ഞാൻ ( കവിത )🚶🏿‍♂️

Biju Abraham Atlanta.


അപ്പൻ വിലക്കിയ വിലക്കുകളും സ്നേഹപാശത്താൽ ബന്ധിച്ച വേലികളും തട്ടിതെറിപ്പിച്ചൊരു “ദൂർത്തപുത്രൻ “.
“ഞാൻ “
കിട്ടിയതെല്ലാം കൈക്കലാക്കി കൂട്ടുകാർക്കൊപ്പം ആനന്ദിക്കാൻ സ്നേഹഭവനം വിട്ടൊരു “മുടിയൻ പുത്രൻ “.

“ഇതല്ലേ ജീവിതം , ഇതല്ലേ സന്തോഷം….. തിന്നുകുടിച്ചു “ഞാൻ “ആനന്ദിക്കും “

എത്രയോ കൂട്ടുകാർ എന്നരികിൽ .

അവർ കോരി നിറയ്ക്കുന്നു …..മധുചഷകങ്ങളിൽ ഉന്മത്തരായി നടനം ആടുന്ന മാദകമദിനികൾ തൻ ലാസ്യഭംഗി ആകെ ഉയർത്തുന്ന മാസ്മര താളത്തിൽ “എന്നെ”മറന്നു “ഞാൻ”പാപ വഴികളിൽ .

കൈയ്യിൽ കരുതിയ പണം ഒക്കെ തീർന്നപ്പോൾ “ഉറ്റ സ്നേഹിതർ “വിട്ടുമാറി.

തഞ്ചത്തിൽ തോഴികൾ അകന്നുമാറി .

വിശപ്പിൻ കാഠിന്യം കൂടി വന്നപ്പോൾ
പന്നിയെ മേയിക്കും ജോലി ചെയ്തു .

കിട്ടുന്ന ആഹാരം തികയാതെ വന്നപ്പോൾ
ഒട്ടും മടിക്കാതെ കട്ടു തിന്നു പന്നിക്കുനൽകേണ്ട ആഹാരവും .

ദേഷ്യത്താൽ പന്നികൾ മുക്രയിട്ടു “ഇവനൊരു തരം താണ പന്നി തന്നെ നമ്മളെക്കാളും നികൃഷ്ട്ട ജീവി “.

കഴിഞ്ഞകാലത്തിന്റെ നല്ലൊരോർമ്മകൾ തെളിഞ്ഞു മനസ്സിൽ ഒരു നീറ്റലായി .

കുറ്റബോധത്തിന്റെ മുള്ളുകൾ ചവിട്ടി “ഞാൻ “
കരഞ്ഞു വീണു തളർന്നുപോയി .

ഓർമ്മയിൽ വന്നു പിതാവിന്റെ കണ്ണീർ പൊടിഞ്ഞൊരു സ്നേഹ മുഖം .

കൈവിട്ടകലുന്ന പ്രിയനാം പുത്രനെ
ഉറ്റു നോക്കുന്ന മുഖം തെളിഞ്ഞു എൻ “കുറ്റബോധത്തിന്റെ കണ്ണാടിയിൽ”.

ഒളിവീശിയെത്തി “സുബോധത്തിന്റെ നുറുങ്ങു വെട്ടം “.

തെളിഞ്ഞു അതെൻ ഹൃദയത്തിൽ ഒളിമിന്നലായ്.
തെറ്റുകൾഎല്ലാംപൊറുത്തീടുന്ന താതന്റെ “സൽപുത്രനായി “മാറാൻ .
ഒരു പുതു ജീവിതത്തിന്റെ തുടക്കമായി .

കൊക്കൂൺ ( കവിത )🦋

Biju Abraham Atlanta .

ഏകാന്തതയുടെ കൊക്കൂണിനുള്ളിൽ നീ തനിച്ചിരിക്കേണ്ട ജന്മമല്ല .
ആയിരം സൗവർണ ചിത്രശലഭങ്ങൾ ചിറകുവിരിച്ചു പറന്നിടുമ്പോൾ .
അധിക നാളിനിയും നീ ദുഖിച്ചു കരയേണ്ട .
ചിറകില്ലെന്നോർത്തു നീ കണ്ണീർ പൊഴിക്കേണ്ട .
ഏറ്റവും നന്നായ് നിന്നെ അലങ്കരിക്കാൻ വിശേഷ വസ്ത്രം നിനക്കൊരുക്കി
നിനക്കായ് നല്ല ചിറകു തന്ന് , പറക്കുവാനുള്ള ശക്തി നല്കി നിൻ കൂട്‌ തകർത്തു പുറത്തുവിടും
മോദമോടെന്നും നൃത്തം ആടാൻ .
തേജസ്സിൻ വസ്ത്രം ധരിച്ചു മോദമായ് പറന്നിടും കൂട്ടരോടൊത്തു ചേരാൻ …..🧚‍♀️

ഓടകുഴൽ ( കവിത )🪈

Biju Abraham Atlanta.


എത്രയും മനോഹര വാക്കുകൾ കൊണ്ടൊരു
നിർമാല്യഗീതം കൊരുത്തെടുത്താലും .

ആവതില്ല അതൊന്നുമാ സ്നേഹത്തിൻ ആഴം വർണ്ണിക്കുവാൻ ,ആരാലും സാധ്യമോ ആ ദിവ്യ സ്നേഹം അളക്കുവാൻ .

എത്രയും മനോഹര പനിനീർപുഷ്പങ്ങൾ ഇറുത്തു തൃപ്പാദത്തിൽ അർപ്പിച്ചെന്നാകിലും ,

തുല്യമാകുമോ നിൻ മഹാസ്നേഹത്തിനുപരിയായ് .

എൻ ജീവിതത്തിലെ നന്മ പ്രവർത്തികൾഎണ്ണിയെടുത്തുനിരത്തിവെച്ചാലും ,

നിഷ്പ്രഭമാകില്ലേഅവയെല്ലാം തിരുമുൻപിൽ ,

കറപുരണ്ടോരു പഴംതുണിയതുപോലെ .

നിൻ മഹാത്യാഗമാം ക്രൂശിൽ എനിക്കായ് നല്കിയ സ്നേഹം എത്രയോ അതുല്യമെ .

പകരം നല്കീടാൻ ഒന്നുമേ എനിക്കില്ല .

തന്നീടുന്നെന്നെ ഒരു പാഴ്മുളംതണ്ടായ് നിൻ സുന്ദരഗീതങ്ങൾ പകർന്നീടുവാൻ എന്നും ,

നിൻ മഹാ സ്നേഹത്തെ ഉയർത്തുന്ന നവ്യ ഗാനത്തിൻ പല്ലവി ആയിടുവാൻ .
🌸🌸🌸🌸🌸

അമേരിക്ക നശിച്ചേ തീരു .


Biju Abraham Atlanta .

കഴിഞ്ഞ ദിവസം കണ്ട ഒരു വിഡിയോയിൽ പറയുന്നതാണിത് . ചരിത്രത്തെ സാക്ഷ്യപ്പെടുത്തിയാണ് വാദിക്കുന്നത് . ദൈവത്തെ ത്യജിച്ച എല്ലാ സാമ്രാജ്യങ്ങളും ( ബാബിലോൺ , റോം …തുടങ്ങിയവ )അതിനുള്ള മറുപടി ഞാൻ അവർക്ക് നൽകിയിട്ടും ഉണ്ട് . നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ഒരു തെറ്റായ പ്രവണത ഉണ്ട് . ഏതെങ്കിലും ഒരു കാര്യം ( വല്ലപ്പോഴും സംഭവിക്കാവുന്നത് ) സംഭവിക്കുമ്പോൾ അത്‌ നമ്മൾ വിശ്വസിക്കുന്ന പ്രമാണങ്ങളുമായി കൂട്ടി ഒരു “നല്ല അവിയൽ “ഉണ്ടാക്കി പോസ്റ്റ് ചെയ്യുക എന്നതാണ് അത്‌ . ഇവിടുത്തെ പ്രശ്‍നം എന്താണ് . അമേരിക്കയിൽ ഉണ്ടായ wild fire ആണ് വിഷയം .”ദൈവം ഇല്ലാത്ത അമേരിക്ക നശിച്ചേ തീരു . ” എന്നതാണ് ഇവരുടെ നിലപാട് .സത്യത്തിൽ ഇവരാണ് വചന വിരുദ്ധമായി പഠിപ്പിക്കുന്നത് .അമേരിക്കയുടെ ചരിത്രം ആദ്യമായി നന്നായി പഠിക്കണം . ഇംഗ്ളണ്ടിൽ നിന്നും വന്ന് സത്യദൈവത്തെ ആരാധിക്കകയും കഷ്ട്ടപെട്ട് പ്രകൃതി ശക്തികളോട് പടവെട്ടി തങ്ങളുടെ ജീവസന്ധാരണത്തിനായി തങ്ങൾക്കുള്ള അപ്പം കണ്ടെത്തി ഭക്ഷിച്ചവർ .കാലുകളിൽ ശരിയായ ഷൂസുകൾ ഇല്ല , കൊടിയ ശൈത്യം . പനിയും മറ്റ്‌ അസുഖങ്ങളും ബാധിച്ചു ഒട്ടനവധി കുഞ്ഞുങ്ങൾ , പ്രായമുള്ളവർ എല്ലാം മരണണമടഞ്ഞു . ശേഷിച്ചവർ ദൈവത്തോട് നിലവിളിച്ചു നേടിയതാണ് ഇന്നത്തെ അമേരിക്ക . അമേരിക്കയിൽ പെൻസിൽവാനിയ എന്നൊരു state ഉണ്ട്‌ . എല്ലാ സുഖസൗകര്യങ്ങളും ഉള്ള അമേരിക്കയിലെ ഈ സ്റ്റേറ്റിൽ തികച്ചും വ്യത്യസ്തമായി ഒരു കൂട്ടം ആൾക്കാർ താമസിക്കുന്നുണ്ട് . ഇംഗ്ളണ്ടിൽ നിന്നും വന്നവരുടെ ആദ്യ വിശ്വാസം മുറുകെ പിടിക്കുന്നവർ . ഫെറാറി . ആസ്റ്റിൻ മാർട്ടിൻ , റോൾസ്‌റോയിസ് ലാംബർഗിനി ….തുടങ്ങിയ ആഡംബരകാറുകൾ ചീറി പായുന്ന അമേരിക്കൻ നിരത്തുകളിൽ പഴയകാലത്തിലെ മണ്ണെണ്ണ വിളക്കുകൾ കെട്ടി തൂക്കിയ കുതിരവണ്ടിയിൽ യാത്രചെയ്ത് അവർക്കുള്ള ആഹാരം സ്വയം കൃഷി ചെയ്തുണ്ടാക്കി ദൈവത്തിനായി “കഷ്ടപ്പാട് തെരഞ്ഞെടുത്തു “ജീവിക്കുന്നവർ . തങ്ങൾ അറിഞ്ഞ സത്യദൈവത്തെ ലോകത്തിന്‌ പരിചയപ്പെടുത്തുവാൻ തങ്ങളുടെ ഉടയവരെ മുഴുവൻ വിട്ട് ഇല്ലായ്മയിലേക്ക് ,ലോകത്തിന്റെ വിവിധ നാടുകളിലേക്ക് കടന്നുപോയ ആയിരക്കണക്കിന് മിഷനറി വീരന്മാരുടെ നാടാണ് അമേരിക്ക .അമേരിക്കയുടെ എല്ലാ സ്റ്റേറ്റുകളിലും സത്യദൈവത്തെ നിറകണ്ണുകളോടെ പ്രതിദിനം ആരാധിച്ചു ജീവിക്കുന്നവർ ഇവിടെ ഉണ്ട് .എവിടെയും സംഭവിക്കുന്നത് പോലെ തലമുറകളുടെ മാറ്റത്തിൽ ദൈവ സ്നേഹം പലരിലും കുറഞ്ഞു പോയിട്ടുണ്ടാകും . അത്‌ കഷ്ട്ടപ്പാട് അറിയാതെ വളരുന്ന ലോകത്തെ എല്ലാവരുടെയും കാര്യമാണ് . വേദനിക്കുന്നവരെ മരുന്ന് തപ്പി നടക്കൂ .ലോകത്തിൽ ദൈവ ഭക്തരും അല്ലാത്തവരും ഉണ്ട് . ആരും നശിച്ചു പോകാതെ എല്ലാവരും ദൈവസന്നിധിയിൽ കാണണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് . അമേരിക്ക മുഴുവൻ പാപത്തിൽ മുങ്ങി കിടക്കുകയല്ല . പാപികൾക്ക് ഉള്ള ശിക്ഷ ഈ കൃപാ യുഗത്തിൽ അപ്പോൾ തന്നേ ലഭിക്കുന്നുമില്ല . അതുകൊണ്ട് ലോകരാജ്യങ്ങൾക്ക് വേണ്ടി പ്രാര്ത്ഥിക്ക് . എല്ലാവരും ദൈവസ്നേഹം അറിയട്ടെ .

വിജയ ഗീതം ( കവിത )……🎺


Biju Abraham Atlanta

സർവേശൻ സ്വന്തം വിരൽ തുമ്പാൽ “നിലത്തെ പൊടിയിലെഴുതിയൊരു
“സുന്ദരകവിതയാണ് നീയെന്നോർത്തിടേണം .

ഏറ്റവും നന്നായി എഴുതിയതാം ആ കവിതയിൽ തിളങ്ങുന്നതോ തന്റെ “ജീവശ്വാസം “.

“ദൈവത്തിൻ ശ്വാസം “നിന്നിലുള്ളപ്പോൾ എങ്ങനെ എണ്ണിടും “ബലഹീനൻ “എന്നു നീ .

എത്ര തകർന്നാലും നന്നായ് മനയുവാൻ “കഴിവുള്ള കുശവൻ ” അവൻ സർവശക്തൻ .

നാളയെ ചൊല്ലി കരയേണ്ട നീയിന്ന്
“നാളെയിൻ നന്മകൾ “അവനല്ലയോ .

സർവവും തീർന്നെന്ന് ശത്രു പുലമ്പുമ്പോൾ
ഒരു “വിജയത്തിൻ ഗാനം” നിൻ നാവിൽ പകർന്നിടും .

ആ ഗാനം കേട്ടിട്ടേവരും പാടിടും എത്ര മനോഹരം നിൻ “വിജയ ഗീതം “.

എത്രയോ സ്രേഷ്ഠമായ് നിന്നെ സൃഷ്ട്ടിച്ച നിൻ ദൈവം എത്രയോ സ്രേഷ്ഠന്‍ എന്ന് ……

മഴവില്ല് ( കവിത )🌈

Biju Abraham Atlanta.



എത്രയും “തിളങ്ങുന്ന പൊന്നായിടാൻ”കത്തിയെരിയുന്നൊരു “ചൂള “വേണം .
താഴേക്ക് പതിക്കുന്ന വെള്ളമല്ലേ രമ്യമാം “വെള്ളച്ചാട്ടം “ആകൂ .
നന്നായി അടിയേൽക്കും “ഇരുമ്പ് “ഒടുവിൽ മൂർച്ചയുള്ളൊരു ആയുധമായി മാറും .
കത്തുന്ന ജീവിത ശോധനക്കൊടുവിൽ നീ നന്നായ് തിളങ്ങുന്നൊരു കാലമുണ്ട് .
ചുറ്റിലും കാർമേഘം ഏറിവന്നാലും കണ്ടിടും “ഏഴഴകുള്ളൊരു മഴവില്ല്” കണ്മുൻപിൽ .

മഞ്ഞിന്റെ സൗന്ദര്യം .🌥️

Biju Abraham Atlanta.


ഇന്ന് അറ്റ്ലാന്റ മുഴുവൻ മഞ്ഞു മൂടി .അമേരിക്കയിലെ ന്യൂയോർക്ക് , ചിക്കാഗോ തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലെ പോലെ അല്ല അപൂർവം വർഷങ്ങളിൽ മാത്രം ഇവിടേയ്ക്ക് വിരുന്നു വരുന്ന തൂമഞ്‌ . എവിടെയും അത്‌ വെള്ള വിരിച്ചു .ആയിരകണക്കിന് കാറുകളും വാഹനങ്ങളും എല്ലാം മഞ്ഞിൻ പുതപ്പിനുള്ളിൽ ആയി .റോഡുകൾ ഒക്കെ ഐസ് പാളികളായി മാറി . ഇതെല്ലാം ആണെങ്കിലും ഈ മഞ്‌ ആരെയും ആകർഷിക്കും . വിശ്വവിഖ്യാതനായ റഷ്യൻ സാഹിത്യകാരൻ ടോൾസ്റ്റോയ് എഴുതിയ ” “നികിതയുടെ ബാല്യം “എത്രയോ പ്രാവശ്യം വായിച്ചിട്ടുണ്ട് എന്നതിന് കണക്കില്ല . ഇത്രയും മനോഹരമായി മഞ്ഞിന്റെ സൗന്ദര്യം വർണിച്ചെഴുതിയ ഒരു എഴുത്തും എന്റെ ശ്രദ്ധയിൽ ഇന്നോളം വന്നിട്ടില്ല . അതെ മഞ്‌ അത്‌ ഒരു അനുഭവം തന്നെയാണ് . “ശാരോനിലെ പനിനീർ 🌹പുഷ്പവും ഹെർമ്മോന്യ മഞ്ഞിന്റെ ⛅️വിശേഷണവും എത്ര സുന്ദരമാണ് . നമ്മുടെ പാപം എത്ര കറ പിടിപ്പിക്കുന്ന ചുവപ്പാണെങ്കിലും അത്‌ ഹിമം ( മഞ്‌ ) പോലെ വെളിപ്പിക്കും എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഒരു കുളിർമ്മ .. എല്ലാത്തിനെയും മൂടി മറയ്ക്കുന്ന തൂമഞ്ഞിന്റെ നൈർമല്യം അത്‌ എത്രയോ മനോഹരം .അടുത്ത ദിവസങ്ങളിൽ മഞ്ഞുമൂടിയ കാനഡയുടെ ഒരു വീഡിയോ ഇട്ടിട്ട് അവിടേക്ക് പോകുന്നൊരുടെ കാര്യം മഹാകഷ്ടം എന്ന മട്ടിൽ ഒരു സുവിശേഷ സന്ദേശം കണ്ടു . “ഇവിടെ മഞ്ഞൊന്നും ഇല്ലല്ലോ ഇവിടെ അല്ലെ നല്ലത് ” തീർച്ചയായും വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യ സുന്ദരമാണ് .തീർച്ച തന്നെ .അത് നന്നായി സൂക്ഷിക്കുവാൻ നമ്മൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് മാത്രം .ഹരിതാഭമായ കൊച്ചു കേരളം എത്ര രമണീയം ആണ് .അത്‌ വൃത്തിയായി സംരക്ഷിച്ചാൽ എത്രമാത്രം ടൂറിസ്റ്റ് സാധ്യത ഉള്ളതാണ് . ഈ ഭൂമിയിലെ ഏത് രാജ്യത്തിനും അതിന്റെ നേട്ടവും കോട്ടവും ഉണ്ടാകും എന്നാൽ “ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരമില്ലല്ലോ .” ഈ ഭൂമിയിലെ സകല കെട്ടുപണികളും അഴിഞ്ഞുപോകും .നിലനിൽക്കുന്ന ഒരു നിത്യ രാജ്യം സ്ഥാപിതമാകും . ദൈവ കുഞ്ഞാടതിൻ വിളക്കായിരിക്കും .നമ്മുടെ ഭൂമി ഇത്രയും മനോഹരം എങ്കിൽ വരുവാൻ
പോകുന്ന ദൈവരാജ്യം എത്ര മനോഹരം ആയിരിക്കും .

വിജയ കാഹളം ( കവിത )🎺🎺🎺🎺🎺🎺🎺🎺

Biju Abraham Atlanta.


“പാപത്തിൻ കനി”വീണു പ്രഭ മങ്ങിയ ഭൂമിയിൽ ദൈവത്തിൻ പ്രതിയോഗി
തിമിർത്താടി
ഘോഷിച്ചാ മനുജന്റെ പതനം .
ഭാരിച്ച വേദന ഉള്ളിൽ നിറഞ്ഞു തീരാത്ത കുറ്റ ബോധത്തിൻ ഇരുളടഞ്ഞതാം ചെളികുണ്ടിൽ തകർന്നു വീണു മനുഷ്യൻ .
കൈവിടാത്ത ദൈവസ്നേഹത്തിൻ
ആഴം അറിയാതെ നിലവിളിക്കും മനുഷ്യൻ കേട്ടു ഒരു വിജയധ്വൊനി കാൽവരിയിൽ
“നിവൃത്തിയായി ” എന്ന പരമയാഗത്തിന്റെ വിജയസൂക്തം .
മരണത്തെ ജയിച്ചടക്കി മനുഷ്യ വർഗത്തെ
കൈപിടിച്ചുയർത്തിയ ദൈവപുത്രന്റെ “വിജയ കാഹളം “…….📣

അറിവില്ലായ്‌മയും അവഗണനയും .


Biju Abraham Atlanta.


യുക്തിവാദികൾ എന്ന് അഭിമാനിക്കുന്ന ബുദ്ധിശാലികൾ പറഞ്ഞു വയ്ക്കുന്ന മഠയത്തരങ്ങൾ പലതുണ്ട് .അടുത്ത സമയം മറുനാടൻ എഡിറ്റർ ശ്രീ ഷാജൻ സ്കറിയ നടത്തിയ ഒരു ഇന്റർവ്യൂ കാണാൻ ഇടയായി . അത്‌ ഇവിടെ പോസ്റ്റ് ചെയ്യുന്നു .
അറിവ് നല്ലതാണ് . “തിരിച്ചറിവ് “ആണ് ഏറ്റവും നല്ലത് എന്ന് മാത്രം പറയട്ടെ .വിശുദ്ധ ബൈബിളിൽ
യേശുവിന്റെ കുറ്റവും , കുറവുകളും തപ്പിയെടുക്കുവാൻ ശ്രീ ഇടമറുക് എന്ന നിരീശ്വരവാദിയും . ശ്രീ എ . റ്റി കോവൂർ എന്ന യുക്തിവാദ പ്രമുഖനും എഴുതിയ നിരവധി എഴുത്തുകൾ വായിച്ചിട്ടുണ്ട് . അതിൽ പ്രസിദ്ധമായ ഒന്നാണ്‌ “യഹോവയുടെ നുണകൾ “. എന്നാൽ പിന്നീട് ഇറങ്ങിയ ഒരു പുസ്തകം ആണ് “ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല” എന്നത് . ജീവിച്ചിരുന്നില്ല എന്ന് ബോധ്യമുള്ള യേശുവിന്റെ നുണകൾ തപ്പി നടന്ന യുക്തിവാദികളുടെ “യുക്തിയെ” എങ്ങനെ വിലയിരുത്തണം എന്ന് നിങ്ങൾ തന്നെ തിരിച്ചറിയുക .
ഇപ്പോൾ ഈ വിഡിയോയിൽ എത്ര ബാലിശമായി ബൈബിളിന്റെ രക്ഷാമാർഗത്തെ വിലയിരുത്തുന്നു എന്ന് നോക്കുക . ഒരു ആപ്പിളിന്റെയോ സബര്ജല്ലിയുടെയോ അറ്റം കടിച്ചതിനല്ല ദൈവം മനുഷ്യനെ ശിക്ഷിച്ചത് . വിലക്ക്‌( warning )മറികടന്നതിനാണ് . നിരവധി വാഹനങ്ങൾ ഒഴുകുന്ന നിരത്തുകളിൽ red light കത്തുമ്പോൾ വാഹനം നിർത്തുക എന്നത് നിയമം ആണ് . അത്‌ ജനങ്ങളുടെ സൗകര്യത്തിനും അപകടം ഒഴിവാക്കുന്നതിനും വേണ്ടി ഏർപ്പെടുത്തിയിട്ടുള്ളതാണ് . അത്‌ അവഗണിക്കുന്നവർക്ക് “അവർ ജീവനോടെ ഉണ്ടെങ്കിൽ “ശിക്ഷയും ഉറപ്പാണ് . ഇതിൽ എല്ലാം എത്രയോ വലുതാണ് ദൈവം ചെയ്തത് . തോട്ടത്തിലുള്ള സകലവും നിങ്ങൾക്ക് അനുഭവിക്കാം . നടുക്ക് നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം ഒഴികെ . ആ വിലക്ക് ദൈവത്തിന്റെ വിലക്കാണ് . അതിന്റെ പിറകിലുള്ള ഭവിഷ്യത്തുകൾ നന്നായി അറിയുന്ന ദൈവം മനുഷ്യനെ വിലക്കി . ആ കല്പ്പനയുടെ ലംഘനം ആണ് ഏദനിൽ നടന്നത് . ആപ്പിളിന്റെ അറ്റം കടിച്ചതിനല്ല ദൈവം മനുഷ്യനെ ശിക്ഷിച്ചത് . അതിന് കൊടുത്ത മറുവിലയാണ് “യേശുവിന്റെ ഹൃദയരക്തം “. മനുഷ്യവർഗത്തിന് കാൽവരി കുരിശ് മോചനം പ്രഖ്യാപിച്ചു . എന്നാൽ അത്‌ ഏറ്റെടുക്കേണ്ടത് തിരിച്ചറിവ് വന്ന ഓരോ പാപിയുടെയും ഉത്തരവാദിത്വം ആണ് . അതാണ് ഇന്നും മനുഷ്യൻ പാപിയാണെന്ന് കരഞ്ഞുകൊണ്ട് ദൈവത്തെ വിളിക്കുന്നത് . അത്‌ ഭൂമിയിൽ മനുഷ്യനുള്ളടത്തോളവും അല്ലെങ്കിൽ യേശുവിന്റെ മടങ്ങിവരവ് വരെയും തുടർന്നുകൊണ്ടേയിരിക്കും . ദൈവത്തിന് തെറ്റ് പറ്റുകയില്ല . പകുതി മാത്രം അറിയുന്ന മനുഷ്യനാണ് തെറ്റ് പറ്റുന്നത് . മരണവും നിത്യജീവിതവും ദൈവം മനുഷ്യന് വെച്ചിട്ടുള്ളതാണ് . അത്‌ മറന്നുപോകരുത് .
ദൈവം സഹായിക്കട്ടെ .

തേടിയെത്തുന്ന ദൈവം.

BijuAbrahamAtlanta


മനുഷ്യന്റെ ഉൽപ്പത്തി മുതൽ അവനുമായി നിത്യ സംസർഗം ആഗ്രഹിക്കുന്ന “കരുതൽഉള്ളസത്യദൈവത്തെയാണ്” വിശുദ്ധ ബൈബിൾപരിചയപ്പെടുത്തുന്നത് . ഏദനിൽ അത്‌ നാം കാണുന്നു . മനുഷ്യന്റെ വീഴ്ചയിലും അവനെ തേടി വരുന്ന ദൈവം . സ്വർഗ്ഗ മഹിമകളെ വിട്ട് മനുഷ്യന്റെ വിമോചനത്തിനായി കാൽവറി കുരിശിലേക്ക് താണിറങ്ങുന്ന ദൈവം . മനസ്സിന്റെ സമനില തെറ്റി ശവക്കല്ലറകൾ പാർപ്പിടം ആക്കിയ ഗദര ദേശത്തെ ഭൂത ഗ്രസ്തനെ “തേടിയെത്തി”രക്ഷിക്കുന്ന ദൈവ സ്നേഹം . ജീവൻ നഷ്ട്ടപ്പെട്ട് കല്ലറക്കുള്ളിൽ ഒതുങ്ങിയ ലാസറിനെ ജീവനിലേക്കു മടക്കി വരുത്തുവാൻ ആ സ്ഥലത്തേക്ക്കടന്നുവന്നദൈവസ്നേഹം .ജഡീകാസക്തികളിൽ മതി മറന്ന് ഈ ലോകത്തിനായി ദാഹിക്കുന്ന പാപിനിയായ സ്ത്രീയെ തേടിയെത്തി അവൾക്ക് ജീവന്റെ ജലം നല്കി വീണ്ടെടുത്ത ദൈവം . സമൂഹം പാളയത്തിനു പുറത്തു നിർത്തിയിരുന്ന കുഷ്ട്ട രോഗികൾ , പരസഹായം വേണ്ടിയിരുന്ന പക്ഷവാതക്കാർ , അന്ധന്മാർ , എല്ലാ വൈദ്യന്മാരും കൈവിട്ടിരുന്ന രക്തസ്രവക്കാരി ആയിരുന്ന സ്ത്രീ ……..ഇവരൊക്കെ ഈ ദൈവത്തിന്റെ സ്വാന്തന സ്‌പർശം അനുഭവിച്ച “മനുഷ്യ വർഗ്ഗത്തിന്റെ വിവിധ പ്രതിനിധികൾ “ആണ് . തേടിയെത്തുന്ന ദൈവം .
പുരുഷാരത്തിന്റെ തിരക്കിൽ നമുക്ക് യേശുവിനെ കാണുവാൻ പ്രയാസമാണ് . എന്നാൽ അവനെ കാണുവാൻ കാട്ടത്തി മുകളിൽ കയറിയിരുന്ന സഖായിയെ ദർശിച്ച ദൈവം നമ്മുടെ കുറവ് അറിഞ്ഞു നമ്മെ തേടിയെത്തുക തന്നെ ചെയ്യും . ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ അവൻ അടുത്തുവരും . എങ്ങനെ മുൻപോട്ടു പോകും എന്നറിയാതെ പകച്ചു നിൽക്കുമ്പോൾ ശക്തമായ ചെങ്കടൽ നിനക്ക് മുൻപിൽ രണ്ടായി പിളർന്ന് ഒരു “പുതുവഴി “തെളിഞ്ഞു വരും . ആ വഴി ദൈവ സ്നേഹികൾക്ക് അനുഗ്രഹമാണ് . എന്നാൽ ദൈവനിഷേധികൾക്ക് നാശത്തിന് കാരണവും ആകും . ദൈവത്തെ സത്യമായും അറിയുവാൻ ശുദ്ധ മനഃസാക്ഷിയോടെ അവനെ തിരയുന്നവരെ തേടി എത്തുന്ന സർവശക്തനായ ദൈവം ആണ് യേശുക്രിസ്തു . അവൻ നമ്മെ തേടി വീണ്ടും വരുന്നു . നിത്യ രാജാവായി തന്റെ സഭായാം മണവാട്ടിയെ ചേർത്തുകൊള്ളാൻ .
ഒരുങ്ങി നിൽക്കുന്നവർ ഭാഗ്യശാലികൾ തന്നെ .
ദൈവം സഹായിക്കട്ടെ .