പാപത്തിന്റെ ഭയാനകത🪙

Biju Abraham Atlanta.


പാപി ദൈവത്തിൽ നിന്നും എന്നും അകന്നു മാറും .ഏദനിൽ പാപിയായ മനുഷ്യന് അവൻ നഗ്നൻ ആണെന്ന തോന്നൽ ഉണ്ടായി അവനെ മറക്കുവാൻ ചെടികൾക്ക് ഇടയിൽ അവൻ മറവിടം തേടി . എല്ലാം അറിഞ്ഞുകൊണ്ട് തന്നെ സർവ ജ്ഞാനിയായ ദൈവം ആദി മനുഷ്യനോട് വിളിച്ചു ചോദിച്ചു ” ആദമേ നീ എവിടെ ..?”എന്ന് . മനുഷ്യനോടുള്ള ഈ ചോദ്യം എന്നും ലോകത്തിൽ ലോകാവസാനത്തോളം പ്രതിധ്വനിക്കും .ഞാൻ നിനക്ക് തന്ന “തേജസ്സിന്റെ വിശേഷ വസ്ത്രം “നീ എങ്ങനെ നഷ്ടമാക്കി എന്നാണ് ആ ചോദ്യത്തിന്റെ അർത്ഥം . മനുഷ്യൻ വീണ്ടും ധരിക്കേണ്ടുന്നതും ആ തേജസ്സിന്റെ വസ്ത്രം തന്നെയാണ് . അത് തന്നെയാണ് പുനരുദ്ധാനത്തിൽ സംഭവിക്കുന്നതും .
അബ്രഹാം കൊടുത്ത തുരുത്തിയിലെ വെള്ളം തീർന്നുപോയി എന്നാൽ ദൈവം ഒരു നിലക്കാത്ത ഉറവയാണ് ഹാഗാറിനുവേണ്ടി തുറന്ന് കൊടുത്തത് .ദൈവീക ഉറവകൾ നിലനിക്കുന്നതും , ലോകത്തിന്റെ സമൃദ്ധി തീർന്നുപോകുന്നതും ആണ് .
ഈ ലോകത്തിൽ എന്തു ലഭിച്ചാലും മനുഷ്യന് തൃപ്തി വരികില്ല ….” ഈ ലോകത്തിന്റെ വെള്ളം കുടിക്കുന്നവൻ എല്ലാം ദാഹിക്കും “
സ്വന്ത ഇഷ്ടത്തിനായി പിതാവിന്റെ ഭവനം വിട്ടോടിയ ദൂർത്ത പുത്രന് ലോകം നല്കിയ സന്തോഷം “തീർന്നുപോയി “. ലോകത്തിന്റെ സന്തോഷം അവസാനിച്ചപ്പോൾ അവന്റെ ജീവിതം മൃഗങ്ങൾക്ക് (പന്നി )ഒപ്പമായി . ലോകത്തിന് വേണ്ടത്‌ നിന്റെ ആരോഗ്യവും , നിന്റെ സൗന്ദര്യവും , നിന്റെ സമ്പത്തും , പദവികളും ഒക്കെയാണ് . അത്‌ തീരുമ്പോൾ നിന്നെ മൃഗങ്ങൾക്ക് ഒപ്പമായി മാറ്റി കളയും . അതാണ് ഭൂമിയുടെ അധിപതിയുടെ രീതി . ചാർ ഊറ്റി എടുത്ത കരിമ്പിൻ ചണ്ടി പോലെ നിന്നെ വലിച്ചെറിയും . ലോകം തരുന്ന സ്ഥാനങ്ങളും മാനങ്ങളും ക്ഷണഭംഗുരം ആണ് . എന്നാലോ ദൈവം തരുന്ന സമാധാനം നിത്യവും . ലോകത്തിന്റെ സുഖങ്ങൾ തേടി അലഞ്ഞ ശമര്യ സ്ത്രീ യേശുവിനാല്‍ തിരുത്തപ്പെട്ടു . യേശു നൽകുന്ന ജീവജലത്തിനെ നമ്മുടെ ദാഹം ശമിപ്പിക്കുവാൻ സാധിക്കൂ .യേശുവിന്റെ “ദിവ്യ പ്രഭ “ആത്മകണ്ണാൽ കാണുന്നവർക്ക് “ലോകത്തിന്റെ തിളക്കങ്ങൾ “പൊന്നായി തോന്നുകയില്ല .
ഈ ലോകവും അതിന്റെ പ്രതാപവും അസ്തമിക്കും എന്നാൽ ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ജീവിക്കും .
ദൈവ ഹിതം അറിഞ്ഞു നിത്യ ജീവന്റെ അവകാശി ആകുവാൻ പാപം വിട്ടോടുവാൻ ദൈവം നമുക്ക് കൃപ തരട്ടെ .

ക്രിസ്ത്യാനിത്വം ഒരു മതമല്ല .

Biju Abraham Atlanta.


തന്റെ” മതം “മനുഷ്യനിൽ അടിച്ചേൽപ്പിക്കുവാൻ വേണ്ടിയല്ല യേശു ക്രിസ്തു ഭൂമിയിൽ വന്നത് .മനുഷ്യരുടെ പാപപരിഹാരത്തിനായി അവൻ അപമാന മരണമായ ക്രൂശിൽ കൂർത്തആണികളിൽ തൂങ്ങപെട്ടു . അവന്റെ തലയിൽ അപമാനത്തിന്റെയും , ആക്ഷേപത്തിന്റെയും പ്രതീകമായി ഒരു മുൾകിരീടവും അടിച്ചിറക്കി .
ക്രൂശിക്കപെട്ടതോ ഇരുകള്ളന്മാരുടെ നടുവിലും . അവനെ തള്ളിപ്പറഞ്ഞ , ഒറ്റു കൊടുത്ത , കൂടെ നടന്ന ശിഷ്യർ ഉണ്ട് . എല്ലാവരോടും അവൻ ക്ഷമിച്ചു . എല്ലാം അവൻ സഹിച്ചു . തന്റെ ജീവരക്തം മുഴുവൻ ഇറ്റു വീണു “ആ മഹാ യാഗം ” പൂർത്തിയാക്കി അവൻ ലോകത്തോട് വിളിച്ചു പറഞ്ഞു ” “സകലവും നിവൃത്തിയായി “. ഇനിയും ഒന്നും ബാക്കിയില്ലെന്ന് . വിശ്വസിച്ചാൽ നീ ഇനി അവന്റെ മഹത്വം കാണും എന്ന് .വിശ്വസിച്ചാൽ നിന്റെ ജീവിതത്തിന് ലക്‌ഷ്യം ഉണ്ടാകും എന്ന് .
നിന്റെ പ്രശ്നങ്ങൾക്ക് നീക്കുപോക്ക് ഉണ്ടാകും എന്ന് . നിന്റെ രോഗങ്ങൾക്ക് അവൻ മതിയായ ഗിലാദിലെ വൈദ്യനാണെന്ന് . നിത്യയുഗമായി അവന് ഒപ്പം കഴിയാം എന്ന് .
ഈ ക്രിസ്തു ഭൂമിയിൽ വന്നത് ഒരു മത സ്ഥാപകൻ ആയിട്ടല്ല . അവൻ ലോകത്തെ രക്ഷിക്കുവാൻ വന്നു . അവന്റെ ഉപദേശങ്ങൾ വളച്ചൊടിച് സ്ഥാപിത ലക്ഷ്യങ്ങൾക്കായി മതങ്ങൾ ജനങ്ങളെ പലവിധത്തിൽചൂഷണം ചെയ്യുന്നു എന്നത് അറിയുക . കൈപ്പണിയായതിൽ വസിക്കാത്ത ദൈവത്തിനായി ” അംബരചുംബികളായ ദേവാലയങ്ങൾ” ചമക്കുന്നു . ക്രിസ്തുവോ വെളിയിൽ സാധാരണക്കാരുടെ ഇടയിൽ സേവനം ചെയ്യുന്നു . മുറിവേറ്റവർക്കും , രോഗികൾക്കും , അശരണർക്കും ആലംബഹീനർക്കും അഭയമായി അവൻ കല്ലിലും , മുള്ളിലും ചവിട്ടി എളിയവരിൽ എളിയവനായി നടന്നപ്പോൾ അവന്റെ പിന്തുടർച്ചക്കാർക്ക് ( എന്നഭിമാനിക്കുന്നവർക്ക് ) എങ്ങനെ അത്യാഡംബരത്തിൽ ജീവിക്കാൻ കഴിയും . കള്ളനാണയങ്ങളെ തിരിച്ചറിയുക . യേശുവിന്‌ നിന്റെ “പണമല്ല “വേണ്ടത്‌ നിന്റെ “ഹൃദയമാണ് “വേണ്ടത് . നിന്റെ കഴിവല്ല മറിച് നിന്റെ ഒന്നുമിലാകായ്മയാണ് അവന് വേണ്ടത്‌ . ഗർവിയെ ദൂരത്തുനിന്നറയുന്ന ദൈവം എല്ലാം കാണുന്നു . ആ കണ്ണിന് മുൻപിൽ നിന്റെ നിരൂപണങ്ങൾ പോലും നിർവ്യാജം ആകട്ടെ . പ്രകടനങ്ങളും പ്രഹസനങ്ങളും മാറ്റി വെയ്ക്കൂ . യേശു ഇനിയും നിന്നിൽകൂടി ക്രൂശിക്കപ്പെടരുത് , ആക്ഷേപിക്കപ്പെടരുത് , അവഹേളിക്കപ്പെടരുത് . യേശു രക്ഷകൻ ആണ് . ഒരു മതസ്ഥാപകൻ അല്ലെ അല്ല . അവനെ സ്വീകരിക്കുന്നവർ ഭാഗ്യശാലികൾ .

യേശുവിന്റെ അമ്മ “🕊

Biju Abraham Atlanta.

അടുത്ത ദിവസം ഒരു കത്തോലിക്ക പുരോഹിതൻ നടത്തുന്ന സെമിനാർ വീഡിയോ കണ്ടു . യേശുവിനേക്കാൾവിശുദ്ധ മാതാവിന് പ്രാധാന്യം നൽകുവാൻ അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്യുന്നു .ലോകശാസ്ത്രത്തിൽ മാതാവിനാണ് പ്രാധാന്യം . എന്നാൽ ദൈവശാസ്ത്രത്തിൽ ആല്ഫയും ഒമേഗയും ആയ ( ആദ്യനും അന്ത്യനും ) ആയ യേശു വിന് തന്നെ പ്രാധാന്യം . ദൈവത്തിന്റെ ഒരു “തിരഞ്ഞടുപ്പ്”മാത്രമായിരുന്നു ഒരു വിശുദ്ധ ജീവിതം നയിച്ചിരുന്ന മറിയ .യേശു എന്ന ലോകരക്ഷകൻ ഈ ഭൂമിയിൽ തിരഞ്ഞെടുത്ത ഒട്ടനവധി ആളുകൾ ഉണ്ട് .തന്റെ തിരു പിറവിക്കായി തികച്ചും സാധാരണക്കാരി ആയിരുന്ന മറിയ തിരഞ്ഞെടുക്കപ്പെട്ടു .തന്റെ ശിഷ്യഗണങ്ങൾ ആയി പന്ത്രണ്ട് അപ്പോസ്തോലന്മാർ തിരഞ്ഞെടുക്കപ്പെട്ടു . ഉറ്റ സ്നേഹിതനായി ഒരു ബെഥാന്യയിലെ ലാസർ തിരഞ്ഞെടുക്കപ്പെട്ടു .അങ്ങനെ ദൈവപുത്രന്റെ ഈ ഭൂമിയിലെ വാസത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ അനേകർ ഉണ്ട് .അവരെല്ലാം ദൈവപുത്രനുവേണ്ടി പ്രവർത്തിക്കുന്നത് ബൈബിൾ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട് . എന്നിട്ടും യേശുവിനെ പ്രസവിക്കുവാൻ ദൈവത്താൽ തിരഞെടുക്കപ്പെട്ട മാതാവിന് യേശുവിനേക്കാൾ പ്രാധാന്യം നൽകുവാൻ അദ്ദേഹം വളരെ ശ്രമിക്കുന്നു . വിശൂദ്ധ മറിയ തന്നെ യേശുവിനെ കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക. ….”അപ്പോൾ മറിയ പറഞ്ഞത് എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു .എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു .അവൻ തന്റെ ദാസിയുടെ താഴ്ച്ച കടാക്ഷിച്ചിരിക്കുന്നുവല്ലോഇന്നുമുതൽ എല്ലാ തലമുറകളും എന്നെ “ഭാഗ്യവതി “എന്ന് വാഴ്ത്തും .ശക്തനായവൻ എനിക്ക്‌ വലിയവ ചെയ്തിരിക്കുന്നു . അവന്റെ നാമം പരിശുദ്ധം തന്നെ “(luke 1:46-50). താൻ ആരാണെന്നും തന്റെ ഉള്ളിൽ ഉള്ളത് ആരാണെന്നും അവൾക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു .താൻ ദൈവത്തിൽ നിന്നും “കൃപ”ലഭിച്ചവൾ മാത്രം . ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു “ഭാഗ്യവതി “മാത്രം . യേശുവാണ് എവിടെയും ഉയർന്നു നിൽക്കേണ്ടത് . അവനാണ് ലോകത്തിന്റെ പാപം ചുമന്ന് കാൽവരി ക്രൂശിൽ കയറി മനുഷ്യനും ദൈവവും തമ്മിൽ വന്ന വിള്ളൽ ഇല്ലാതാക്കിയത് .മറിയയെയും മറ്റ് വിശുദ്ധന്മാരെയും ആരാധിക്കുന്നത് . ബൈബിളിന്റെ പ്രമാണങ്ങൾക്ക് തികച്ചും വിരുദ്ധവും ആണ് . വിശുദ്ധ “മറിയയുടെ സ്രെഷ്ട്ടത “അല്ല പ്രത്യുത “ദൈവ കരുണ “ആണ് അവളിൽ വെളിപ്പെട്ടത് .അത്‌ തന്നെയാണ് പുതിയ നിയമ കാലത്തിൽ നമ്മൾക്കും ലഭിക്കുന്നത് . അവന്റെ കൃപയാൽ നാം രക്ഷിക്കപെടുന്നു .ഭാഗ്യവശാൽ ഈ “നല്ല ബോവസിന്റെ വയലിൽ”എത്തുന്നു അത്രമാത്രം . സകല മഹത്വവും രക്ഷകനായ യേശുവിന് മാത്രം . ജനങ്ങൾ വഞ്ചിക്കപ്പെടരുത് .ആരാധനക്ക് യോഗ്യൻ യേശു മാത്രം . ദൈവ സൃഷ്ടികളെ ആരാധനാ പാത്രങ്ങൾ ആക്കുവാൻ വൃഥാപരിശ്രമിക്കുന്നത് തികച്ചും മൗഢ്യം ആണ് .
യോസേഫ് എന്ന യുവാവുമായി വിവാഹ നിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു പാവപ്പെട്ട കന്യക ആയിരുന്നു മറിയ . ദൂതൻ പ്രത്യക്ഷൻ ആയി അവൾ ഗർഭിണി ആയി ഒരു പുത്രനെ പ്രസവിക്കും എന്നറിഞ്ഞ അവൾ അക്ഷരാർത്ഥത്തിൽ തന്നെ അവൾ ഭയപ്പെട്ടു പോയി . ഒരു കന്യക ആയ തനിക്ക് ഇങ്ങനെ സംഭവിച്ചാൽ സമൂഹം എന്ത് പറയും . തന്റെ ഭർത്താവാകുവാൻ പോകുന്ന ആൾ എന്തു പറയും . ആശങ്കകളുടെ ഒരു പ്രവാഹം അവളുടെ മനസ്സിലൂടെ കടന്നു പോയി . നാളുകളായി മക്കളില്ലാതെ അന്നത്തെ സാമൂഹ്യ വ്യവസ്ഥിതികളിൽ നിന്ദ അനുഭവിച്ചുകൊണ്ടിരുന്ന മറിയയുടെ ചാർച്ചക്കാരിയും സെഖര്യാവിന്റെ ഭാര്യയും ആയിരുന്ന എലിസബത്തും ദൈവകടാക്ഷത്താൽ ഒരു ശിശുവിനെ ഉദരത്തിൽ വഹിക്കുന്ന കാലം .ദൈവ പുത്രനെ ഉദരത്തിൽ വഹിച്ചു താൻ എലിസബത്തിന്റെ മുൻപിൽ നിൽക്കുമ്പോൾ എലിസബേത് അവളെ വിളിക്കുന്ന സംബോധന തന്നെ നമ്മളും വിളിക്കണം ” ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭാഗ്യവതി “എന്ന് .
ആരാധനക്ക് യോഗ്യൻ യേശു മാത്രം .

അന്നും സൂര്യൻ ഉദിച്ചു .🌤️

( ചെറു കഥ ) 🔥

Biju Abraham Atlanta.

പകൽ മുഴുവൻ പണിയെടുത്തതിന്റെ ഷീണത്തിൽ കിടന്നുറങ്ങുന്ന ആരെയും അവരുടെ ഉറക്കത്തിന് അൽപ്പം പോലും ഭംഗം വരുത്താതെ നിദ്ര അവർക്ക് താരാട്ടു പാട്ട് പാടി .അവരുടെ നിശാ സ്വപ്നങ്ങൾക്ക് നിറച്ചാർത്ത് കൂട്ടുവാനെന്നോണം “വെള്ളി നക്ഷത്രങ്ങൾ തുന്നി ചേർത്ത നീലാംബര പുതപ്പിൽ “അവൾ അവരെ പുതപ്പിച്ചു .ഇപ്പോൾ അവർ കാണുന്ന സ്വപ്നം ഒരു “വിമോചനത്തിന്റെ സ്വപ്നം”ആണ് .പകലിന്റെ യാഥാർഥ്യങ്ങളിൽ അവർക്ക് സ്വപ്നങ്ങളില്ല . സ്വപ്നം കാണുവാൻ അനുവാദവും ഇല്ല .”അടിമകൾ എല്ലുമുറിയെ പണിയെടുക്കണം “അതാണ് രാജ്യത്തിന്റെ പ്രഖ്യാപിത നിയമം . നമ്മളും മനുഷ്യർ അല്ലെ . ? നമ്മൾക്കും ചിരിക്കുവാൻ അവകാശമില്ലേ ?നമ്മൾക്കും പഠിക്കുവാൻ അവകാശമില്ലേ ? നമ്മൾക്കും നമ്മുടെ കങ്കാണിമാരെപോലെ വിശ്രമിച്ചാൽ എന്താണ് ? പുതുതലമുറയുടെ ചോരത്തിളപ്പിന്റെ വിപ്ലവ വീര്യം ഉണർന്നു . നട്ടെല്ല് വളഞ്ഞ പിതാക്കന്മാരും മാതാക്കളും അവരുടെ വായ് പൊത്തി . അരുത് മക്കളെ അവിവേകം പറയരുത് . നിങ്ങളെപ്പോലെ ശബ്ദം ഉയർത്തിയ അനേകം ചെറുപ്പക്കാർ ഈ മണ്ണിൽ പൊടിഞ്ഞു ചേർന്നിട്ടുണ്ട് . ഒത്തിരി പേർ സിംഹങ്ങൾക്ക് ഭക്ഷണം ആയിട്ടുണ്ട് . പലരെയും പച്ച തുകലിൽ കെട്ടി ജീവനോടെ പൊരിവെയിലിൽ കിടത്തി . കടുത്ത വെയിലിൽ അവരെ കെട്ടി മുറുക്കിയ പച്ച തുകൽ ചുരുങ്ങി ഒതുങ്ങുമ്പോൾ അവരുടെ ശരീരത്തിലെ ഓരോ എല്ലുകളും ഓടിയും . പ്രാണവേദനയാൽ അവർ നിലവിളിക്കുമ്പോൾ മേലാളർ വീണ വായിച്ചു . ദുഃഖ സാന്ദ്രമായ ശോകഗാനത്തിന്റെ അകമ്പടി താളത്തിൽ അവർ ആർത്തുല്ലസിച്ചു . അധികാരവർഗ്ഗത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത ശബ്ദം . ദൈവം പോലും തങ്ങളെ കൈവിട്ടുവോ ? ദയനീയമായ അടിമകളുടെ കരളലിയിക്കുന്ന ചോദ്യങ്ങൾ .അവ ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ പറന്നു നടന്നു . യിസ്രായേലിൽ ജീവിക്കുന്ന ഒരു ദൈവം ഇല്ലേ …..?
അന്നും പതിവുപോലെ സൂര്യൻ ഉദിച്ചു . ഈറൻ മഞ്ഞിന്റെ നനവിൽ തലകുനിച്ചു നിൽക്കുന്ന പനിനീർ പൂക്കളുടെ മൂർദ്ധാവിൽ മൃദുവായി ചുംബിച്ചും , വിറച്ചു തലകുനിച്ചു നിൽക്കുന്ന പുൽ നാമ്പുകൾക്ക് സ്വാന്തന സ്‌പർശം എകിയും സൂര്യൻ തന്റെ യാത്ര തുടർന്നു . ആ പതിവ് യാത്രയിൽ തന്റെ നോട്ടത്തിൽ മതി മറന്ന് നീല നദിയുടെ കുഞ്ഞോളങ്ങൾ ഇളകി ആടി . അരികിലുള്ള ഞാങ്ങണ ചെടികൾ ആർക്കോ താരാട്ടു പാടി . പറന്നു നടന്ന കിളികൾ കളകളാരവം മുഴക്കി .
നീല നദിയുടെ കുഞ്ഞോളങ്ങളിൽ ചാഞ്ചാടി വരുന്ന ഒരു കൊച്ചു പെട്ടകം .ഫറവോന്റെ പുത്രിയും സഖികളും നീന്തി വന്ന് ആ പെട്ടകം വലിച്ചു കരയിൽ ആക്കി . അതിന്റെ മൂടി തുറന്ന അവർ അതിശയത്താൽ നിലവിളിച്ചു .അതിൽ കൈകൾ അനക്കുന്ന ഒരു സുന്ദരനായ കുഞ് . അതിന്റെ മുഖശ്രീ അവരെ അതിശയിപ്പിച്ചു .ഏതോ ഒരു പ്രഭാ വലയം മൂടിയതുപോലെ ഒരു ദിവ്യ സുന്ദരൻ . ……. “വേണ്ട കുമാരി അതിനെ തിരികെ നദിയിലേക്ക് തന്നെ വിട്ടു കളയൂ . കുമാരി ഇത്‌ ആപത്താണ് . യിസ്രായേല്യരുടെ കൂട്ടി ആണിവൻ . അവൻ ജീവിക്കുന്നത് രാജ കൽപ്പനക്ക് എതിരാണ് ” സഖികളുടെ വിലക്കുകൾ അവൾ ശ്രദ്ധിച്ചതേയില്ല . “നിങ്ങൾ ഒന്നും കണ്ടിട്ടില്ല . ഈ സത്യം ഇനി നിങ്ങളുടെ ഉള്ളിൽ എന്നേക്കും ഉറങ്ങിക്കൊള്ളട്ടെ .”ഇവൻ കൊട്ടാരത്തിൽ എന്നോടൊപ്പം വളരും . എന്റെ പുത്രനായി വളരുമ്പോൾ കാലം അവന് അടുത്ത രാജപദവി നൽകില്ലെന്ന് ആർക്കറിയാം ? അത്‌ അവളുടെ തീരുമാനം ആയിരുന്നില്ല . കരഞ്ഞു വിളിക്കുന്ന യിസ്രായേലിൻ ഒരു വിമോചകനെ ആവശ്യം എന്ന് കണ്ട ദൈവംമോശയെ വളർത്തുവാൻ തിരഞ്ഞെടുത്തത് സത്യദൈവത്തെ എക്കാലവും ദുഷിക്കുന്ന ഫറവോന്റെ പുത്രിയെ തന്നെ . അവന്റെ കൊട്ടാരത്തിൽ വളർന്ന് യിസ്രായേലിനെ ഫറവോന്റെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കണം .അതിന് അവൻ ഫറവോന്റെ കൊട്ടാരത്തിൽ തന്നെ വളരണം . ദൈവത്തിന്റെ മനസ്സറിഞ്ഞിട്ടോ എന്തോ ,സൂര്യൻ അന്ന് പതിവിലും ഉന്മേഷവാൻ ആയി തന്റെ യാത്ര തുടർന്നു …. ഈ സത്യ ദൈവത്തിന്റെ മനസ്സറിഞ്ഞവർ ആര് ? മനോഹരവും നിഗൂഢവും ആയ തന്റെ പദ്ധതികൾക്ക് മുൻപിൽ രാജാവെന്നോ , പ്രജയെന്നോ ഭേദമെന്യേ എല്ലാവരെയും വിസ്മയിപ്പിച്ചു തന്റെ രക്ഷാ ദൗത്യം പൂർണമാക്കുന്ന യിസ്രായേലിന്റെ വലിയ ദൈവം എന്നും തന്റെ മക്കൾക്കായി ജീവിക്കുന്നു .

പുതു മഞ്‌ ( കവിത )🍁

Biju Abraham Atlanta.

ശൈത്യത്തിൻ ശക്തി ഏറി വന്നൊടുവിലായ്
പെയ്തിറങ്ങുന്നു ശുഭ്രമാം മഞ്ഞിൻ കണങ്ങൾ കാഴ്ചക്ക് വിരുന്നായി .

എല്ലാ സ്ഥലങ്ങളും , മരങ്ങളും , കുളങ്ങളും കാണുന്നതെല്ലാം മറയ്ക്കുന്നു ആരോ “നന്നായ് വെളുപ്പിച്ച വെളുത്ത പുതപ്പിനാൽ”.

“പാൽപാത്രം “വീണുടഞ്ഞപോലെ , “വെണ്മേഘം “താഴേക്ക് പതിച്ച പോലെ സുന്ദരമായ ഈ “വിസ്താര പന്തലിൽ” വിരുന്നു വന്നെത്തുന്നു “ചന്ദ്രബിംബം “.

നറു നിലാവിന്റെ ചെറുപുഞ്ചിരിയിൽ
പുളകിതരാകുന്നു വെന്മേഘ ശകലങ്ങൾ .

എവിടെയും വെള്ളി തോരണങ്ങൾ കെട്ടിടാൻ ബദ്ധ പ്പെട്ടോടിടുന്നു “വെള്ളി ഉടുപ്പിട്ട നക്ഷത്ര കുഞ്ഞുങ്ങൾ “.

കണ്ണിനു പുളകമായ് ഇത്രയും രമ്യമായി ഈ ഭൂമിയെ ചമച്ച ഈശൻ .

തൻ സൃഷ്ടിയിൻ മകുടമാം മനുഷ്യന് വേണ്ടി ഭാവിയിൽ
കരുതുന്നതെത്ര സ്രേഷ്ടമാകും .

2024 ( കവിത )

Biju Abraham Atlanta.

എന്നും എൻ ഓർമ്മയിൽ മറക്കാതെ നിന്നിടും 2024 എന്ന വർഷം .

സ്നേഹനിധിയാം എൻ പിതാവ് കാനം അച്ചൻ വിടചൊല്ലി പോയ വർഷം .

യേശുവിൻ വാക്കുകൾ ശിരസ്സാ വഹിക്കുവാൻ സ്ഥാനമാനങ്ങൾ താൻ വലിച്ചെറിഞ്ഞു .

ലാളിത്യജീവിതം നയിച്ചു മാത്രുകയായ് നാടെങ്ങും സുവിശേഷത്തിൻ ദീപ്തിയേകി .

ഉത്കൃഷ്ടമാം ദൈവീക ജ്ഞാനത്തിൻ നിറവിലും
അഹങ്കരിച്ചിടാതെ താൻ ഒതുങ്ങി നിന്നു .

ഞാനോ കുറയേണം അവനോ വളരേണം എന്ന ചിന്തയിൽ തന്നെ ഉറച്ചു നിന്നു .

വിവിധ മതഗ്രന്ഥങ്ങൾ പഠിച്ചതിൻ പൊരുളുകൾ ഹൃദയത്തിൽ നന്നായ് സംഗ്രഹിച്ചു .

തർക്കിക പ്രവരരാം സന്യാസിമാരും , ആത്‌മീയ ആചാര്യ നേതാക്കന്മാരും ചേർന്നുയർത്തിയ വാദമുഖങ്ങളെ ചെറു ചിരിയോടെ മടക്കുന്ന എൻ പിതാവിന്റെ മുഖം എന്നും ഓർമയിൽ നിൽക്കും എൻ ശിഷ്ട്ടകാലം .

വീടിന്റെ വരാന്തയിൽ വിവിധ മാധ്യമങ്ങൾക്കായ് പകർന്നു നൽകുന്ന “പുതു സന്ദേശങ്ങൾ “ഇന്നും മുഴങ്ങുന്നെന്റെ കാതിൽ .

ക്രിസ്തീയ ലോകത്തിൽ ഒരു നിറ ദീപമായി നിറഞ്ഞ എൻ പിതാവിനെ എന്നും ഞാൻ ഓർത്തിടും ഓർമ്മകൾ ഉള്ള കാലം .
സ്വർഗീയ കാഴ്ചകൾ നേരിൽ കാണുവാൻ ദൈവം തനിക്കും ഭാഗ്യം ഏകി.
എൻ സോദരിയോടിതു ചൊല്ലിയ നേരം തൻ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി .

മാസങ്ങൾ ചിലത് പിന്നിട്ടു കഴിഞ്ഞപ്പോൾ ദൈവം തന്നെയും വിളിച്ചു ചേർത്തു .

നിത്യ രാജ്യത്തിൻറെ സന്തോഷത്തിലേക്ക് ഒരു നല്ല ഓഹരി ഏറ്റു വാങ്ങാൻ .

ക്രിസ്ത്യാനിയും പ്രോസ്പെരിറ്റിയും .🕊🪴

Biju Abraham Atlanta.

“ഈ ലോകത്തിൽ നിങ്ങൾക്ക് കഷ്ട്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവിൻ “….

ആരും ദുഖവും വേദനയും ആഗ്രഹിക്കുന്നില്ല . രാവിലെ എഴുനേൽക്കുമ്പോഴേ ” ഇന്ന് എനിക്ക്‌ ഒത്തിരി പ്രയാസമുള്ള ഒരു ദിവസം തരണേ എന്ന് ബോധം ഉള്ള ആരും പ്രാർത്ഥിക്കുകയും ഇല്ല .
ദൈവം മനുഷ്യന് സമ്മാനിച്ചത്”കഷ്ടതയും പ്രയാസവും “ഇല്ലാത്ത ഒരു നല്ല ഭൂമി” തന്നെ ആയിരുന്നു . ദൈവം നോക്കി “നല്ലത്”എന്ന് കണ്ട ഭൂമി . മനുഷ്യൻ ദൈവത്തിന്റെ വാക്ക് ധിക്കരിച്ചു പാപത്തിന്റെ ചേറ്റുകുഴിയിൽ മുഖം കുത്തി വീണു . ദൈവം തന്ന സന്തോഷത്തെ നഷ്ട്ടം ആക്കി മാറ്റി . ദൈവത്തോട് അകന്നുപോയ മനുഷ്യന്റെ പാപ കറകൾ കഴുകുവാൻ ദൈവപുത്രന്റെ ചങ്കിലെ ചോര തന്നെ വേണ്ടി വന്നു .”ന്യായപ്രമാണത്തിന് സാധിക്കാത്തത് നിവൃത്തിപ്പാൻ യേശു ഭൂജാതനായി “. സ്വന്തം പ്രവർത്തിയാൽ ആരും ദൈവത്തിന്റെ അടുക്കൽ എത്തുകയില്ല . നമ്മുടെ നന്മ പ്രവർത്തികൾ കറ പുരണ്ട തുണിക്ക് തുല്യം .ദൈവം മനുഷ്യന് രക്ഷപെടുവാൻ വലിയ “വില നല്കി ” ….. അതാണ് ദൈവ കുഞ്ഞാടിന്റെ പരമ യാഗം . ഇനിയും മനുഷ്യൻ പാപിയായി ജനിക്കുന്നില്ല . അതുകൊണ്ട് “ജന്മ പാപം “.എന്ന ഒരു പാപവും ഇല്ല .മുതിർന്നു തിരിച്ചറിവ് ആയതിന് ശേഷം അവനിൽ വന്നു ചേരുന്ന “മുറുകെ പറ്റുന്ന പാപത്തിൽ നിന്നാണ് അവൻ മുക്തൻ ആകേണ്ടതും പ്രതിദിനം നമ്മെ ശുദ്ധീകരിച്ചുകൊണ്ട് ദൈവ സന്നിധിയിൽ കളങ്കമില്ലാതെ നില്കേണ്ടതും . “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ അവരെ തടയരുത് .സ്വർഗ്ഗരാജ്യം ഇങ്ങനെ ഉള്ളവരുടെതല്ലോ “. മനുഷ്യൻ അറിഞ്ഞു തന്നെ അവനിൽ കടന്നു കൂടുന്ന “വിഷ ബീജം “ആണ് പാപം . “മോഹം “ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു . കാണ്മോഹം , ജഡമോഹം , ജീവനത്തിന്റെ പ്രതാപങ്ങൾ …..തുടങ്ങിയവ . മനുഷ്യൻ തിരിച്ചറിവ് പ്രാപിക്കുമ്പോൾ മാത്രമേ അവൻ പാപത്തിൽ വീഴുന്നുള്ളൂ എന്ന് സാരം . അതുകൊണ്ടാണ് പാപം ഇല്ലാത്ത ശിശുവിന് സ്നാനം ആവശ്യം ഇല്ലാത്തതും .തിരിച്ചറിവ് വന്ന മനുഷ്യൻ തന്റെ കുറവുകളെ “അവൻ തന്നെ “. ഏറ്റു പറഞ്ഞു മരണപുനരുദ്ധാനത്തിന് സമാനമായ മുഴുകൽ സ്നാനം സ്വീകരിക്കേണ്ടതും . അത്‌ ദൈവ കല്പനയാണ് . അത്‌ ദൈവീക “നീതിയുടെ നിവർത്തനം” ആണ് . പാപം അറിഞ്ഞിട്ടില്ലാത്ത ,സ്നാനം ആവശ്യം ഇല്ലാത്ത യേശു നാഥൻ മനുഷ്യവർഗത്തിനു മാതൃക ആയി യോഹന്നാന്റെ കയ്യാൽ യോർദാൻ നദിയിൽ സ്നാനം ഏറ്റു ” നീതി ” നിവൃത്തിച്ചു . അതുകൊണ്ടാണ് യേശുവിനെ അനുഗമിക്കുന്നവർക്ക് സ്നാനം ആവശ്യം ആകുന്നതും .

അത്‌ വെറും വെള്ളത്താലുള്ള ഒരു നിമഞ്ജനം അല്ല മറിച്ഛ് “സാത്താനോടും അവന്റെ ആധിപത്യത്തോടും ഉള്ള തിരസ്കരണത്തിന്റെ പരസ്യമായ ഒരു പ്രഖ്യാപനം “ആണ് സ്നാനം .അപ്പോൾ ഉയർന്നു വരുന്ന ഒരു ചോദ്യം ഉണ്ട് . സ്നേഹ നിധിയായ ദൈവം എന്തിന് മനുഷ്യനെ കഷ്ടതയിൽക്കൂടി കടത്തി വിടുന്നു . മനുഷ്യൻ അകപ്പെട്ടു പോയ വലിയ കഷ്ട്ടത്തിൽ നിന്നും അവനെ മോചിപ്പിക്കുകയാണ് ദൈവം ചെയ്യുന്നത് .അത് ആണ് കാൽവരിയിലെ വീണ്ടെടുപ്പ് . അപ്പോൾ കഷ്ടതയോ ? വീണ്ടെടുപ്പ് പ്രാപിച്ചിട്ടില്ലാത്ത ഈ ഭൂമിയിൽ അത്‌ ഉണ്ടാകുക സ്വഭാവികം തന്നെ . കാരണം ഭൂമിയുടെ വീണ്ടെടുപ്പ് നാൾ വരെ അതിന്റെ അധിപതി ദൈവ പ്രതിയോഗി ആണ് . അത്‌ ദൈവ നീതിയുടെ മറ്റൊരു പ്രദർശനം ആണ് . ദൈവ ശാസ്ത്രത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ദൈവ കരുണയുടെ വെളിപ്പെടുത്തൽ .അത്‌ കൊണ്ട് തന്നെ ദൈവത്തിന് വേണ്ടി നിലകൊള്ളുന്നവർക്ക് "ഏറിയ കഷ്ട്ടങ്ങൾ " ഉണ്ടാകും . ദൈവീക ദർശനം നേരിൽ പ്രാപിച്ച അപ്പോസ്തോലനായ പൗലോസ് പോലും തന്റെ കഷ്ടത മാറ്റുവാൻ ദൈവത്തോട് അപേക്ഷിച്ചു . അവന് കിട്ടിയ മറുപടി അനുകൂലം ആയിരുന്നില്ല . " എന്റെ കൃപ നിനക്ക് മതി ; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു ". പിന്നീട് തന്റെ ജീവിതാന്ത്യം വരെയും " ആപത്ത് , വാൾ , കഷ്ടത , നഗ്നത ....എല്ലാം താൻ "സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചു .

ഇന്നത്തെ ആധുനിക അപ്പോസ്തോലന്മാർ പാവങ്ങളുടെ “അദ്ധ്വാനം”സന്തോഷത്തോടെ അപഹരിക്കുന്നു .ഇതാണ് വിത്യാസം .
ഈ ലോകത്തിൽ സമൃദ്ധി വാഗ്ദാനം ചെയ്യുന്നവർ ജനത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത് . അവർക്ക് സമൃദ്ധി നൽകുന്നത് ദൈവം അല്ല മറിച്ഛ് അവർ അറിഞ്ഞോ അറിയാതെയോ പെട്ടിരിക്കുന്ന ഈ ലോകത്തിന്റെ അധിപതിയുടെ കരങ്ങൾ ആണ് . യഥാർത്ഥ ക്രിസ്ത്യാനിക്ക് കഷ്ട്ടങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും .
എന്നാൽ ഒരേ ഒരു വിത്യാസം ദൈവത്തെ ശ്രദ്ധിക്കുവാൻ താൽപ്പര്യം ഇല്ലാതെ ഈ “ലോകത്തിലെ സമ്പത്തിൽ മാത്രം “പ്രിയം വെച്ച ധനവാൻ യാതനാ സ്ഥലത്തു നിത്യമായി കഷ്ടത അനുഭവിക്കുമ്പോൾ ഇവിടെ കഷ്ടപ്പെട്ട ലാസർ നിത്യ സന്തോഷം ” അനുഭവിക്കുന്നു .
ഈ ലോകത്തിലെ താൽക്കാലിക കഷ്ടതകളുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ആത്യന്തിക പ്രതിഫലങ്ങളെ വിശ്വാസകണ്ണാൽ കാണുന്ന ക്രിസ്ത്യാനിക്ക് ഒരുക്കിയിട്ടുള്ളത് ” ഒരു കണ്ണും കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെയും ഹൃദയത്തിൽ നിരൂപിച്ചിട്ടില്ലാത്ത “അഭൗമ സമൃദ്ധിയുടെ നിത്യ കാലങ്ങളെ” മാനസകണ്ണാൽ ദർശിച് “ഭാവികാലം ഓർത്തു പുഞ്ചിരിയോടെ ഈ താൽക്കാലിക കഷ്ട്ടങ്ങളെ അതിജീവിക്കൂ .
അന്തിമ വിജയം നമുക്ക് മാത്രം .

ക്രിസ്തു ദർപ്പണം (കവിത ) 🔆

Biju Abraham Atlanta.


മുഖകണ്ണാടി നോക്കി മിനുക്കിടുന്നു നാം "കാണുന്ന രൂപത്തെ "ഭംഗിയാക്കാൻ .

അകത്തെ മനുഷ്യനെ നോക്കിടുവാൻ എന്തേ നമ്മൾ മറന്നിടുന്നു .

“വചനമാം കണ്ണാടിയിൻ “നന്നായ് തെളിഞ്ഞിടും നമ്മൾ തൻ “തൽസ്വരൂപം “.

ഈ “കണ്ണാടി” നോക്കി മിനുക്കി എടുത്തിടേണം നമ്മുടെ ആത്മമനുഷ്യനെ പ്രതിദിനം നാം .

വചനത്തിൽ മുൻപിൽ വെളിപ്പെടും നമ്മുടെ
ഗുപ്തമാം വീഴ്ചകൾ , പോരായ്മകൾ .

മുറുകെ പറ്റുന്ന എല്ലാ പാപവും തെളിവായി
തെളിഞ്ഞിടും ഈ “ദിവ്യ ദർപ്പണത്തിൽ” .

ഉന്നത ഹൃദയമോ , നിഗളത്തിൻ പ്രൗഢിയോ , ലോക മോഹങ്ങളോ എല്ലാം
വെളിപ്പെടും ഈ “കണ്ണാടിയിൽ” .

“ഞാൻ “എന്ന നമ്മിൽ നിറഞ്ഞു നിൽക്കുന്ന
നമ്മുടെ സ്വരൂപം നന്നേ വെളിപ്പെടും ഈ “കണ്ണാടിയിൽ “.

കുറവുകൾ പോക്കി നമ്മെ സൂക്ഷിച്ചാൽ
തെളിഞ്ഞിടും നമ്മുടെ “നവ്യരൂപം “.

ദൈവീക പ്രഭ തട്ടി ഒളിമിന്നും താരമായ് തിളങ്ങിടും നമ്മുടെ “ആത്മരൂപം” .

അത്ഭുത നക്ഷത്രം .(കവിത )🌟

Biju Abraham Atlanta.

ഈറനണിഞ്ഞ ഇലകളിൽ തട്ടി നറു നിലാവ് അന്ന് പുഞ്ചിരി തൂകി .

നീല വിരിപ്പിൽ തൊങ്ങലായി കൊരുത്ത ചെറു താരകങ്ങൾ കണ്ണു
ചിമ്മി .

രാജാക്കൻമാരുടെ രാജാവെ വന്ദിപ്പാൻ ഒരു “അത്ഭുത നക്ഷത്രം”വിരുന്നു വന്നു .

വിദ്ധ്വാന്മാർ അത്‌ നോക്കി വന്നു .

അത്ഭുതശിശുവെ ദർശിച്ചവർ അത്ഭുതത്താൽ അന്ന് വണങ്ങി നിന്നു .

ദൂതന്മാർ അത്ഭുത ഗാനങ്ങളാൽ മഹാസന്തോഷത്തിൻ മണി മുഴക്കി .

ഇടയന്മാർ ആ ഗാനം ഏറ്റുപാടി .

രാജാധി രാജൻ ജനിച്ചുവല്ലോ .

മാനവകുലത്തിന്റെ രക്ഷകനായി .

വന്നു പിറന്നവൻ ബെത്ലഹേമിൽ .
ഭൂമിയെ മോടിയിൽ ചമച്ചവൻ ഇന്നിതാ വന്നു പിറന്നൊരു കാലിത്തൊഴുത്തിൽ .

“കീറ്റു ശീലയിൻ ആഡംബരത്തിൽ”പൊതിഞ്ഞവർ തൻ “മേനീ ” കാത്തിടുന്നു .

“മാനവ പാപത്തിൻ വിത്തു”മുളച്ചൊരു ഘോരമാം ക്രൂശു മരത്തോടു ചേരുവാൻ “.

പാപം അറിയാത്ത ആ പൊന്മേനി എന്റെ കുടിലമാം പാപത്തിൻ ഭാരം വഹിക്കുവാൻ .

“എൻ പാപമാം മുള്ളുകൾ കൊണ്ടു മെടഞ്ഞതാം മുൾ കിരീടം “ആ തലയിൽ തറയ്ക്കുവാൻ .

ഇരുമ്പു കൊളുത്തുകൾ ചുറ്റി മുറുക്കിയ ചാട്ടവാറിൻ അടിയേറ്റു തകർന്നു വീഴാൻ .

പച്ചമരകുരിശോടു ചേർത്തു തൻ കരങ്ങൾ ആണിയിൽതൂക്കപ്പെടാൻ .

കൂർത്തതാം കുന്തമുനയാൽ ആ വിലാപ്പുറം കുത്തി തുളയ്ക്കപ്പെടാൻ .

പാപം അറിയാത്ത ദൈവപുത്രൻ വന്നു പിറന്നീ ധരണിയിൽ നമുക്കായ് .

സമസ്തലോകത്തിന്റെയും പാപം അകറ്റുവാൻ .

കാൽവരി ക്രൂശിൽ പരിപൂർണ യാഗമായി.

മരണത്തെ ജയിച്ചവൻ വന്നിടുന്നു .

പാപമില്ലാത്തൊരു നിത്യ രാജ്യത്തിൽ .

സ്നേഹത്തിൻ മുത്തം തന്നു നമ്മെ ചേർത്തണയ്ക്കാൻ .

രാജാധി രാജനായി അവൻ വരുന്നു .

തൻ പൊൻ നിണം ഏകി വീണ്ടെടുത്ത പ്രിയയാം കാന്തയെ ചേർത്തീടുവാൻ .

My Master ( poem)🔥

Biju Abraham Atlanta.


My master is great and His words are true.
His profound words echoes my heart like the sweet sound of ocean waves makes an “unknown music “Which never fades away.

I grew up in the lap of a sea where I didn’t have many dreams to dream about.

But one day I heard a strong commanding voice saying “cast your net here “ and found the miracle of “abundance”.

I saw the power and the “assurance of hope” in His eyes.

I saw the “light “so bright in His eyes which can lead me to “a new shore” where I will not be scarce for anything ever more.
I never had to look
back and search for the net and the boat once I left it on the shore.
As I heard the mesmerizing sound of the master I didn’t have a second thought.
“I will make you the fishers of men “
I saw people were running around seeking peace and hope to quench their thirst.
Pleasures of the world can never quench the thirst of “a grieving soul “.

Only my Master can fill your soul with “the living water “which never makes you thirst again.🔥