ജീവിതം ( കവിത )

Biju Abraham Atlanta.

പുഞ്ചിരി തൂകും നറുംനിലാവിന്റെ മോഹനഭംഗിയിൽ പുളകിതയായി പൂത്തുലഞ്ഞു നിശാഗന്ധി .
സന്തോഷത്തിമിർപ്പിൽ മദിച്ചൊരാ പുഷ്പ്പം അറിഞ്ഞില്ല നിലാവിൻ ഭംഗി മറഞ്ഞിടും അതിവേഗം തൻ ആയുസ്സുംഒപ്പം .ശോഭിതയായ് വിരിഞ്ഞു പരിലസിച്ചൊരാ റോസാ കുസുമം എന്തേ അറിഞ്ഞില്ല തൻ മോഹനരൂപം കൊഴിഞ്ഞു പോകും ക്ഷണത്തിൽ ഒരു ചെറു സ്വപ്നം പോലെ . സൗന്ദര്യം പൊലിഞ്ഞിടും , ക്ഷയിച്ചിടും ആരോഗ്യവും , മറഞ്ഞിടും ആയുസ്സും വെറുമൊരു നിഴൽ പോലെ . അഹങ്കരിക്കാൻ എന്തുണ്ട് ഈ ലോകത്തിൽ മനുജാ നീ മറന്നിടല്ലേ നിൻ ജീവിതം വെറും ക്ഷണികം അല്ലെ .
…………….

ഉദയസൂര്യൻ ( കവിത )

Biju Abraham Atlanta.

പൂന്തിങ്കൾ പുഞ്ചിരി തൂകിടുമ്പോൾ

വെൺമഞ്ഞിൻ ശോഭയിൽ കുളിച്ചൊരു രാവിതിൽ

“നക്ഷത്ര കുഞ്ഞുങ്ങൾ” തലപൊക്കി നോക്കുമ്പോൾ .

കോച്ചി വിറക്കുന്ന മരങ്ങളിൽ തിളങ്ങുന്നു
ശിശിരം ഒരുക്കിയ മഞ്ഞിൻ മുകുളങ്ങൾ .

വീടുകൾ , പുഴകൾ തടാകങ്ങൾ എല്ലാം ആ വെള്ളവിരിയുടെ പുതപ്പണിഞ്ഞു .

ഗർവോടെ തലയാട്ടി നിന്നതാം പൂക്കളും
തലതാഴ്ത്തിപുതപ്പിൽ ഒളിചിരുന്നു .

കിലുകിലാ ശബ്ദത്തിൽ പാറി നടന്ന പക്ഷിഗണങ്ങളും എങ്ങോ പോയൊളിച്ചു .

ആരെയും മയക്കുന്ന തൂമഞ്ഞിൻ വെണ്മയിൽ
സകലതും മരവിച്ചു മറഞ്ഞിരുന്നു .

സകലവും തൻ മടിയിലാക്കി “വെൺമഞ്ഞിൻ റാണി “പുഞ്ചിരിച്ചു .

നിദ്ര വിട്ടുണർന്ന ഉദയാർക്കൻ തൻ
കണ്ണുകൾ മെല്ലെ തുറന്നീടവെ .

ഗർവോടെ നിന്ന മഞ്ഞിൻ സുന്ദരി കണ്ണീർ ഒഴുക്കി ഓടി മാറി .

തന്റെ മാസ്മരവലയത്തിൽ ഒതുങ്ങി നിന്ന
പൂക്കളും മെല്ലെ തല ഉയർത്തി .

ഒരു വാക്കും ചൊല്ലാതെ മറഞ്ഞിരുന്ന കുഞ്ഞുകിളികളും ആർത്തുപാടി .

സ്വര്ണപ്പകിട്ടാർന്ന ചിത്രശലഭങ്ങളും
ആനന്ദമോടെ നൃത്തം ആടിയെത്തി .

പാപത്തിൻ മാന്ത്രിക പുതപ്പിനുള്ളിൽ
എത്ര നാൾ നീ മയങ്ങി കിടന്നീടിലും .

നീതി സൂര്യൻ നിനക്കായ് ഉദിച്ചിടുമ്പോൾ
നിൻ ദുഃഖങ്ങൾ എല്ലാം അലിഞ്ഞു പോകും .

ആ ഉദയസൂര്യന്റെ കടാക്ഷമേറ്റു
നീ സന്തോഷമോടെ തല ഉയർത്തും .
ഒരു നവ്യ പ്രഭാതത്തിന്റെ തുടക്കമായി . ...........

ഉറപ്പ്

Biju Abraham Atlanta.

നമ്മളിൽ മിക്കവരും ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ടായിരിക്കാം . വളരെ ചുരുങ്ങിയ സമയം കൊണ്ട് രാജ്യങ്ങൾ പിന്നിടുവാൻ വളരെ സൗകര്യവും ഉണ്ട് . നിലത്തുകൂടി അതിവേഗം ഓടി അന്തരീക്ഷത്തിലേക്ക് കുതിച്ചു പൊങ്ങി ശാന്തമായി മേഘങ്ങളെ താണ്ടി പറന്നു പോകുന്ന ഈ യാത്രകൾ എന്നും വിസ്മയം തരുന്നത് തന്നെ .എന്നാൽ ശാന്തമായി യാത്ര തുടരുമ്പോൾ ചിലപ്പോൾ പൈലറ്റിന്റെ ശബ്ദം മുഴങ്ങും . നമ്മൾ ഇപ്പോൾ ഒരു പ്രകൃതി ക്ഷോഭത്തിൽ ക്കൂടി കടന്നുപോകുന്നു .എല്ലാ യാത്രികരും ഉറപ്പായി സീറ്റ് ബെൽറ്റ് ധരിച്ചു തങ്ങളുടെ സീറ്റിൽ ഇരിക്കുക . വിൻഡോയിൽ കൂടി നോക്കിയാൽ ശക്തിയായി പാറി നടക്കുന്ന കരിമേഘങ്ങളും , മിന്നലും ശക്തിയായി വീശുന്ന കാറ്റിൽ ഉലയുന്ന വിമാനത്തിന്റെ ചിറകുകളും കാണാം .പരിഭ്രാന്തരായ ആളുകൾ മിക്കവരും പേടിച്ചരണ്ട് പ്രാത്ഥിക്കുന്നതും കാണാം . തികച്ചും അപകടം പിടിച്ച സാഹചര്യം തന്നെ .എന്നാലും നമ്മൾ ആ വിമാനം പറത്തുന്ന വൈമാനികനെ വിശ്വസിക്കും . അദ്ദേഹത്തിന്റെ വാക്കുകൾ അനുസരിക്കും . ഈ മേഘങ്ങൾ അകന്നുമാറി നീലിമയാർന്ന ഒരു ആകാശം നമ്മൾ കാണും എന്ന് വിശ്വസിക്കും . ഇത് പോലെയല്ലേ നമ്മുടെ ജീവിത യാത്രയും . ജീവിതത്തിൽ ആകസ്മിക സമയങ്ങളിൽ കരിമേഘം നമ്മെ മൂടി മറച്ചേക്കാം . എന്നാൽ ഒന്നറിയുക . നമ്മെ നയിക്കുന്നവന്റെ ഒരുറപ്പുണ്ട് . ഈ കരിമേഘങ്ങൾ മാറി ഒരു തെളിഞ്ഞ അന്തരീഷം കടന്നുവരും . നമ്മുടെ യാത്ര ശുഭമായി തീരുകയും ചെയ്യും . ഈ ഉറപ്പോടെ ഉള്ള യാത്രയാണ് വിശ്വാസജീവിതം . പ്രതിസന്ധികളെ മറികടക്കാൻ ശക്തനായ ഒരു നായകൻ കൂടെയുള്ളപ്പോൾ ഏത് കുലുക്കവും , ഏത് കൊടുംകാറ്റും , ഏത് അന്ധകാരവും നമ്മൾ മറികടന്ന് ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്യും .

മരണം ( കവിത )

Biju Abraham Atlanta.

നിനച്ചിരിക്കാത്ത നേരത്തു
പതുങ്ങിയെത്തുന്ന ചോരനാണ് മരണം .
സ്നേഹിച്ചു തീരാത്ത സ്വന്ത ബന്ധങ്ങളെ തട്ടിപറിച്ചോടുന്ന മുഖപടമണിഞ്ഞ കൊടും ക്രൂരനാണ് മരണം .
പാത്തും പതുങ്ങിയും എത്തി വിലയേറിയ ജീവനെ കട്ടെടുക്കുന്ന
ക്രൂര മാനസനാണ് മരണം .
ആടി തീരും മുൻപേ
അരങ്ങത്തു നിന്നും നിന്നെ തള്ളിയിടുന്ന വെറും വികൃതിയാണ് മരണം .
ആരുമില്ല എന്നെ തടയുവാൻ എന്ന് കരുതിയ മരണമേ നിനക്ക് തെറ്റി .
നീ ഒരുക്കിയ ഇരുളിന്റെ തടവറ പൊട്ടിച്ചെറിഞ്ഞൊരുവൻ പുറത്തു വന്നു നസ്രായൻ എന്ന നാമം ധരിച്ചവൻ
നിന്റെ അധികാരം എടുത്തെറിഞ്ഞു .
യേശുവിൽ വിശ്വസിക്കുന്നവർക്ക്
ഇനി നിത്യമാം മരണമില്ല നിത്യമാം ജീവിതം അതൊന്നു മാത്രം .
ഹേ മരണമേ നിന്റെ ജയം എവിടെ .

നല്ല ശമര്യക്കാരൻ

Biju Abraham Atlanta.

വിശുദ്ധ ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ള കൊച്ചു കുട്ടികൾക്കുപോലും അറിയാവുന്ന ഒരു കഥയാണ് നല്ല ശമര്യക്കാരന്റേത് . തനിയെ വഴിയാത്ര ചെയ്തിരുന്ന യാത്രക്കാരൻ വഴിമധ്യേ കള്ളന്മാരാൽ ആക്രമിക്കപ്പെട്ടു . മുറിവേറ്റു കിടന്ന അയാളെ കണ്ടിട്ടും കാണാതെ മാറിപോയത് ഒരു പുരോഹിതനും ,ലേവ്യനും ആയിരുന്നു .മനുഷ്യന് സന്മാർഗം ഉപദേശിച്ചു കൊടുക്കുന്നു എന്ന് അഭിമാനിക്കുന്ന ന്യായപ്രമാണത്തിന്റെ പ്രതിനിധികൾ . ദൈവസ്നേഹം പ്രവർത്തിയിൽ ഇല്ല . അത്‌ പള്ളിക്കുള്ളിൽ മാത്രം . സ്വന്തം വർഗ്ഗത്തിൽ പെട്ട ഒരു യഹൂദൻ ആണ് മുറിവേറ്റത് ” അവൻ സ്വന്തമായതിലേക്ക് വന്നു എന്നാൽ അവർ അവനെ അറിഞ്ഞില്ല “.
സാക്ഷാൽ ദൈവപുത്രൻ മരത്തണലിലും , പുഴവക്കത്തും , എല്ലാം വചനം പറയുമ്പോൾ പുരോഹിതരും , സദൂക്യരും , ലേവ്യരും ഒക്കെ അവനെ “തച്ചന്റെ മകൻ ” എന്ന പുച്ഛത്തിൽ കാണുന്നു . മറ്റൊരു രീതിയിൽ പറഞ്ഞാൽ . ജനം ഇന്നും മുറിവേറ്റ് വഴിയോരങ്ങളിൽ കിടക്കുന്നു . ദൈവീക വഴികളുടെ അവസാന വാക്ക് എന്ന് ചിന്തിക്കുന്ന പലരും തങ്ങളുടെ മുഖം പ്രദർശിപ്പിക്കുന്ന പരസ്യ പലകയാൽ മുഖം മറച്ച് മുറിവേറ്റവരെ കണ്ടിട്ടും കാണാതെ പോകുന്നു . കരച്ചിലും ഞരക്കവും കേട്ട് അടുത്ത് വരുന്നത് ഒരു നല്ല ശമര്യക്കാരൻ ആയ യേശു മാത്രം . അവൻ നമുക്ക് വേണ്ടത്‌ എല്ലാം തന്നു , പരിചരണവും , സ്നേഹവും , കരുതലും എല്ലാം . അത്‌ കൊണ്ടും തീരുന്നില്ല .നമ്മൾക്ക് വഴികാട്ടിയായി ആയി പരിശുദ്ധാത്മാവിനെയും ആക്കിയും വെച്ചു . ഇനിയും അവൻ മടങ്ങി വരും എന്ന ഉറപ്പും പറഞ്ഞു . ഇവനാണ് നല്ല ശമര്യക്കാരൻ .എല്ലാവരും കൈവിടുമ്പോൾ , കണ്ടിട്ടും കാണാതെ പോകുമ്പോൾ കനിവ് തോന്നി അടുത്തു വന്ന് നമ്മെ പരിചരിക്കുന്ന ഒരേ ഒരു നല്ല ശമര്യക്കാരൻ .അവൻ വേഗം മടങ്ങി വന്ന് നമ്മെ ചേർത്തുകൊള്ളും .

ക്രിസ്ത്യാനിത്വം ഒരു മതമല്ല

Biju Abraham Atlanta.

തന്റെ” മതം “മനുഷ്യനിൽ അടിച്ചേൽപ്പിക്കുവാൻ വേണ്ടിയല്ല യേശു ക്രിസ്തു ഭൂമിയിൽ വന്നത് .മനുഷ്യരുടെ പാപപരിഹാരത്തിനായി അവൻ അപമാന മരണമായ ക്രൂശിൽ കൂർത്ത അണികളിൽ തൂങ്ങപെട്ടു . അവന്റെ തലയിൽ അപമാനത്തിന്റെയും , ആക്ഷേപത്തിന്റെയും പ്രതീകമായി ഒരു മുൾകിരീടവും അടിച്ചിറക്കി .
ക്രൂശിക്കപെട്ടതോ ഇരുകള്ളന്മാരുടെ നടുവിലും . അവനെ തള്ളിപ്പറഞ്ഞ , ഒറ്റു കൊടുത്ത , കൂടെ നടന്ന ശിഷ്യർ ഉണ്ട് . എല്ലാവരോടും അവൻ ക്ഷമിച്ചു . എല്ലാം അവൻ സഹിച്ചു . തന്റെ ജീവരക്തം മുഴുവൻ ഇറ്റു വീണു “ആ മഹാ യാഗം ” പൂർത്തിയാക്കി അവൻ ലോകത്തോട് വിളിച്ചു പറഞ്ഞു ” “സകലവും നിവൃത്തിയായി “. ഇനിയും ഒന്നും ബാക്കിയില്ലെന്ന് . വിശ്വസിച്ചാൽ നീ ഇനി അവന്റെ മഹത്വം കാണും എന്ന് .വിശ്വസിച്ചാൽ നിന്റെ ജീവിതത്തിന് ലക്‌ഷ്യം ഉണ്ടാകും എന്ന് .
നിന്റെ പ്രശ്നങ്ങൾക്ക് നീക്കുപോക്ക് ഉണ്ടാകും എന്ന് . നിന്റെ രോഗങ്ങൾക്ക് അവൻ മതിയായ ഗിലാദിലെ വൈദ്യനാണെന്ന് . നീ നിത്യയുഗമായി അവന് ഒപ്പം കഴിയാം എന്ന് .
ഈ ക്രിസ്തു ഭൂമിയിൽ വന്നത് ഒരു മത സ്ഥാപകൻ ആയിട്ടല്ല . അവൻ ലോകത്തെ രക്ഷിക്കുവാൻ വന്നു . അവന്റെ ഉപദേശങ്ങൾ വളച്ചൊടിച് സ്ഥാപിത ലക്ഷ്യങ്ങൾക്കായി മതങ്ങൾ ജനങ്ങളെ പലവിധത്തിൽചൂഷണം ചെയ്യുന്നു എന്നത് അറിയുക . കൈപ്പണിയായതിൽ വസിക്കാത്ത ദൈവത്തിനായി ” അംബരചുംബികളായ ദേവാലയങ്ങൾ” ചമക്കുന്നു . ക്രിസ്തുവോ വെളിയിൽ സാധാരണക്കാരുടെ ഇടയിൽ സേവനം ചെയ്യുന്നു . മുറിവേറ്റവർക്കും , രോഗികൾക്കും , അശരണർക്കും ആലംബഹീനർക്കും അഭയമായി അവൻ കല്ലിലും , മുള്ളിലും ചവിട്ടി എളിയവരിൽ എളിയവനായി നടന്നപ്പോൾ അവന്റെ പിന്തുടർച്ചക്കാർക്ക് ( എന്നഭിമാനിക്കുന്നവർക്ക് ) എങ്ങനെ അത്യാഡംബരത്തിൽ ജീവിക്കാൻ കഴിയും . കള്ളനാണയങ്ങളെ തിരിച്ചറിയുക . യേശുവിന്‌ നിന്റെ “പണമല്ല “വേണ്ടത്‌ നിന്റെ “ഹൃദയമാണ് “വേണ്ടത് . നിന്റെ കഴിവല്ല മറിച് നിന്റെ ഒന്നുമിലാകായ്മയാണ് അവന് വേണ്ടത്‌ . ഗർവിയെ ദൂരത്തുനിന്നറയുന്ന ദൈവം എല്ലാം കാണുന്നു . ആ കണ്ണിന് മുൻപിൽ നിന്റെ നിരൂപണങ്ങൾ പോലും നിർവ്യാജം ആകട്ടെ . പ്രകടനങ്ങളും പ്രഹസനങ്ങളും മാറ്റി വെയ്ക്കൂ . യേശു ഇനിയും നിന്നിൽകൂടി ക്രൂശിക്കപ്പെടരുത് , ആക്ഷേപിക്കപ്പെടരുത് , അവഹേളിക്കപ്പെടരുത് . യേശു രക്ഷകൻ ആണ് . ഒരു മതസ്ഥാപകൻ അല്ലെ അല്ല . അവൻ സത്യമായും ഒരു അനുഭവം ആണ് .

നൂൽ പാലം ( കവിത )

Biju Abraham Atlanta.

ഒത്തിരി പറയുവാൻ കൊതിക്കുന്നഹൃദയമോ
മനസ്സിന്റെ ഭിത്തിയിൽ എന്നോ പതിഞ്ഞതാം
നനുത്ത സ്വപ്നങ്ങൾ
ചിറകടിച്ചുയർന്നതോ.

ഗതകാല സ്മരണകൾ വർണ ചായം പൂശിയ ഓർമ്മ തൻ പകിട്ടാർന്ന ഛായാ ചിത്രങ്ങളും .
ആരോ പാടിയ ഒരു സുന്ദര ഗാനത്തിൻ അനുപല്ലവിയും .
എല്ലാം അകലെയായി മറയുന്നു അന്യമായ്

എന്തേ അതെല്ലാം മാഞ്ഞുപോയി .

പറയുവാൻ കൊതിക്കുന്ന വാക്കുകൾ വഹിക്കുവാൻ
നാവിന്നിതെന്തേ ചലിക്കുന്നില്ല .

ഞാൻ ഏറെ ദ്രോഹിച്ചൊരെൻ അരികിൽ വന്നപ്പോൾ കൈകൂപ്പി മാപ്പിനായ് ശ്രമിച്ചിടുമ്പോൾ കൈകൾ മരവിച്ചു തരിച്ചിരുന്നു .

ശക്തിയിൻ പ്രതീകമായി ചുരുട്ടിയ മുഷ്ട്ടികൾ എന്തേ ഇന്നും ഉയരുന്നില്ല .
ഉയർത്തിയ മുദ്രാവാക്യങ്ങൾ എന്തേ ഇന്നുയരുന്നില്ല .

സ്നേഹത്താൽ എന്നരികിൽ വന്നവർക്കേകാൻ ഒരുപുഞ്ചിരി യെങ്കിലും സാധ്യമോ ശ്രമിച്ചു വിഫലമാം ശ്രമത്തിൽ പതറി ഞാൻ കിടക്കവെ .
എന്നുള്ളം
ആസത്യംഎന്നോട്
മന്ത്രിച്ചു .
ജനിക്കുവാൻ ഒരു സമയമുണ്ട്
വളരുവാൻ ഒരു സമയമുണ്ട്
പിച്ചവെയ്ക്കുവാൻ ഒരു സമയമുണ്ട് .
പടർന്നു പന്തലിക്കുവാൻ ഒരു സമയമുണ്ട്
പ്രവർത്തിക്കുവാൻ ഒരു സമയമുണ്ട്
ഉറങ്ങുവാൻ ഒരു സമയമുണ്ട്
ദിവസം തീരും മുൻപായി തീർക്കേണ്ട കാര്യങ്ങൾ ചെയ്യാതിരുന്നാൽ നിനക്കിനി ഉണരുവാൻ ഒരു പുതു പ്രഭാതമുണ്ടോ .
ജനന മരണ സമയത്തിനിടയിലെ വെറും “നൂൽപാലം “അല്ലയോ മനുഷ്യന്റെ ജീവിതം .
അഹങ്കരിക്കുവാൻ എന്തുണ്ടിവിടെ
ശക്തൻമാർ ഏറെ വീണു മറഞ്ഞുപോയി

എത്ര സുന്ദര സ്തൂപങ്ങൾ ഉയർത്തിയ കല്ലറക്കുള്ളിലും കിടക്കുന്നത് “വെറും പൊടി” മാത്രമല്ലേ .

അവിടെ ഉറങ്ങുന്നത്

“മരണം “താരാട്ട് പാടി ഉറക്കിയ വെറും
ശവങ്ങളല്ലേ .

എന്തുണ്ട് മനുഷ്യാ നിനക്കഹങ്കരിക്കാൻ.
ശക്തിയും , ബുദ്ധിയും , സൗന്ദര്യവും
എല്ലാം നിന്നെ വിട്ടകന്നു പോകും .
ആറടിമണ്ണിൻ ഉടമയാകും മുൻപേ
അയച്ചവൻ ഇഷ്ട്ടം ചെയ്യുവാൻ സാധിച്ചാൽ നിശ്ചയം നിൻ ജീവിതം ധന്യമാകും .

വിശുദ്ധ വേദോപദേശത്തിലേക്ക് ചേർന്നു വരൂ .

Biju Abraham Atlanta.

ക്രിസ്തുവിന്റെ അനുധാവനം ചെയ്യുവാൻ ആഗ്രഹിക്കുന്നവരുടെ “നിയമ സംഹിത”കൂടിയാണ് വിശുദ്ധ ബൈബിൾ . അതിലെ പ്രമാണങ്ങൾ ലളിതവും , എന്തുകൊണ്ടും പ്രാവർത്തികമാക്കുവാൻ യോഗ്യവും ആണ് . പിന്നെ എന്തുകൊണ്ട് ക്രൈസ്തവർ വിവിധ നിലകളിൽ ദൈവാരാധന ചെയ്ത് പല കൂട്ടമായി ചിതറുന്നു .സന്തോഷഭരിതമായ ഒരു ജീവിതത്തെ കല്പനാ ലംഘനത്താൽ തകർത്തുകൊണ്ട് മനുഷ്യൻ പാപത്തിന്റെ പടുകുഴിയിലേക്ക് വീണു പോയി . അവൻ മുഖം പൊത്തി കരഞ്ഞു വിളിച്ചു .ഞങ്ങളെ രക്ഷിക്കൂ . ഞങ്ങൾ ചെയ്തതിന് പകരം നിനക്ക് ഹിതമായത് ചെയ്ത് ഞങ്ങൾ നിന്നോട് ചേർന്നുകൊള്ളാം . അതിനുള്ള പ്രമാണങ്ങൾ തരൂ . ഞങ്ങൾ ഏതു യാഗവും ചെയ്ത് ഞങ്ങളുടെ തെറ്റ് തിരുത്തും . അങ്ങനെ മനുഷ്യന് “ദൈവീക ന്യായ പ്രമാണം ” നിയമമായി കിട്ടി .മനുഷ്യന്റെ കഠിന യാഗങ്ങൾ കൊണ്ടുപോലും ദൈവീക സാമീപ്യത്തിന്റെ പരിപൂർണതയിൽ എത്തുവാൻ അവൻ ശ്രമിച്ചു വലയുന്നത് കണ്ട് മനസ്സലിവ് തോന്നി ദൈവം വച്ച “പുതിയ നിയമം” ആണ് ക്രിസ്ത്യാനിയുടെ അടിസ്ഥാനം ആകേണ്ടത് . പുതിയ നിയമം പഴയതിന്റെ ഒരു തുടർച്ച അല്ല മറിച് അത് ഒരു പുതിയ നിയമം തന്നെ ആണ് . സർവയാഗങ്ങൾക്കും അന്ത്യം കുറിച് യേശു ക്രിസ്തു ക്രൂശിൽ യാഗമായി . അവനെ കാണുവാൻ പാപ പരിഹാരത്തിനായി ഇനി ഒരു പുരോഹിതനും യാഗം കഴിക്കേണ്ട . യേശു ഉയർത്തപ്പെട്ട ക്രൂശിൽ പരസ്യമായി നിൽക്കുന്നു . അവന്റെ നിർമല രക്തം നമ്മുടെ ഏത് പാപവും കഴുകി കളയുവാൻ ശക്തമാണ് . അവനിൽ വിശ്വസിക്കുക അത്രമാത്രം . പഴയനിയമ ആരാധനയുടെ തുടർച്ച ആവശ്യമില്ല . കാൽവരിയിൽ പുതിയ നിയമം സ്ഥാപിതം ആയി . ഒരു വിശുദ്ധനും ആരാധനയുടെ മഹത്വം എടുക്കരുത് . ആർക്കും ദൈവത്തിന് വേണ്ടി വിശുദ്ധർ ആകാം . എന്നാൽ അവർ ആരാധനാ പാത്രങ്ങൾ ആകരുത് . യേശു മാത്രം ആരാധനക്ക് യോഗ്യൻ . അവന്റെ നാമം എവിടെയും ഉയർത്തപ്പെടണം . അതിന് പുരോഹിതന്റെ ആവശ്യം ഇല്ല . പ്രത്യേക വേഷ ങ്ങൾ ആവശ്യമില്ല . പുതിയ നിയമ ആരാധനയിൽ ക്രിസ്ത്യാനിക്ക് പഴയ നിയമത്തിന്റെ തുടർച്ച ഒന്നും ആവശ്യം ഇല്ല . ആരാധനക്ക് പ്രത്ത്യേക ആരാധന സ്ഥലങ്ങളുടെ ആവശ്യമില്ല . ” കൈപ്പണിയായതിൽ ദൈവം വസിക്കുന്നില്ല ” നമ്മുടെ ഹൃദയങ്ങളാണ് അവന്റെ ആലയം ആകേണ്ടത് . അടച്ചുകെട്ടിയ ദൈവാലയത്തിനുള്ളിൽ അല്ല ആരാധന വെളിപ്പെടുന്നത് ” തകർന്നും നുറുങ്ങിയും ഉള്ള ഹൃദയങ്ങളെ ” ആണ് അവന് വേണ്ടത്‌ . അവിടെയാണ് ആരാധന വെളിപ്പെടുന്നത് . ആത്മാവാകുന്ന ദൈവത്തെ നമ്മുടെ കർമ്മങ്ങൾ കൊണ്ട് പ്രസാദിപ്പിക്കുവാൻ വിഫലശ്രമം ചെയ്യരുത് .
ഓർത്തഡോക്സ് സഭ തങ്ങളുടെ ആചാരങ്ങളിൽ മാറ്റം വരുത്തുന്നത് തികച്ചും ഉചിതം തന്നെ . വിശുദ്ധ ബൈബിളിന് അന്യമായി നിൽക്കുന്ന എല്ലാ ആചാരങ്ങളും മാറുക തന്നെ വേണം . ക്രിസ്ത്യാനിക്ക് ഒരു പ്രമാണമേ ഉള്ളൂ അത്‌ തെറ്റായി വ്യാഖ്യാനിക്കപ്പെടരുത് . സാക്ഷാൽ ദൈവപുത്രൻ വെളിമ്പ്രദേശങ്ങളിൽ ശിസ്രൂഷിക്കുമ്പോൾ കെട്ടിഉയർത്തിയ ദൈവാലയത്തിൽ ആരാധനയുടെ മണി മുഴങ്ങുന്നു . ഇന്നും ഈ തെറ്റ് ആവർത്തിക്കപ്പെടുന്നു .ക്രിസ്ത്യാനിയുടെ ദൈവം കോടികളുടെ കെട്ടിടങ്ങൾക്കുള്ളിലോ ഉയർത്തപ്പെട്ട മണിമാളികയിലോ അല്ല വസിക്കുന്നത് . അവൻ തെരുവിൽ മുറിവേറ്റു കിടക്കുന്നവരുടെ കണ്ണീർ ഒപ്പുന്ന ദൈവമായി ജനത്തിന്റെ ഇടയിൽ ഉണ്ട് . അവനെ കണ്ടെത്തി ഹൃദയത്തിൽ സ്വീകരിച്ചു ദൈവ പ്രസാദകരായി മാറുന്നവർ ഭാഗ്യമുള്ളവർ തന്നെ .
ദൈവം സഹായിക്കട്ടെ .

വേനൽ മഴ ( കവിത )

Biju Abraham Atlanta.

എത്ര ശ്രമിച്ചാലും കരിമേഘങ്ങൾക്കാവുമോ
ശക്തനാം സൂര്യന്റെ ശക്തിയെ മറക്കുവാൻ .
കലിതുള്ളി നിൽക്കുന്ന
കാർമേഘ പരിഷയെ ആട്ടി അകറ്റിടും കാറ്റും തൻ ശക്തിയാൽ .
ഏറിയ നിരാശയാൽ
കണ്ണീർ പൊഴിക്കുന്നു തോറ്റു മടങ്ങിയ കാർമേഘപാളികൾ .
അവരുടെ കണ്ണീർ തുടക്കുവാൻ ഓടിയെത്തുന്ന സൂര്യകിരണങ്ങൾക്ക് എന്തു ഭംഗി .
കണ്ണീരിൽ തട്ടി അത് പുഞ്ചിരിച്ചിടുന്നു ഏഴ് അഴകുള്ള ഒരു മാരിവില്ലായ് .
പുഞ്ചിരി തൂകുന്ന സൂര്യന്റെ ദൃഷ്ടിയിൽ നിന്ന് ഓടി മറയുന്നു കരിമേഘ കൂട്ടങ്ങൾ .
സൂര്യപ്രഭയാകെ തെളിഞ്ഞങ്ങുയരവെ ഓടിയെത്തുന്നു തൂവാന തുമ്പികൾ .
പറന്നു കളിക്കുന്ന വർണ്ണ ചിറകുകൾ തിളങ്ങുന്നു രമ്യമാം സൂര്യന്റെ പുഞ്ചിരിയിൽ .
കഠിനമാം ദുഖത്താൽ തുളുമ്പിടും നയനങ്ങൾ തിളങ്ങിടും ദൈവത്തിൻ
സ്വാന്തന സ്പർശത്താൽ .
ആ കാർമേഘ പാളികൾക്കുള്ളിലും കണ്ടിടുംഒരു നല്ല നിത്യന്യായത്തിൻ മഴവില്ലു നമ്മൾ .

❤️ദൈവ സ്നേഹം ❤️


Biju Abraham Atlanta

നീല നീല മേഘങ്ങളെ
ഒളി മിന്നും ചെറു താരകങ്ങളെ
പുഞ്ചിരി തൂകും പാൽ ചന്ദ്രികയെ
നിങ്ങളും എന്‍ ദൈവത്തെ വാഴ്ത്തിടുന്നോ

നീല നീല മേഘങ്ങളെ മിന്നും ചെറു താരകങ്ങളെ നിങ്ങളും എൻ ദൈവത്തെ വാഴ്ത്തിടുന്നോ…… (2)

ഉദിച്ചുയരുന്ന സൂര്യന്റെ ശോഭയിൽ
ജ്വോലിച്ചു നിൽക്കുന്നു ദൈവ സ്നേഹം
സ്വാന്തനം പകരുന്ന ചെറുകാറ്റിലും
ഒളിച്ചിരിക്കുന്നു ദൈവ സ്നേഹം .

നീല നീല മേഘങ്ങളെ മിന്നും ചെറു താരകങ്ങളെ നിങ്ങളും എൻ ദൈവത്തെ വാഴ്ത്തിടുന്നോ….. .(2)

എരിയുന്ന വേനലിൽ കുളിർമഴ പെയ്യുമ്പോൾ
അവിടെയും കാണുന്നു ദൈവസ്നേഹം .
കരിമേഘപാളികൾക്കുള്ളിലും വന്നെത്തും
മഴവില്ലിൽ കാണുന്നു ദൈവ സ്നേഹം

നീല നീല മേഘങ്ങളെ മിന്നും ചെറു താരകങ്ങളെ നിങ്ങളും എൻ ദൈവത്തെ വാഴ്ത്തിടുന്നോ ….(2)

തൂമഞ്ഞിൻ തലോടലിൽ
ഇളം കാറ്റിൽ ആടുന്ന
ചെറുപൂവിലും കാണുന്നു ദൈവസ്നേഹം .
ദൈവത്തിൻ സൃഷ്ട്ടികൾ ഒന്നിച്ചുയർത്തട്ടെ
അത്ഭുതം വിരിയുന്ന ദൈവസ്നേഹം

നീല നീല മേഘങ്ങളെ മിന്നും ചെറു താരകങ്ങളെ നിങ്ങളും എൻ ദൈവത്തെ വാഴ്ത്തിടുന്നോ …..(2)