Biju Abraham. Atlanta.
1969 ജൂലൈ 21 ശാസ്ത്രം അതിന്റെ ഉച്ച കോടിയിൽ എത്തിയ നിമിഷം . അപ്പോളോ 11 ഇൽ അമേരിക്കൻ ശാസ്ത്രഞ്ജൻ നീൽ ആംസ്ട്രോങ് ചന്ദ്രന്റെ ഉപരിതലത്തിൽ കാൽ കുത്തി . പ്രശാന്തിയുടെ കടൽ എന്ന് വിളിക്കപ്പെട്ട ആ സ്ഥലത്ത് തന്റെ പാദം ചവിട്ടി താൻ ലോകത്തോട് വിളിച്ചു പറഞ്ഞ വാക്കുകൾ പ്രസിദ്ധമാണ് . “that’s one small step for man . one great leap for mankind “. “ഇവിടെ ചവിട്ടുന്ന പാദങ്ങൾ ഉന്നതിയിലേക്കുള്ള ഒരു കുതിപ്പായിരിക്കും “ശാസ്ത്രം വളർന്നു . നമ്മൾക്ക് ഉപകാരപ്പെടുന്ന അനവധി നേട്ടങ്ങൾ സമ്മാനിച്ചു . അതെല്ലാം സത്യം തന്നെ . എന്നാൽ ശാസ്ത്രത്തിനോ മനുഷ്യന്റെ ചോദ്യങ്ങൾക്കോ ഉത്തരം ഇല്ലാത്ത ഒത്തിരി കാര്യങ്ങൾ ബാക്കി നിൽക്കുന്നു . ഒരു കാര്യം തികച്ചും സത്യമാണ് . മനുഷ്യന്റെ അറിവുകൾക്കും കഴിവുകൾക്കും പരിമിതി ഉണ്ട് . മനുഷ്യൻ എന്നും അസ്വസ്ഥനാണ് . കാരണം മറ്റൊന്നും അല്ല . അവന്റെ സൃഷ്ട്ടാവിൽ നിന്നും നിത്യ സന്തോഷത്തിൽ നിന്നും പാപം അവനെ തകർത്തെറിഞ്ഞു . എന്താണ് പ്രതിവിധി . സൃഷ്ട്ടാവിലേക്ക് മടങ്ങുക . പാപ പങ്കിലമായ ലോകം നിന്റെ ദാഹം ശമിപ്പിക്കില്ല . ശമര്യ സ്ത്രീയോട് കർത്താവ് പറഞ്ഞ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക . “ഈ വെള്ളം കുടിക്കുന്നവൻ എല്ലാം ദാഹിക്കും ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവൻ ഒരുനാളും ദാഹിക്കയില്ല “
ആംഗലേയ ചരിത്രത്തിൽ പ്രസിദ്ധമായ ഒരു ഡ്രാമ ഉണ്ട് ക്രിസ്റ്റഫർ മാർലോ എഴുതിയ “ഡോക്ടർ ഫോസ്റ്റസ് “. ലോകത്തിൽ ഏറ്റവും അറിവ് നേടാൻ ശ്രമിക്കുന്ന ഒരു കഥാപാത്രം . ലോകത്തിൽ ഉള്ള എല്ലാം താൻ പഠിച്ചു . ഫിലോസഫി , സയൻസ് , അസ്‌ട്രോണോമി , അസ്‌ട്രോളജി ……. അങ്ങനെ എല്ലാം . പിന്നെയും ഒടുങ്ങാത്ത ജ്ഞാനത്തിനായുള്ള ദാഹം . അവസാനം തനിക്ക് മനസിലാക്കാത്ത ഒരു മേഖല ഉണ്ടെന്ന് അവൻ അറിഞ്ഞു . “ബ്ലാക്ക് മാജിക് “അഥവാ ദുർമന്ത്രവാദം . താൻ അത് പഠിച്ചു .അതിന്റെ കഠിന പ്രയോഗത്തിൽ സാക്ഷാൽ ലൂസിഫർ അവന് മുൻപിൽ പ്രത്യക്ഷനായി . നിനക്ക് വേണ്ടതെല്ലാം ഞാൻ തരും ഒരേ ഒരു വ്യവസ്ഥ . നിന്റെ മരണശേഷം നിന്റെ ആത്മാവിനെ എനിക്ക് വേണം . ഫോസ്‌റ്റസ് സമ്മതിച്ചു . അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന “നല്ല മാലാഖ “വിളിച്ചു പറഞ്ഞു ഫോസ്റ്റസ് അരുത് ഒരിക്കലും ചെയ്യരുത് . അവനിലുള്ള “തെറ്റിന്റെ പ്രതിരൂപം” വിളിച്ചു പറഞ്ഞു . ഫോസ്റ്റസ് നീ ചെയ്യുന്നതാണ് ശരി നിന്നെ കാത്തിരിക്കുന്ന സുഖങ്ങൾ , സൗഭാഗ്യങ്ങൾ ഒന്നും നീ കാണാതെ പോകരുത് . ഒടുവിൽ തിന്മയുടെ മാലാഖ വിജയിച്ചു . സ്വന്തം രക്തത്തിൽ മുക്കിയ വാചകം ഫോസ്റ്റസ് എഴുതി “അവന്റെ ആത്മാവിനെ ലൂസിഫറിന് വിട്ട് കൊടുക്കുന്ന പ്രമാണം . ” സർവ സന്തോഷങ്ങളും പ്രതാപങ്ങളും ആസ്വദിച്ചു തിമിർത്തു നടന്ന ഫോസ്റ്റസ് കാലങ്ങൾ കടന്നു പോയതറിഞ്ഞില്ല . അവസാനം ലൂസിഫർ എത്തി . നിന്റെ സമയം തീർന്നിരിക്കുന്നു . അലറിക്കരഞ്ഞ ഫോസ്‌റ്റസിനെ സഹായിക്കാൻ ആർക്കും സാധിക്കാതെ ഒരു നിത്യമായ നരകത്തിനായി ഫോസ്റ്റസ് മാറ്റപ്പെട്ടു . ഇത് ഒരു നാടകം എന്നതിൽ ഉപരി മനുഷ്യന്റെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു ഉൽകൃഷ്ട കലാസൃഷ്ടി ആണ് . മനുഷ്യൻ എത്ര ഉന്നതി പ്രാപിച്ചാലും അവന്റെ ആത്മാവിനെ നഷ്ട്ടമാക്കിയാൽ എന്ത് പ്രയോജനം . ലോകം മുഴുവൻ നേടി തന്റെ ആത്മാവിനെ പിശാചിന് തീറെഴുതി കൊടുത്ത ഫോസ്റ്റസ് അവസാനം അലറി കരഞ്ഞു . പക്ഷെ വൈകിപ്പോയി . ജീവ കാലത്തെ നമ്മുടെ പ്രവർത്തിയാണ് നമ്മുടെ നിത്യത തീരുമാനിക്കുന്നത് . “ഒരുവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്നത് നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപികേണ്ടതിന് നാം എല്ലാവരും ന്യായാസനത്തിന് മുൻപിൽ നിൽക്കേണ്ടിവരും” ശാസ്ത്രം എത്ര ഉയർന്നാലും മനുഷ്യന്റെ മനസ്സിന്റെ വേദന മാറ്റാൻ സാധിക്കില്ല .അതിനുള്ള ഏക മാർഗം യേശു നൽകുന്ന ജീവജലം കുടിക്കുക എന്നത് തന്നെ . ദൈവം സഹായിക്കട്ടെ .