Biju Abraham Atlanta.
ലോകാരംഭത്തിൽ മൂന്ന് വ്യക്തികൾ പരസ്പര ബന്ധിതരായിരുന്നു . സൃഷ്ടിതാവായ ദൈവവുംതന്നെആരാധിക്കുകയും,സ്നേഹിക്കുകയും ചെയ്യുന്ന ആദം ഹവ്വ എന്നിവരും .തീർച്ചയായും സ്നേഹത്താൽ ഇഴ ചേർക്കപ്പെട്ട ഒരു “സ്നേഹ പാശം “. ഏദനിലെ വശ്യ മനോഹാരിതയിൽ അവരോടൊപ്പം സമയം ചിലവഴിക്കുന്ന സൃഷ്ടിതാവ് . എന്നാൽ വശ്യമായ ഏദനിലെ മനോഹര ദൃശ്യങ്ങളേക്കാൾ ഹവ്വയുടെ കണ്ണുടക്കിയത് ദൈവം വിലക്കിയ ” വിലക്കപ്പെട്ട കനിയിൽ ” ആയിരുന്നു . അതിൽ പങ്കാളിയായി ആദാമും വീഴുന്നു . അതിന്റെ ഫലമോ അതി കഠിനമായ ലോകാവസാനത്തോളം നിലനിൽക്കുന്ന കഷ്ട്ടതയും ദുഃഖ ദുരിതങ്ങളും “ആത്മമരണവും “. ഏദൻ തോട്ടത്തിന് പുറത്തായ മനുഷ്യൻ എന്നിട്ടും പാഠം പഠിക്കുന്നില്ല . സൃഷ്ട്ടാവിന്റെ മഹത്വം വിളിച്ചു ചൊല്ലി അവനെ സ്നേഹിക്കുവാൻ , കുടുംബ ബന്ധങ്ങളെ ദിവ്യമായി കരുതേണ്ടവർ ഇന്നും അവനെ മറന്ന് ഈ ലോകത്തിന്റെ ക്ഷണികമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാൻ മൂല്യമായ സമയം ചിലവാക്കുന്നു . ഇവിടെ കാണുന്ന മനോഹര പുഷ്പങ്ങൾ കൊഴിഞ്ഞു പോകും . പാശ്ചാത്യ നാടുകളിൽ കാണുന്ന ഒരു മനോഹരമായ കാഴ്ചയുണ്ട് . വസന്ത കാലം കഴിഞ് ശിശിര കാലത്തിലേക്ക് മാറുന്ന പ്രകൃതി . പച്ച ഇലകൾ എല്ലാം മഞ്ഞയും ചുവപ്പും ആയി മാറി കണ്ണുകൾക്ക് കുളിർമ പകർന്ന് നിൽക്കും . എന്നാൽ തുടർന്ന് എന്താണ് സംഭവിക്കുന്നത് ? കണ്ണിന് ഇമ്പമായ ഈ ക്ഷണിക സൗന്ദര്യം “ശരത്കാല കാറ്റിൽ “എങ്ങോട്ടോ പറന്നു പോകും . ഇത് തന്നെ ആണ് മനുഷ്യനും . ത്രസിപ്പിക്കുന്ന സൗന്ദ്യം പുഴു തിന്നും , നിലനിക്കുന്നു എന്ന് നീ കരുതുന്നതൊക്കെ ജീവിതത്തിന്റെ ശരത്കാല കാറ്റിൽ പറന്നകലും . “ഇവിടെ നമുക്ക് നിലനിൽക്കുന്ന നഗരം ഇല്ലല്ലോ “.
നിലനിൽക്കുന്ന സൗന്ദര്യം എവിടെ ? ജീവൻ എന്ന നൂൽ പാലം ഒന്ന് കുലുങ്ങിയാൽ നീ വീഴുന്നത് “മരണം “എന്ന അഗാധ ഗർത്തത്തിലേക്കായിരിക്കും . അതിനാൽ ലോകത്തേക്കാൾ സൃഷ്ട്ടാവിനെ സ്നേഹിക്കൂ . ക്ഷണികമായതിനേക്കാൾ നിത്യമായതിനെ സ്നേഹിക്കൂ . പിശാചിനാൽ ആരും ഇനിയും വഞ്ചിക്കപ്പെടരുത് . വിലക്കപ്പെട്ട “കനികളെ “മനോഹര രൂപത്തിൽ വിൽക്കുവാൻ സാമർഥ്യമുള്ള ഒരു “കള്ളനായ സെയിൽസ് മാൻ “ആണ് പിശാച് . അവന്റെ കുടില പദ്ധതികളെ തിരിച്ചറിഞ്ഞാൽ നമ്മൾ വഞ്ചിക്കപെടില്ല .ലോകവും , പ്രതാപവും അസ്തമിക്കും . എന്നാൽ നില നിൽക്കുന്നത് ദൈവ സ്നേഹവും അവന്റെ കരുതലും മാത്രം .