രക്ഷയും ശിക്ഷയും

Biju Abraham Atlanta.

എന്തുകൊണ്ട് ദൈവം മനുഷ്യനെ ശിക്ഷിക്കുന്നു . ദൈവം സ്നേഹരൂപൻ അല്ലെ ?
സ്നേഹിക്കുന്ന ദൈവത്തിന് എങ്ങനെ അത്‌ സാധിക്കും . പലരെയും വിഷമത്തിൽ ആക്കുന്ന ഒരു ചോദ്യം ആണിത് .ആരും നശിച്ചു പോകാതെ എല്ലാവരും അവനൊപ്പം ചേരണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത് . മനുഷ്യനെ ദൈവം സൃഷ്ട്ടിച്ചത് അവനെ സമ്പൂർണ്ണ സ്വാതന്ത്ര്യത്തിൽ വിശാലമായ ലോകത്തിൽ അല്ലലില്ലാതെ ജീവിക്കുവാൻ വേണ്ടിയാണ് . മനുഷ്യന് സർവ്വസ്വതന്ത്ര്യവും നല്കിയപ്പോഴും അവിടെ ഒരു കൽപ്പന മാത്രം ദൈവം നൽകുന്നു . ഒരു വിലക്ക് മാത്രം . സർവവും സ്വതന്ത്രമായി അനുഭവിക്കുന്ന മനുഷ്യൻ ആ വിലക്കിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ട് അത്‌ പാലിക്കേണ്ടതല്ലേ ?
എന്നാൽ സംഭവിക്കാതിരിക്കണ്ടത് ഇതാ സംഭവിക്കുന്നു . തെറ്റും ശരിയും തിരിച്ചറിയുവാൻ പ്രാപ്തിയുള്ള മനുഷ്യനിൽ ആദിപാപത്തിന്റെ വിത്ത് വീണൂ . അവൻ പാപിയായി ദൈവകൽപ്പന തകർത്തു . കൽപ്പന അനുസരിക്കാത്തവർ ശിക്ഷ അനുഭവിക്കും . അത്‌ ദൈവനീതിയാണ് . കുറ്റം ചെയ്യുന്നവർ ശിക്ഷ അനുഭവിക്കും എന്ന ലോകനീതിക്ക് അടിത്തറയിട്ട ദൈവനീതിയുടെ സത്യമായ വെളിപ്പെടൽ .
ശിക്ഷയും ആയി ദൈവനീതി വാളോങ്ങി നിൽക്കുന്നു . എന്നാൽ ദൈവത്തിന്റെ നിത്യ സ്നേഹത്തിന്റെ അളവുകോൽ കാൽവരിയോളം നീണ്ടു . നശിപ്പിക്കുന്ന പാപകൂമ്പാരത്തിന്റെ മുകളിലേക്ക് പാഞ്ഞൊഴുകിയത് സ്നേഹത്തിന്റെ ഉറവിടമായ യേശുക്രിസ്തുവിന്റെ നിർമല രക്തം . അതാണ് യഥാർത്ഥ ദൈവ സ്നേഹം . ആ വീണ്ടെടുപ്പ് പൂർത്തിയാക്കുവാൻ കർത്താവ് ഇന്നും നമ്മെ വിളിക്കുന്നു . ആരതിന് ചെവിയോർക്കും ?
യേശുവിനെ രക്ഷകനായി ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട് അവൻ മാതൃക കാണിച്ച എല്ലാ കല്പനകളും നമ്മുടെ തികഞ്ഞ മനസ്സോടെ സ്വീകരിക്കുന്നവർ നിത്യ ശിക്ഷയിൽ നിന്നും രക്ഷനേടും . കർത്താവിന്റെ കാഹളം ഏതു നിമിഷവും മുഴങ്ങും . അവനിൽ മാത്രം രക്ഷ .
ദൈവം സഹായിക്കട്ടെ .

Leave a comment