യന്ത്രമനുഷ്യൻ 🤖


Biju Abraham Atlanta.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാകമ്മിറ്റിയുടെ ആദ്യ യോഗം . പുതുതായി എന്തെങ്കിലും ചെയ്യണം എന്ന് പുതിയ സെക്രെട്ടറിക്ക് ഒരു താത്പര്യം . നമുക്ക് എല്ലാം ഉണ്ട് . ആത്മീയത്തിൽ നമ്മൾ അൽപ്പം വീക്കാ . അത് വിട്ടാൽ നമ്മൾ എല്ലാത്തിലും ബെസ്റ്റാ .ഏതായാലും നമുക്ക് ഒരു സ്വയപരിശോധന ചെയ്യുവാൻ സമയം കഴിഞ്ഞു .ശരിയാ നമ്മൾക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ . നമുക്ക് നമ്മുടെ "വിശ്വാസത്തിന്റെ ലെവൽ കാണിക്കുന്ന ഒരു യന്ത്രം" ഉണ്ടാക്കാം . സെക്രട്ടറി മൊഴിഞ്ഞു . "അതൊക്കെ ഒത്തിരി പൈസ ആകുന്ന പരിപാടി ആണേ അൽപ്പം ആത്മീയം കുറഞ്ഞാലും ഇപ്പം അതിനൊന്നും പോകാതിരിക്കുകയാ ബുദ്ധി ". ഈ നമ്മുടെ ബുദ്ധിമുട്ടൊക്കെ ദൈവത്തിന് നന്നായി അറിയുകയും ചെയ്യാം . ഖജാൻജി മൊഴിഞ്ഞു .

അത്‌ വലിയ ചിലവില്ലാതെ ഞാൻ ഉണ്ടാക്കാം ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആയ കമ്മിറ്റി അംഗവും മൊഴിഞ്ഞു . എന്നാൽ അങ്ങനെതന്നെ . ചില ആഴ്ച്ചകൾക്കുള്ളിൽ ‘ഒരു യന്ത്രമനുഷ്യൻ ‘റെഡി . ഇത്‌ എങ്ങനെയാ പ്രവർത്തിക്കുന്നത് ? സംഗതി വളരെ സിമ്പിൾ . ഈ യന്ത്രം ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യമായ ഉത്തരം നൽകിയാൽ യന്ത്രമനുഷ്യന്റെ പച്ചനിറമുള്ള കണ്ണുകൾ പ്രകാശിക്കും . ‘ശരി ‘എന്ന് വിളിച്ചു പറകയും ചെയ്യും . തെറ്റാണെങ്കിൽ തെറ്റാണ് എങ്കിൽ കണ്ണുകൾ ചുവന്ന നിറത്തിൽ പ്രകാശിക്കും . ‘തെറ്റ് ‘എന്ന് നല്ല ഉച്ചത്തിൽ വിളിച്ചും പറയും . നിങ്ങൾക്ക് ലഭിക്കുന്ന പോയിന്റ് അടിസ്ഥാനത്തിൽ നിങ്ങളുടെ വിശ്വാസനിലവാരം അങ്ങനെ അളക്കാം .
എന്നാൽ നമുക്ക് പാസ്റ്ററെ വച്ച് തന്നെ തുടങ്ങാം . അദ്ദേഹമാണല്ലോ നമ്മുടെ നടത്തിപ്പുകാരൻ . ഖജാന്ജിയുടെ കമെന്റ് .
ബുദ്ധിമാനായ പാസ്റ്റർ തിരിച്ചടിച്ചു : “മക്കളെ ഒരു യന്ത്രവും ദൈവം ആക്കിവെച്ച ദൈവ ദാസന്മാരെ അളക്കാൻ ” പുസ്തകത്തിൽ ” പ്രമാണമില്ല . എന്നെ “അളക്കാൻ ” വരുന്നവനെ ദൈവം “ഇളക്കും “. ഹാ അത്‌ വേറെ കാര്യം .അതുകൊണ്ട് മക്കള് വേറെ ആളെ നോക്കിയാട്ടെ . എന്നാ പിന്നെ സെക്രെട്ടറിയെ വച്ചങ്ങു തുടങ്ങാം . എല്ലാവരും കൈയ്യടിച്ചങ്ങു പാസ്സാക്കി .
ചോദ്യം : താങ്കൾ എത്ര നേരം ഇന്ന് പ്രാർത്ഥിച്ചു ?
സെക്രട്ടറി : എല്ലാ ദിവസവും കുറഞ്ഞത് ഒരു അര മണിക്കൂർ എങ്കിലും ഞാൻ പ്രാര്ഥിക്കാറുണ്ട് .ഞാനായിട്ട് അതിന് ഒരു മുടക്കം വരുത്താറില്ല .
യന്ത്രമനുഷ്യൻ : “പച്ച കള്ളം “( കണ്ണുകൾ ചുവന്നു )
സെക്രട്ടറി : ഈ മെഷീന് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ ? ചിലപ്പോ “സമയം“പറഞ്ഞതിൽ വന്ന “വേരിയേഷൻ” ആകാം ഇങ്ങനെ വന്നത് .
ചോദ്യം : നിങ്ങൾ ഈ ആഴ്ച്ച എത്രപേരോട് സുവിശേഷം അറിയിച്ചു?
സെക്രെട്ടറി : ഞാൻ ഉള്ള സത്യം അങ്ങ് പറഞ്ഞേക്കാം . എന്റെ തിരക്ക് കാരണം ഞാൻ ആരോടും യേശുവിനെ കുറിച്ച് പറഞ്ഞില്ല . ഞാൻ എന്റെ കുറവ് പരസ്യമായി സമ്മതിക്കുന്നു . യന്ത്രമനുഷ്യനിൽ പച്ച കണ്ണുകൾ തിളങ്ങി . ” ശരി ഉത്തരം “
അടുത്തത് നമ്മുടെ ഇവാഞ്ചലിസം കോഡിനേറ്റർ ആകട്ടെ .
” അത്‌ പിന്നെ ഞാൻ ഒന്നും രഹസ്യമായി ചെയ്യുന്നില്ലല്ലോ .ഞാൻ ചെയ്യുന്നത് മുഴുവൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ടല്ലോ . എന്റെ ഫോട്ടോ അല്ലെ ഫേസ്ബുക്കിൽ നിറഞ്ഞു നിൽക്കുന്നത് . ഏതെല്ലാം കോൺഫ്രൻസുകൾക്ക് ഞാൻ ചുമൽ കൊടുക്കുന്നു .ആരേലും മരിച്ചാൽ പോലും ഞാൻ മൈക്കിന്റെ മുമ്പിൽ വന്ന് അനുശോചനം പറയും . അത്‌ പിന്നെ സ്ഥാന മോഹി ആണന്നൊക്കെ അസൂയക്കാര് വെറുതെ പറയുന്നതാണ് എന്ന് നിങ്ങൾക്കും അറിയാം . എന്നാലും ചോദിച്ചാട്ടെ ഞാൻ മാറിനിൽക്കുന്നില്ല .
ചോദ്യം : നിങ്ങളുടെ പേര് വലുതാകാൻ നിങൾ ശ്രമിച്ചിട്ടുണ്ടോ?
ഉത്തരം : “അയ്യോ അത്‌ മാത്രം ചോദിച്ചന്നെ വലക്കരുത് . ഞാനായിട്ട് അങ്ങനെ ഒന്നും ചെയ്യുന്നതല്ല . ഈ സ്ഥാനങ്ങൾ ഒക്കെ ആളുകൾ വച്ച് നീട്ടുന്നതല്ലേ എങ്ങനെയാ no പറയുന്നത് . ദൈവം സത്യം അറിയുന്നു .”
യന്ത്രമനുഷ്യൻ : പച്ചക്കള്ളം ( ചുവന്ന കണ്ണുകൾ ഒന്നുകൂടി ചുവന്നു )
നമ്മുടെ ലേഡീസ് കോഡിനേറ്റർ ആകട്ടെ അടുത്തത് ഒരു സഹോദരി വിളിച്ചു പറഞ്ഞു .
അതിനെന്താ അങ്ങനെ ആകട്ടെ .
ലേഡീസ് കോഡിനേറ്റർ : ഞാൻ എന്നെ പറ്റി പുകഴ്ത്തുകയാണെന്ന് കരുതരുത് . എന്റെ കൈ ചെല്ലാത്ത ഏത് മേഖല ഉണ്ട് ? എല്ലായിടത്തും ഞാൻ വേണം . ഞാൻ ഒന്ന് മാറി നിൽക്കണം ആപ്പോഴേ നിങ്ങൾ എന്റെ വില അറിയൂ .
ചോദ്യം : ഒരു പ്രയർ കോർഡിനേറ്റർ ക്കൂടി ആയ സഹോദരി ദിവസം എത്ര നേരം പ്രാർത്ഥിക്കും .?
ഉത്തരം : അത്‌ പിന്നെ കുറഞ്ഞത് പ്രെയർലൈനുകൾ കൂടാതെ നോക്കിയാൽ ചുരുങ്ങിയത് ദിവസവും ഒരു മൂന്ന് മണിക്കൂർ എങ്കിലും ഞാൻ ജാഗരിക്കാറുണ്ട് .
യന്ത്രമനുഷ്യൻ ഒന്ന് ഞരങ്ങി പിന്നെ പിറകോട്ട് മറിഞ്ഞുവീണു .
അയ്യോ എന്തു പറ്റി എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു .
എഞ്ചിനീയർ : അത്‌ ഇതിന് സഹിക്കാവുന്ന കള്ളങ്ങൾക് ഒരു പരിധി ഉണ്ട് . അതിന്റെ ഐ സി വരെ അടിച്ചുപോയന്നാ തോന്നുന്നത് അമ്മാതിരി തള്ള് അല്ലാരുന്നോ . “സംഗതി യന്ത്ര മനുഷ്യനാണെലും അതിനും ഒരു പരിധിയില്ലേ “.
പാസ്റ്റർ : ഒരു കാര്യം വ്യക്തമായി നമുക്ക് എല്ലാം ഒരു മടങ്ങി വരവിന്റെ ആവശ്യം അതിക്രമിച്ചിരിക്കുന്നു . കർത്താവിന്റെ കാഹളം മുഴങ്ങുന്നതിന് മുൻപ് , നമ്മൾ ജീവനോടെ ഇരിക്കുമ്പോൾ തന്നെ നമ്മുടെ കുറവുകൾ ക്രമീകരിച്ചുകൊണ്ട് ജീവിക്കാം .
വരുവാനുള്ളവൻ വരും താമസിക്കയും ഇല്ല .
ദൈവം സഹായിക്കട്ടെ .

Leave a comment