Biju Abraham Atlanta.
ഒരിക്കൽ എങ്കിലും ഈ വാക്കുകൾ അല്ലെങ്കിൽ സമാനമായ അർത്ഥത്തിലുള്ള വാക്കുകൾ ജീവിതത്തിൽ പറയാത്തവരുണ്ടോ ?
ഈ ലോകത്തിൽ വിരിയുന്ന ഓരോ പൂക്കളും മനോഹരങ്ങളാണ് .എന്നാൽ അവയുടെ ഒക്കെ “റാണിയായി “റോസാ പുഷ്പത്തെ വിശേഷിപ്പിക്കാറുണ്ട് . വളരെ ചുരുങ്ങിയ ആയുസ്സ് മാത്രമുള്ള ഈ റോസാ പുഷ്പത്തിന്റെ ‘മാസ്മരിക സൗന്ദര്യവും , ‘അതിന്റെ മനം ഇളക്കുന്ന ‘സൗരഭ്യവും ‘എക്കാലവുള്ള കവികളുടെ വാക്കുകളിൽ ക്കൂടി പുറത്തു വന്നിട്ടുണ്ട് . എന്നാൽ എപ്പോഴെങ്കിലും അതിന് പാത്രീഭവിച്ച ആ പനിനീർ ചെടി കടന്നു പോയ വേദനയുടെ അനുഭവങ്ങൾ ആരെങ്കിലും ഓർക്കാറുണ്ടോ . നന്നായി വളർന്നു വരുന്ന റോസാ ചെടിയുടെ കമ്പുകൾ തോട്ടക്കാരൻ നിർദാക്ഷിണ്യം മുറിച്ചു കളയും .അതിനെ നശിപ്പിക്കാനോ ? ഒരിക്കലും അല്ല . അതൊരു “പ്രക്രിയ “ആണ് . കൂടുതൽ ശക്തിയായി തഴച്ചു വളരുവാൻ കൂടുതൽ പുഷ്പിക്കുവാൻ , കൂടുതൽ പരിമളം പരത്തുവാൻ . മനോഹര പുഷ്പമായി , തലയുയർത്തി നിൽക്കുമ്പോൾ , അഹങ്കരിച്ചു പോകാതിരിപ്പാനോ ചുറ്റും വാളുകൾ ഏന്തിയ പടയാളികളെ പോലെ “മുള്ളുകൾ “കാവൽ നില്കുന്നത് ? ഫലം പുറപ്പെടുവിക്കന്നവർക്ക് നൽകുന്ന രക്ഷാ കവചമായി അല്ലെ ഈ മുള്ളുകൾ ?. നമ്മുടെ ദൈനംദിന ജീവിതത്തിൽ കൂർത്തു നിൽക്കുന്ന മുള്ളുകൾ പോലെ ഉയർന്നുവരുന്ന അനുഭവങ്ങളെ നമ്മെ സംരക്ഷിക്കുന്ന രക്ഷാ വലയമായി അല്ലെ നാം കാണേണ്ടത് ?.ജീവിതത്തിന്റെ കഠിനമായ പരിശോധനയിലും തളരാതെ , പരിഭവം പറയാതെ തോട്ടക്കാരന്റെ കൈകളിൽ നാം സുരക്ഷിതരായിരിക്കും എന്ന ഉറപ്പോടെ നമ്മെ ഏൽപ്പിച്ചാൽ നമ്മുടെ ജീവിതത്തിൽ ഒരു “വസന്തകാലം “വരും .അനേകർക്ക് അതിലുപരി നമ്മെ പാലിക്കുന്ന നല്ല തോട്ടക്കാരന് പരിമളം നൽകുന്ന ഭാഗ്യശാലികളായി നാം മാറും . തീർച്ച . അപ്പോൾ പ്രഭാതമഞ്ഞിന്റെ കുളിർമ അണിഞ് ഉദയസൂര്യന്റെ പൊൻകതിർ തട്ടി ചുറ്റുപാടും സൗരഭ്യം പടർത്തി സന്തോഷത്തോടെ തലയാട്ടി നിൽക്കുന്ന സാഫല്യ ജീവിതത്തിന്റെ ഉടമയായ റോസാ പുഷ്പത്തെപോലെ നാമും പരിലസിക്കുവാൻ ദൈവകരങ്ങളിൽ നമ്മെ താഴ്ത്താം . നമ്മുടെ ആത്മീയ സൗന്ദര്യത്തെ മറച്ചു കളയുവാൻ “ഇരുളിന് “അധികം സമയമില്ല . ഒരു സന്തോഷത്തിന്റെ ഉഷസ് നമ്മെ എതിരേറ്റു വരും . ഉദിച്ചുയരുന്ന പൊൻസൂര്യനെ നമ്മൾ കണ്ട് സായൂജ്യം അടയും തീർച്ച .